|    Mar 24 Fri, 2017 7:31 pm
FLASH NEWS

ചന്ദ്രബോസ് വധം: നിഷാമിന്റെ ഹരജി ഫയലില്‍ സ്വീകരിച്ചു;  തൊണ്ടിമുതല്‍ നശിപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു

Published : 23rd March 2016 | Posted By: SMR

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ രേഖകളും തൊണ്ടിമുതലും നശിപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു. കേസിലെ പ്രതി മുഹമ്മദ് നിഷാം നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസ് കെ ടി ശങ്കരന്‍, ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവിലൂടെ രണ്ടാഴ്ചത്തേക്കു തടഞ്ഞത്.
കോടതി അനുവദിച്ചതൊഴികെയുള്ള മറ്റ് രേഖകളൊന്നും നശിപ്പിക്കരുതെന്നാണ് ഉത്തരവ്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടാല്‍ താന്‍ നല്‍കിയിട്ടുള്ള ഹരജികളില്‍ നീതി ലഭിക്കാതാവുമെന്നു ചൂണ്ടിക്കാട്ടിയാണ് നിഷാം കോടതിയെ സമീപിച്ചത്. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കണ്ടശ്ശാംകടവ് കാരമുക്ക് വിളക്കുംകാല്‍ കാട്ടുങ്ങല്‍ വീട്ടില്‍ ചന്ദ്രബോസിനെ (47) ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2015 ജനുവരി 29 പുലര്‍ച്ചെ മൂന്നിനാണ് സംഭവം. പേരാമംഗലം പോലിസ് കേസെടുത്ത് തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും 12 മണിക്കൂറിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് നിഷാമിന്റെ ഹരജിയില്‍ പറയുന്നു. കൂടാതെ തനിക്ക് പരിക്ക് പറ്റിയതു പരിഗണിച്ചില്ല. ആവശ്യമായ വൈദ്യസഹായവും നല്‍കിയില്ല. തന്റെ ബിസിനസ് എതിരാളികളും എസ്എന്‍ഡിപിയും തനിക്കെതിരേ പ്രവര്‍ത്തിച്ചു. ദുരുദ്ദേശ്യപരവും കെട്ടിച്ചമച്ചതും തെറ്റായതുമായ പ്രചാരണമാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായത്. പബ്ലിക് പ്രോസിക്യൂട്ടര്‍ മരിച്ച വ്യക്തിയുടെ ബന്ധുക്കളുടെ വക്താവായാണ് മാധ്യമങ്ങള്‍ക്കു മുന്നിലും കോടതിയിലും പ്രവര്‍ത്തിച്ചത്.
മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയും വിചാരണ നടത്തുകയും ചെയ്തു. ദൃക്‌സാക്ഷിമൊഴികളില്‍ അഞ്ചില്‍ ഒന്നുമാത്രമേ കോടതി പരിഗണിച്ചുള്ളൂ. വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ ചില രേഖകള്‍ മറച്ചുവച്ചിരുന്നു. പ്രോസിക്യൂഷന് അനുകൂലമായ തെളിവുകള്‍ മാത്രമാണു പരിഗണിച്ചത്. 1000 പേജുള്ള കുറ്റപത്രം തന്റെ അഭിഭാഷകനു പഠിക്കുന്നതിനായി രണ്ടു ദിവസത്തെ സമയം മാത്രമാണ് കോടതി അനുവദിച്ചത്. മാധ്യമങ്ങള്‍ വിചാരണ നടത്തുന്നതില്‍ സംസ്ഥാനത്തിനു പുറത്ത് കേസ് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കോടതി അനുമതി നല്‍കിയില്ല.
2016 ജനുവരി 20ന് ചന്ദ്രബോസ് വധക്കേസില്‍ കൊലപാതകമുള്‍പ്പെടെ 9 കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും താന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി തൃശൂര്‍ അഡീഷനല്‍ കോടതിവിധി പ്രസ്താവിച്ചു. ജീവപരന്ത്യവും 24 വര്‍ഷം തടവും 80,30,000 രൂപ പിഴയുമാണു ശിക്ഷ. കൂടാതെ തൊണ്ടിമുതലുകളും രേഖകളും നശിപ്പിക്കുന്നതിനും കോടതി ഉത്തരവായിട്ടുണ്ട്. ഇത് അപ്പീല്‍ ഹരജി പരിഗണിക്കുമ്പോള്‍ തനിക്ക് നീതി ലഭിക്കാതിരിക്കാന്‍ ഇടയാക്കുമെന്നും അതിനാല്‍ രേഖകള്‍ നശിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്.

(Visited 60 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക