|    Oct 23 Mon, 2017 6:25 am

ചന്ദ്രബോസിന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനൊരുങ്ങി മകള്‍ രേവതി

Published : 10th January 2017 | Posted By: fsq

 

തൃശൂര്‍: ശോഭാസിറ്റിയില്‍ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മകള്‍ രേവതി അച്ഛന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോഴിക്കോട് യുഐഇറ്റി കോളജിലെ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ രേവതി അച്ഛന്റെ ആഗ്രഹംപോലെ മികച്ചൊരു ജോലി നേടിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. മരണക്കിടക്കയില്‍ കിടക്കുമ്പോഴും തിരിച്ചുവരാന്‍ മനക്കരുത്ത് കൊണ്ട് അശ്രാന്ത പരിശ്രമം നടത്തിയ ചന്ദ്രബോസിന് തന്റെ മകള്‍ക്ക് മികച്ചൊരു ജോലി ലഭിക്കുക എന്നത് എക്കാലത്തേയും സ്വപ്‌നമായിരുന്നു. അതിനാണയാള്‍ ഉറക്കമൊഴിച്ച് ശോഭാസിറ്റിയില്‍ സെക്യൂരിറ്റി ജോലിയ്ക്ക് പോയിരുന്നത്. മക്കള്‍ക്ക് മികച്ച ജോലി ലഭിക്കുമ്പോള്‍ വിശ്രമ ജീവിതം നയിക്കാമെന്നും അദ്ദേഹം കരുതിക്കാണണം. 2015 ജനുവരി 29 നാണ് ചന്ദ്രബോസ് ശോഭാസിറ്റിയില്‍ സെക്യൂരിറ്റി ജോലിക്കിടെ മുഹമ്മദ് നിഷാമെന്ന മുതലാളിയുടെ ക്രൂരമായ ആക്രമണത്തിനിരയായത്. നട്ടെല്ല് ആന്തരികാവയവങ്ങളിലേക്ക് തുളച്ചു കയറിയതിനാല്‍ ചന്ദ്രബോസ് 24 മണിക്കൂര്‍പോലും ജീവിച്ചിരിക്കുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്കുപോലുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടുള്ള 19 ദിനങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ചന്ദ്രബോസ് പോരാടിയത് ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടായിരുന്നു. മരണശയ്യയില്‍ കിടക്കുമ്പോഴും ചന്ദ്രബോസ് തന്റെ മക്കളോടും ഭാര്യയോടും പലതവണ ഭയപ്പെടേണ്ടെന്നും അച്ഛന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും ചന്ദ്രബോസ് പറയുന്നുണ്ടായിരുന്നു. എന്നാല്‍ പ്രാര്‍ഥനകള്‍ വിഫലമാക്കി ഫെബ്രുവരി 16ന് രാത്രി ഒരു മണിക്ക് ചന്ദ്രബോസ് മരിച്ചു. മരണത്തിന് മുന്നില്‍ 19 ദിവസം പൊരുതി നില്‍ക്കുവാന്‍ ചന്ദ്രബോസ് കാട്ടിയ കരുത്താണ് രേവതിക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നത്. അച്ഛന്റെ ആഗ്രഹം ഏതുരീതിയിലും സഫലീകരിക്കുമെന്ന ദൃഢനിശ്ചയവും പകര്‍ന്നുന ല്‍കിയത് ആ കരുത്താണ്. നിയമത്തിന്റെ പഴുതുകളുപയോഗിച്ച് നിഷാം രക്ഷപ്പെടുമെന്ന് കരുതിയെങ്കിലും കൊടും കുറ്റവാളിക്ക് നീതിപീഠം പരമാവധി ശിക്ഷ തന്നെ നല്‍കി. ജീവപര്യന്തം ശിക്ഷ ലഭിച്ച് മുഹമ്മദ് നിഷാം ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. പണവും സ്വാധീനവും ഉപയോഗപ്പെടുത്തി അഴിക്കുള്ളി ല്‍ നിന്ന് അയാള്‍ പുറത്തുവരുമെന്ന് ഇപ്പോഴും രേവതി ഭയക്കുന്നു. നിഷാം രക്ഷപ്പെട്ടാലും ഇല്ലെങ്കിലും ചന്ദ്രബോസിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ജീവിക്കണമെന്ന ആഗ്രഹമാണ് രേവതിക്ക്. ആത്മാഭിമാനം പണയപ്പെടുത്താതെ അന്തസ്സോടെ തൊഴിലെടുത്ത് ജീവിച്ച അച്ഛന്റെ മകളെന്ന അഭിമാനം രേവതിയുടെ വാക്കുകളിലുണ്ട്. രേവതിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് അമ്മ ജമന്തിക്കുള്ളത്. ഭര്‍ത്താവ് കണ്ട സ്വപ്‌നങ്ങളിലേക്ക് രേവതി എത്തുമെന്ന് ജമന്തി പറയുന്നു.നിഷാമിന്റെ പണം പറ്റുന്ന ആരെങ്കിലും മകളെ ഉപദ്രവിക്കുമോ എന്ന ഭയവും ആ അമ്മയ്ക്കുണ്ട്. രേവതിയും മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ഥിയായ അമലും പഠിക്കാനും മറ്റും വീടുവിട്ട് പോവുമ്പോള്‍ അമ്മയുടെ നെഞ്ചില്‍ തീയാണ്. പക്ഷേ അവര്‍ നല്ലൊരു ജീവിതം സ്വപ്‌നം കാണുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക