|    Oct 17 Wed, 2018 3:05 pm
FLASH NEWS

ചരക്കുലോറിക്ക് പിന്നില്‍ ലോറിയിടിച്ച് അഞ്ചുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

Published : 9th September 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡില്‍ വീണ്ടും അപകടം. കഴിഞ്ഞ രാത്രിയും ഇന്നലെ രാവിലെയുമായി നടന്ന മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴോടെ പെരുമ്പാടി തടാകത്തിന് സമീപം ചരക്കുലോറിക്ക് പിന്നില്‍ മറ്റൊരു ചരക്കുലോറിയിടിച്ചാണ് അഞ്ചുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടത്. ആന്ധ്രയില്‍നിന്ന് കണ്ണൂരിലേക്ക് അരിയുമായി വരികയായിരുന്ന ലോറികളാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ വീരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ മുന്നിലെ ലോറി പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പിന്നിലെ ചരക്കുലോറി മുന്നിലെ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലെ ലോറി കുഴിയിലേക്ക് ചെരിഞ്ഞ് റോഡിന് കുറുകെ നില്‍ക്കുകയും പിന്നിലെ ലോറിയുടെ മുന്‍ഭാഗം നിശ്ശേഷം തകരുകയും ചെയ്തു. അപകടം നടന്ന റോഡിന്റെ ഇരുഭാഗങ്ങളിലും വന്‍ കുഴിയും വീതിക്കുറവുമായതിനാല്‍  ഇരുചക്ര വാഹനങ്ങള്‍ക്കൊഴികെ മറ്റൊരു വാഹനത്തിനും കടന്നുപോവാന്‍ കഴിഞ്ഞില്ല. വീരാജ്‌പേട്ടയില്‍നിന്ന് പോലിസും അഗ്നിശമനാ വിഭാഗവും ഏറെ ശ്രമിച്ചിട്ടും ഇരുലോറികളെയും മാറ്റാന്‍ കഴിഞ്ഞില്ല. റോഡിന്റെ ഇരുഭാഗങ്ങളിലുമായി മൂന്നു കിലോമീറ്ററോളം ദൂരം വാഹനങ്ങലുടെ നീണ്ട നിര ദൃശ്യമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കൊടും വനത്തിനുള്ളിലെ റോഡില്‍ ഏറെനേരം കഴിയേണ്ടിവന്നു. 11ഓടെ ക്രെയിനുപയോഗിച്ച് ലോറി അല്‍പം നീക്കിയതിന് ശേഷം ചെറിയ വാഹനങ്ങള്‍ കടന്നുപോവാന്‍ സൗകര്യമൊരുക്കി. ഉച്ചയ്ക്ക് ഒന്നോടെ ഇരുലോറികളും ക്രെയിന്‍ ഉപയോഗിച്ച് വലിച്ചുമാറ്റിയതിന് ശേഷമാണ് വലിയ വാഹനങ്ങള്‍ കടന്നുപോയത്. പെരുമ്പാടി ഹനുമാന്‍ ക്ഷേത്രത്തിന് സമീപം നിയന്ത്രണംവിട്ട ട്രാവലര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. വീരാജ്‌പേട്ടയില്‍നിന്ന് കൂട്ടുപുഴയിലേക്ക് വരികയായിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ വീരാജ്‌പേട്ട സ്വദേശി ഡ്രൈവര്‍ ഷാജി(35)യെ പേട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തും നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ചുരം റോഡില്‍ 24 മണിക്കൂറിനിടയിലുണ്ടായ നാല് വ്യത്യസ്ത അപകടങ്ങളില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss