|    Jan 22 Sun, 2017 7:16 am
FLASH NEWS

ചന്ദ്രേട്ടന്‍ മന്ത്രിപദത്തിലെത്തുമ്പോള്‍ വളയം പിടിച്ച ഓര്‍മകളുമായി ഡ്രൈവര്‍ കൃഷ്ണന്‍

Published : 25th May 2016 | Posted By: SMR

ശാഫി തെരുവത്ത്

കാസര്‍കോട്: ചന്ദ്രേട്ടന്‍ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് വളയം പിടിച്ച ഓര്‍മകളുമായി ഇതാ ഇവിടെ ഒരാള്‍. കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലെ ടാക്‌സി ഡ്രൈവറായ എടനീര്‍ സ്വദേശി പി കൃഷ്ണനാണ് കാല്‍നൂറ്റാണ്ടിലേറെ ഇ ചന്ദ്രശേഖരന്റെ ഡ്രൈവറായി ജോലി ചെയ്ത അനുഭവങ്ങള്‍ വിവരിക്കുന്നത്.
ചന്ദ്രേട്ടന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതിനൊന്നും തനിക്ക് ആരോഗ്യമില്ലെന്നായിരുന്നു കൃഷ്ണന്റെ മറുപടി. സിപിഐ പാര്‍ട്ടിക്ക് വേണ്ടി ഓടി നടക്കുന്ന ഇ ചന്ദ്രശേഖരനോടൊപ്പം അഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിനായി ചക്രം പിടിച്ച് ഒപ്പം നിന്നു. കഴിഞ്ഞ തവണ ചന്ദ്രശേഖരന്‍ മല്‍സരിച്ചപ്പോള്‍ ഒന്നരമാസക്കാലമാണ് പ്രചാരണത്തിനായി വളയം പിടിച്ചത്.
കഴിഞ്ഞ തവണ എംഎല്‍എ ആയപ്പോള്‍ ഇദ്ദേഹത്തിന്റെ കാര്‍ ഡ്രൈവറാവാന്‍ ആവശ്യപ്പെട്ടുവെങ്കിലും അധികാരത്തോടൊപ്പം നില്‍ക്കുന്നതിനോടുള്ള വിരക്തി കാരണം ഇദ്ദേഹം സ്വയം ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി പരിപാടികള്‍ക്ക് നേതാക്കളെ കൊണ്ടുപോകാന്‍ കൃഷ്ണന്റെ കാര്‍ ഇന്നും ഉപയോഗിക്കുന്നുണ്ട്. രാവിലെ മുതല്‍ വൈകിട്ട് ഏഴ് വരെ പഴയ ബസ്സ്റ്റാന്റില്‍ നിര്‍ത്തിയിടുന്ന ടാക്‌സി രാത്രി കൊണ്ടുപോയി നിര്‍ത്തിയിടുന്നത് നുള്ളിപ്പാടിയിലിലെ സിപിഐ ആസ്ഥാന മന്ദിര പരിസരത്താണ്. രാവിലെ ഇവിടെ എത്തി ടാക്‌സി എടുത്ത് വീണ്ടും ടൗണിലെത്തും.
1984ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാവണേശ്വരത്ത് എത്തിയപ്പോള്‍ കാറിന് നേരേ കല്ലേറുണ്ടായതും രക്ഷപ്പെട്ടതും ഇദ്ദേഹം ഓര്‍ക്കുന്നുണ്ട്. പഴയ സിപിഎം സഖാക്കളായിരുന്നു അന്ന് രാവണേശ്വരത്ത് ചന്ദ്രശേഖരനും പരേതനായ എ സുബ്ബറാവും അടക്കമുള്ള നേതാക്കള്‍ സഞ്ചരിച്ച കാറിന് നേരെ കല്ലേറ് നടത്തിയത്. തൊട്ടടുത്തുണ്ടായിരുന്ന സിപിഎം നേതാവ് പി അപ്പുക്കുട്ടനോട് ചന്ദ്രശേഖരന്‍ ഇതേ കുറിച്ച് പരാതിപ്പെട്ടു. ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ പോയി പരാതി നല്‍കാനായിരുന്നു അന്ന് അപ്പുക്കുട്ടന്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഇവര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി. മറ്റൊരു സന്ദര്‍ഭത്തില്‍ സിപിഎമ്മില്‍ നിന്നും സിപിഐയില്‍ ചേര്‍ന്നവര്‍ക്ക് കയ്യൂരില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംബന്ധിക്കാനെത്തിയപ്പോള്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചന്ദ്രശേഖരന്‍ കാറില്‍ നിന്നിറങ്ങിയപ്പോള്‍ കല്ലെറിഞ്ഞവര്‍ പിന്തിരിഞ്ഞോടുകയായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ വീട്ടിനടുത്ത് വച്ചാണ് കല്ലേറുണ്ടായതെന്നും കൃഷ്ണന്‍ ഓര്‍ക്കുന്നു.
ഇ ചന്ദ്രശേഖരന്‍ എന്ന ചന്ദ്രേട്ടന്റെ ഓരോ ചുവടുവെപ്പിലും കൃഷ്ണന്‍ എന്ന ഡ്രൈവര്‍ വഴികാട്ടിയായിരുന്നു. ഏതു പൊതുയോഗത്തിലും ചന്ദ്രശേഖരനേയും നേതാക്കളേയും കൊണ്ടുപോകുന്നത് കൃഷ്ണനായിരുന്നു. എന്നാല്‍ പ്രാരാബ്ദം മൂലമാണ് ഇപ്പോള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും സിപിഐ അനുഭാവി കൂടിയായ കൃഷ്ണന്‍ പറയുന്നു. ഇ ചന്ദ്രശേഖരന്‍ ഇന്ന് സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തല്‍സമയം കാണാന്‍ ചാനലിന് മുന്നിലെത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ സാധിക്കാത്തതിന്റെ ആവലാതിയും ഇദ്ദേഹം മറക്കുന്നില്ല.
35 വര്‍ഷത്തെ ചന്ദ്രേട്ടനുമായുള്ള അടുപ്പത്തില്‍ അദ്ദേഹം നിഷ്‌കളങ്കനായ പൊതുപ്രവര്‍ത്തകനായി മാത്രമേ തനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് കൃഷ്ണന്‍ ഓര്‍ക്കുന്നു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കാന്‍ ചന്ദ്രേട്ടനെ ഒരിക്കലും കിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് വീട്ടില്‍ കൊണ്ടുവിടുമ്പോള്‍ അര്‍ദ്ധരാത്രിയാവും. പുലര്‍ച്ചെ തന്നെ വീണ്ടും പാര്‍ട്ടി പരിപാടികളിലേക്ക് പോകാറുള്ള ചന്ദ്രശേഖരന്‍ മന്ത്രിയാവുമ്പോഴും തന്റെ പതിവ് ശൈലിക്ക് മാറ്റം വരുത്തില്ലെന്നും സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം വലിയ നേട്ടമാവുമെന്നും കൃഷ്ണന്‍ പ്രത്യാശിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക