|    Dec 19 Wed, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ്: യുപി സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ നിയമ (എന്‍എസ്എ) പ്രകാരം അറസ്റ്റിലായ ഭിം ആര്‍മി സ്ഥാപക നേതാവ് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. എന്‍എസ്എ പ്രകാരം നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിന് നഷ്ടപരിഹാരം തേടിയാണ് ആസാദ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും സഹാറന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
1980ലെ ദേശീയ സുരക്ഷാ നിയമത്തിലെ സെക്ഷന്‍ 3(3) പ്രകാരം ആസാദിനെ അറസ്റ്റ് ചെയ്തുകൊണ്ട് 2017 നവംബര്‍ രണ്ടിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആസാദ് നേരത്തേ അലഹബാദ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ അംബേദ്കര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് സംഭവസ്ഥലത്ത് പോലും ഇല്ലാതിരുന്ന ആസാദിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിറക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 23 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ അഞ്ച് എഫ്‌ഐആറില്‍ മാത്രമാണ് ചന്ദ്രശേഖര്‍ ആസാദിന്റെ പേര് പരാമര്‍ശിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ചോദ്യം ചെയ്ത് നവംബര്‍ 14ന് സഹാറന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെ നിവേദനം നല്‍കിയിരുന്നെങ്കിലും മജിസ്‌ട്രേറ്റ് അതു തള്ളുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss