|    Jul 17 Tue, 2018 11:10 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ചരക്കുസേവന നികുതി വരുമ്പോള്‍

Published : 19th October 2016 | Posted By: SMR

slug-economyപാര്‍ലമെന്റിന്റെ ഒടുവിലത്തെ സമ്മേളനമാണ് ചരിത്രപ്രധാനമായൊരു ഭരണഘടനാ ഭേദഗതിക്കു വേദിയായത്. 122ാം ഭരണഘടനാ ഭേദഗതിക്കായുള്ള ഈ ബില്ല് ഇന്ത്യക്കാകെ ബാധകമാവുന്ന ചരക്കുസേവന നികുതി(ജിഎസ്ടി)യുമായി ബന്ധപ്പെട്ടതാണ്. 1991നുശേഷം നികുതിസംബന്ധമായ ഏറ്റവും സുപ്രധാനമായൊരു നിയമഭേദഗതിയാണിത്. ഭരണഘടനയുടെ 101ാം ഭേദഗതിയിലൂടെയാണ് പുതുക്കിയ നികുതി നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതിന്റെ ലക്ഷ്യങ്ങള്‍ പലതാണ്: ഒന്ന്, മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഒരു ‘യൂനിറ്ററി’ വിപണി ഏര്‍പ്പെടുത്തുക. രണ്ട്, കൈമാറ്റ ചെലവുകളും തന്ത്രപ്രധാനമായ മറ്റു ചെലവുകളും കുറയ്ക്കുക. മൂന്ന്, നികുതിവല വിപുലീകൃതമാക്കുക. നാല്, നിക്ഷേപവും സാമ്പത്തിക വളര്‍ച്ചയും ത്വരിതപ്പെടുത്തുക.
രസകരമായ വസ്തുത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുമാറ്റമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അക്കാലത്തൊക്കെ ജിഎസ്ടി ബില്ലിനെ എതിര്‍ക്കുകയായിരുന്നു. ഏതായാലും പ്രധാനമന്ത്രി എന്ന നിലയില്‍ ഈ നിയമത്തെ തുടര്‍ന്നും എതിര്‍ക്കാന്‍ നിര്‍വാഹമില്ലല്ലോ. കാരണം, ഇതിനൊരു ബദല്‍ നിര്‍ദേശിക്കാന്‍ കഴിയില്ലെന്നതു തന്നെ. ലോക്‌സഭയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഈ നിയമനിര്‍മാണം നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെന്തെന്ന് തെൡയിക്കുന്നു. ബഹുഭൂരിഭാഗം രാഷ്ട്രീയപ്പാര്‍ട്ടികളും സംസ്ഥാനങ്ങളും ഇതിനെ അനുകൂലിക്കുകയാണ്. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ നിലവിലിരിക്കുന്ന നിരവധി നികുതികള്‍ കണക്കിലെടുക്കുമ്പോള്‍, ഒരു ഏകീകൃത പരോക്ഷനികുതി എന്ന ആശയം വലിയൊരു വെല്ലുവിളി തന്നെ എന്നതില്‍ സംശയമില്ല. ഈ ഒറ്റനികുതി വ്യവസായം യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയിലെ ഏറക്കുറേ മുഴുവന്‍ സംസ്ഥാനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും സമവായത്തിലെത്തി എന്നതും പ്രശംസനീയമാണ്. രാജ്യപുരോഗതിക്ക് ആവശ്യമായ ഊര്‍ജം പകര്‍ന്നുനല്‍കാന്‍ പുതിയ നികുതിവ്യവസ്ഥ സഹായകമാവും.
ഇതെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ ജിഎസ്ടിയുടെ മുന്നോട്ടുള്ള യാത്ര അത്രകണ്ട് സുഖകരമോ സുഗമമോ ആയിരിക്കുമെന്നു തോന്നുന്നില്ല. ഒരു നിശ്ചിത സമയപരിധിക്കകം പുതിയ നികുതിയുടെ വ്യവസ്ഥകള്‍ പാലിക്കുക എന്നത് ശ്രമകരമായൊരു അഭ്യാസവുമായിരിക്കും. ആദ്യനടപടിയായി ഒരു ജിഎസ്ടി കൗണ്‍സിലിന്റെ രൂപീകരണം നടക്കണം. ഈ കൗണ്‍സിലിന്റെ വ്യവസ്ഥകള്‍ അടങ്ങിയ വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഈ കൗണ്‍സിലായിരിക്കും നികുതിനിരക്കുകള്‍ നിര്‍ണയിക്കുക. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സമഗ്രമായി ബാധിക്കുന്ന, മാക്രോ ഇക്കണോമിക് സ്വഭാവമുള്ള ഒരു നിരക്കെന്ന നിലയില്‍ നികുതിനിരക്കു നിര്‍ണയം സുപ്രധാനമായ ഒന്നാണ്. ജിഡിപി നിരക്ക്, പണപ്പെരുപ്പം, ധനകാര്യ സ്ഥിതിഗതികള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ ബാധിക്കും. സാധാരണക്കാരന്റെ നിത്യജീവിതത്തെ, തൊഴില്‍ ലഭ്യതയെയും വരുമാനത്തെയും ആഭ്യന്തര-വിദേശ വ്യാപാരത്തെയും പുതിയ നികുതി നേരിട്ടു തന്നെ ബാധിക്കും. സങ്കീര്‍ണമായ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇതത്ര നിസ്സാരമായി കാണരുത്.
മോദി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവായ ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ അധ്യക്ഷനായ സമിതി 2015 ഡിസംബറില്‍ നികുതിനിരക്കു സംബന്ധമായൊരു റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. ‘റവന്യൂ ന്യൂട്രല്‍ റേറ്റ്‌സ് ഫോര്‍ ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ്’ എന്ന പേരാണ് ഈ റിപോര്‍ട്ടിന് നല്‍കിയിരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേതായി നിലവിലുള്ള വിവിധതരം നികുതികളെയും നികുതിനിരക്കുകളെയും പറ്റി വിശദമായ പഠനം നടത്തിയതിനുശേഷമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിവരുമാന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായ റവന്യൂ ന്യൂട്രല്‍ നിരക്കിന് രൂപംകൊടുത്തത്. നികുതിനിരക്കുകള്‍ 11.6 ശതമാനം മുതല്‍ 17.7 ശതമാനം വരെ എന്ന തോതിലായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ഇതേപ്പറ്റി വിശദമായ പഠനത്തിനുശേഷമാണ് സമിതി നീതിയുക്തമായൊരു റവന്യൂ ന്യൂട്രല്‍ നിരക്ക് 15-15-15 ശതമാനം എന്ന നിലയിലായിരിക്കണമെന്ന് ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഎസ്ടി വ്യവസ്ഥയില്‍ സ്റ്റാന്‍ഡേര്‍ഡ് നിരക്ക് പരമാവധി 17-18 ശതമാനവും കുറഞ്ഞ നിരക്ക് 12 ശതമാനവുമായും നിജപ്പെടുത്താവുന്നതാണ്. അവശ്യവസ്തുക്കള്‍ക്കായിരിക്കും ഈ കുറഞ്ഞ നിരക്കായ 12 ശതമാനം ബാധകമായിരിക്കുക. അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ചില അവശ്യ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഈ നിരക്കില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഈ നിരക്കുകളാണ് ‘മെറിറ്റ് റേറ്റ്,’ ‘ഡീമെറിറ്റ് റേറ്റ്’ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. അതേസമയം, ഈ ഡീമെറിറ്റ് നിരക്കുകള്‍ ഏതായാലും അവ 18 ശതമാനമെന്ന പരമാവധി നിരക്കില്‍ ഒതുങ്ങിനില്‍ക്കണം. നിരക്ക് ഈ നിലയിലാണെങ്കില്‍, ജിഎസ്ടി സംവിധാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസ്ഥിതിയെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നാണ് വാദഗതി. അഥവാ എന്തെങ്കിലും നഷ്ടം നേരിട്ടാല്‍ വരുന്ന അഞ്ചുവര്‍ഷത്തേക്ക് ഈ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തുകയും ചെയ്യും.
രണ്ടാമത്തെ പ്രതികൂലഘടകമായി അനുഭവപ്പെടാനിടയുള്ളത്, പുതിയ നികുതി ചരക്കുകളുടെയും സേവനങ്ങളുടെയും വിലനിലവാരത്തെ ബാധിക്കുമെന്നതിനാല്‍ പണപ്പെരുപ്പത്തിന് വഴിയൊരുക്കാനിടയുണ്ട് എന്ന ആശങ്കയാണ്. ഉപഭോക്തൃ ഡിമാന്‍ഡില്‍ തന്‍മൂലം ഇടിവുണ്ടാകാം. ഉദാഹരണത്തിന്, സേവനനികുതി നിരക്ക് ഇപ്പോള്‍ 15 ശതമാനമാണല്ലോ. ഇതാണ് 18 ശതമാനം വരെ ആയി ഉയര്‍ന്നേക്കാമെന്ന സാധ്യത ഉദിക്കുന്നത്. ഇതേത്തുടര്‍ന്ന് ഉപഭോക്താക്കളെ സംബന്ധിച്ച് ജിഎസ്ടി ഒരു തിരിച്ചടി ആയിരിക്കുമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ അവരെ കുറ്റപ്പെടുത്തേണ്ടതില്ല. അതോടെ ഉപഭോക്താക്കളെ സഹായിക്കുന്ന ഒന്നാണ് ജിഎസ്ടി എന്ന പ്രതിച്ഛായ നഷ്ടപ്പെടുകയും ചെയ്യും. സ്വാഭാവികമായും പുതിയ നികുതിബാധ്യതയില്‍ നിന്നു തലയൂരാന്‍ പരമാവധി ശ്രമം ഉണ്ടാവുമെന്നതും ഒരു ഉറച്ച സാധ്യതയാണ്. ഈ സാധ്യത മറികടക്കാന്‍ സത്യസന്ധരായ നികുതിദായകര്‍ക്ക് പ്രത്യേക പ്രോല്‍സാഹനങ്ങള്‍ നല്‍കണം.
ഒരുവശത്ത് നികുതി കൃത്യമായി ഒടുക്കുന്നവര്‍ക്ക് പ്രത്യേക പ്രോല്‍സാഹനങ്ങള്‍ നല്‍കണം. എന്നാല്‍ ഇതിലൂടെ  റവന്യൂ വരുമാനനഷ്ടം സംഭവിക്കാമെന്നത് സ്വാഭാവികമാണ്. ജിഎസ്ടിയെ വിമര്‍ശിക്കുന്നവര്‍ ഈ ഘട്ടത്തില്‍ ഉന്നയിച്ചേക്കാവുന്നൊരു ചോദ്യം, നികുതിവര്‍ധനയെന്ന ചീത്തപ്പേരിനു പുറമെ, നികുതിവരുമാന നഷ്ടവും കൂടി ഏറ്റെടുക്കേണ്ടിവരുന്നൊരു പരിഷ്‌കാരം ആര്‍ക്കുവേണ്ടി എന്നതാണ്. ഇന്നത്തെ നിലയില്‍ ഇതിനു തൃപ്തികരമായൊരു വിശദീകരണം ഇതുവരെ ഉണ്ടായിട്ടുമില്ല.
മൂന്നാമത്തെ പ്രതിബന്ധം, ഉയര്‍ന്ന ജിഎസ്ടി നിരക്കുകള്‍ വരുത്തിവയ്ക്കാനിടയുള്ള പണപ്പെരുപ്പത്തിന്റെയും വിലവര്‍ധനയുടെയും സാഹചര്യങ്ങളാണ്. പണപ്പെരുപ്പവും വിലവര്‍ധനയും സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും. ഉയര്‍ന്ന പണപ്പെരുപ്പമെന്ന പ്രതിഭാസത്തില്‍ നിന്നു സമ്പദ്‌വ്യവസ്ഥ ഒരു പരിധിവരെയെങ്കിലും രക്ഷപ്പെട്ടുവരുന്നതേയുള്ളൂ. പണപ്പെരുപ്പം ഏല്‍പിച്ച ആഘാതത്തിന്റെ ഫലമായി നിക്ഷേപമേഖല മൊത്തത്തില്‍ പ്രതിസന്ധിയിലുമായിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ വീണ്ടും പണപ്പെരുപ്പത്തിന്റേതായൊരു അന്തരീക്ഷം സമ്പദ്‌വ്യവസ്ഥയ്ക്കാകെ തന്നെ അപകടം വരുത്തിവയ്ക്കും. ഇക്കാരണത്താല്‍ തന്നെ സ്റ്റാന്‍ഡേര്‍ഡ് നികുതിനിരക്ക് 18 ശതമാനത്തില്‍ ഒതുക്കിനിര്‍ത്താനായാല്‍ പണപ്പെരുപ്പം പ്രതിരോധിക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ ഡിമാന്‍ഡ് ഇടിവു വരാതെ സംരക്ഷിച്ചു നിലനിര്‍ത്താനുമാകും എന്നാണ് ജിഎസ്ടിക്ക് അനുകൂലമായ വാദം. വ്യവസായമേഖലയെ സംബന്ധിച്ചാണെങ്കില്‍ ആഗോളതല മല്‍സരം ഫലപ്രദമായി നേരിടാന്‍ 18 ശതമാനം സ്റ്റാന്‍ഡേര്‍ഡ് നികുതി നിരക്ക് ഏറെ ഗുണകരമാവും.
അരവിന്ദ് സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപോര്‍ട്ട് പരിശോധിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുക, നിലവിലുള്ള മൂല്യവര്‍ധിത നികുതിനിരക്കുകള്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 16.8 ശതമാനം വരെയാണെങ്കില്‍ നവ സമ്പന്ന വിപണിവ്യവസ്ഥാ രാജ്യങ്ങളിലേത് 14.2 ശതമാനവും ചൈന, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിലേറെയോ ആണെന്നാണ്. സ്വാഭാവികമായും വിദേശരാജ്യങ്ങളുമായി വ്യാപാര മല്‍സരത്തില്‍ വിജയം കണ്ടെത്താന്‍ ഇന്ത്യയിലെ നികുതിവ്യവസ്ഥയും നികുതി നിരക്കുകളും ഇവയോട് കിടപിടിക്കാന്‍ പര്യാപ്തമായ വിധത്തിലായിരിക്കണമല്ലോ. കയറ്റുമതി വികസനത്തിനും തൊഴിലവസര വര്‍ധനയ്ക്കും മറ്റു പോംവഴികളില്ല. ഈയൊരു പശ്ചാത്തലത്തില്‍ വേണം ജിഎസ്ടി നിരക്കുനിര്‍ണയത്തിന് അന്തിമരൂപം നല്‍കാന്‍. കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നു പറയുന്നതുപോലെ ആവരുത് സ്ഥിതിഗതികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss