|    Dec 17 Sun, 2017 9:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചരക്കു ടഗ്ഗില്‍ കുടുങ്ങിയ ജീവനക്കാരന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം: ഹൈക്കോടതി

Published : 17th November 2016 | Posted By: SMR

കൊച്ചി: ചരക്കു ടഗ്ഗില്‍ നിന്ന് ജോലി മതിയാക്കി മടങ്ങാന്‍ അനുമതി ലഭിക്കാത്തതിനാല്‍ കടലില്‍ കുടുങ്ങിയ ജീവനക്കാരന് മാനുഷിക പരിഗണനയുടെ പേരില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സും വിടുതല്‍ സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് ഹൈക്കോടതി.
മുംബൈയിലെ അഫബിള്‍ ഫിഷറീസ് കമ്പനിയുടെ എം വി ബ്രഹ്മേക്ഷരയെന്ന ടഗ്ഗിന്റെ ചീഫ് എന്‍ജിനീയര്‍ എറണാകുളം ഇടപ്പള്ളി കുന്നുപുറം ശ്രീപാദത്തില്‍ ടി എസ് ശ്രീകുമാര്‍ നല്‍കിയ ഹരജിയിലാണ് കോടതി  ഉത്തരവ്. മാലിദ്വീപില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയ ടഗ്ഗ് ഇന്ധന ക്ഷാമം മൂലം കഴിഞ്ഞ ഡിസംബറില്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. എന്നാല്‍, മുഴുവന്‍ ശമ്പളവും നല്‍കാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നതിനാല്‍ കപ്പല്‍ കമ്പനി ഹരജിക്കാരന്റെ ഡ്യൂട്ടി അവസാനിപ്പിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. മര്‍ച്ചന്റ് ഷിപ്പിങ് നിയമമനുസരിച്ച് വിദേശത്തു നിന്ന് മടങ്ങിയെത്തിയ കപ്പലിലെ ജീവനക്കാര്‍ക്ക് ഡ്യൂട്ടി മതിയാക്കി കരയ്ക്കിറങ്ങാന്‍ ഫോറിന്‍ റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്ന് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കണം. ഇതിന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ജോലി ഉപേക്ഷിച്ചാല്‍ നിയമപ്രകാരം  ഒളിച്ചോടിയ ജീവനക്കാരനായി കണക്കാക്കുമെന്നും ഇതു ഭാവിയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു.
ടഗ്ഗിന്റെ  ക്യാപ്റ്റനും അഞ്ച് ജീവനക്കാര്‍ക്കും കമ്പനി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നിട്ടും തനിക്ക് വിടുതല്‍ ലഭിക്കാതെ വന്നതോടെ ഹരജിക്കാരന്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും കമ്പനിയധികൃതര്‍ കോടതിയില്‍ ഹാജരാവാനോ ഉത്തരവു പാലിക്കാനോ തയ്യാറായില്ല. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss