|    Nov 19 Mon, 2018 1:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചന്ദനമോഷണം: വാച്ചര്‍മാരും വനസംരക്ഷണ സമിതി പ്രസിഡന്റും പിടിയില്‍

Published : 1st November 2018 | Posted By: kasim kzm

മറയൂര്‍: മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്നു ചന്ദനമോഷണം നടത്തിയ കേസില്‍ വനംവകുപ്പിലെ രണ്ട് താല്‍ക്കാലിക വാച്ചര്‍മാരും വന സംരക്ഷണ സമിതി പ്രസിഡന്റും പിടിയില്‍.
നാച്ചിവയല്‍ ചന്ദന റിസര്‍വിലെ അമ്പലപ്പാറ ഭാഗത്ത് നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് വര്‍ഷമായി ചന്ദന സംരക്ഷണ ജോലി ചെയ്തു വരുന്ന മറയൂര്‍ കവകുടി ആദിവാസി കോളനിയിലെ നീലമേഘന്‍ (35), പെരിയകുടി ആദിവാസി കോളനിയിലെ ഗുരുശേഖരന്‍ (25), മാങ്കുളം സിങ്കുകുടി സ്വദേശിയും വന സംരക്ഷണ സമിതി പ്രസിഡന്റുമായ വിഷ്ണു (30) എന്നിവരെയാണു വനപാലകര്‍ പിടികൂടിയത്.
വനത്തിനുള്ളിലെ അമ്പലപ്പാറ ഭാഗത്ത് നിന്നും ശേഖരിച്ച ചന്ദനമരത്തിന്റെ കുറ്റി കടത്തിക്കൊണ്ട് പോവാന്‍ ശ്രമിക്കുന്നതിനിടെയാണ് വനപാലകര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. പ്രതികളില്‍ നിന്നു 11 കിലോഗ്രാം ചന്ദനത്തടി, മുറിക്കാന്‍ ഉപയോഗിച്ച വാക്കത്തി, കമ്പിപ്പാര, പുറമെ 40,000 രൂപയും അന്വേഷണ സംഘം കണ്ടെടുത്തു.
സമീപ കാലത്തായി മറയൂരിലെ സ്വകാര്യ ഭൂമി കേന്ദ്രീകരിച്ച് 25 ചന്ദനമരങ്ങളാണു മോഷണം പോയത്. ഇതിനെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വര്‍ഷങ്ങളായി ചന്ദന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ഇവരെ ആരും സംശയിച്ചില്ല. വനപാലകരുടെ നീക്കങ്ങളും പട്രോളിങും കൃത്യമായി ഇവര്‍ക്ക് അറിയാനും കഴിഞ്ഞിരുന്നു. ഇത് ചന്ദനമോഷണം എളുപ്പമാക്കി. 630 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.
മറയൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ജോബ് നെരിയാംപറമ്പില്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ സജീവ് പി എസ്, എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss