|    Mar 24 Fri, 2017 7:50 am
FLASH NEWS
Home   >  Opinion   >  

ചന്തുവിനെ ജയിപ്പിക്കാനാവില്ല മക്കളേ…

Published : 29th October 2015 | Posted By: G.A.G

ഒ. ഇംതിഹാന്‍ അബ്ദുല്ല

ജനസംഘം രൂപീകരിച്ചതു മുതല്‍ ആശിക്കുന്നതാണ് സഹ്യന്നിപ്പുറം താമരയൊന്നു വിരിഞ്ഞുകാണാന്‍. മുന്‍ കാലങ്ങളില്‍ കേരളത്തില്‍ സര്‍വ്വ സാധാരണമായി കണ്ടിരുന്ന കമൂണിസ്‌ററ് പച്ചയുടെ സാന്നിദ്ധ്യം കൊണ്ടാണാവോ എന്തോ ജലാശയ സമൃദ്ധവും സസ്യശ്യാമളവുമായ സംസ്ഥാനത്ത്് താമര മാത്രം വേരുപിടിക്കുന്നില്ല. പറയുമ്പോള്‍ ശ്രീ പത്മനാഭന്റെയും സാമൂതിരിയുടെയും നാട്. കാലാകാലങ്ങളില്‍ ഹിന്ദുക്കള്‍ ചെങ്കോലും അധികാരവും കൈയിലേന്തിയ മണ്ണ്, മുന്നാക്ക-പിന്നാക്ക ഭേദമില്ലാതെ എല്ലാ ഹൈന്ദവ ജാതികള്‍ക്കും ഭദ്രമായ സംഘടനാ കെട്ടുറപ്പ്. അപ്പുറത്താണെങ്കില്‍ സംഘടിത ന്യൂനപക്ഷം ഭരണത്തിന്റെ പങ്കു പറ്റി അനര്‍ഹമായ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് പ്രതിശീര്‍ഷ മാധ്യമ സാക്ഷരതാനിരക്ക് വാനോളം ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തിലെ പ്രബുദ്ധ സമൂഹം അറിയുന്നുമുണ്ട്.

പറഞ്ഞിട്ടെന്തു ഫലം? കാവിക്കൊടി കാണുന്നതും ജനങ്ങള്‍ക്ക് ‘മതേതര രോഗം’ കലശലാവും. പിന്നെ ദ്രുതവാട്ടം ബാധിച്ച പോലെ താമരവള്ളി തളര്‍ന്നു കിടക്കും. കാവി പാര്‍ട്ടിയെ ഒരവസ്ഥയിലെത്തിക്കാന്‍ കാക്കിനിക്കറു ധരിച്ച് കുറുവടിയുമേന്തി മാരാരൊരു പുരുഷായുസ്സു മുഴുവന്‍ നടന്നു. ബദ്ധശത്രുവായ മുസ്്‌ലിം ലീഗടങ്ങിയ യുഡിഎഫുമായി പോലും രഹസ്യ സംബന്ധം നടത്തി നോക്കി. കിം ഫലം. രാജേട്ടനാവട്ടെ ‘ഞാനെന്ന ഭാവമേതുമേ ഇല്ലാതെ’ കേരളത്തിന്റെ പല ഭാഗങ്ങളിലായി പാര്‍ലമെന്റു മുതല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിനു വരെ ഗോദയിലിറങ്ങി പയറ്റി നോക്കി. എന്നിട്ടും വഞ്ചി തിരുനക്കര തന്നെ.

എങ്കിലും ഭാരതാംബയെ പീതാംബര ധാരിയാക്കാന്‍ രാഷ്ട്രീയസ്വയംസേവകരുടെ അകമഴിഞ്ഞ പിന്തുണയോടെയുള്ള പരിശ്രമങ്ങള്‍ അഭങ്കുരം തുടര്‍ന്നുകൊണ്ടിരുന്നു. കണ്ണൂരിന്റെ ചുവപ്പു കോട്ടകളിലടക്കം ബലിദാനികള്‍ ജീവരക്തം നല്‍കി, പാര്‍ട്ടിക്ക് ജീവവായു നല്‍കി പ്രാണന്‍ നിലനിര്‍ത്തി പോന്നു. അങ്ങനെ മുരളീധരനാദികള്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ വെയിലും മഴയും കൊണ്ട് മോചന രക്ഷായാത്രകള്‍ നടത്തിയും സന്ധ്യയായാല്‍ ചാനലുകള്‍ക്കു മുമ്പില്‍ പ്രതിയോഗികളോടു പടവെട്ടിയും മുട്ടുശാന്തിക്ക് അല്ലറ ചില്ലറ വോട്ടു കച്ചവടം നടത്തിയും കാലയാപനം ചെയ്തുവരികയായിരുന്നു.

അതിനിടയിലാണ് ഇന്ദ്രപ്രസ്ഥത്തില്‍ നമോ താരകത്തിന്റെ ഉദയമുണ്ടായത്. നാട്ടുകാര്‍ പത്രം വായിക്കുന്നതുകൊണ്ട് മോഡിജിയുടെ മൃഗീയഭൂരിപക്ഷത്തില്‍ തങ്ങളുടെ ഒരു വോട്ടിന്റെ പിന്‍ബലം പോലും നല്‍കാനായില്ലെങ്കിലും ഞമ്മന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ മുരളീധരനാദികളുടെ നെഞ്ചളവ് അനുദിനം വര്‍ധിച്ചുവന്നു.

മോഡിയെ സ്വാധീനിച്ച് കേന്ദ്രമന്ത്രി സ്ഥാനമോ സംസ്ഥാനത്തിന് ഉപകാരപ്രദമായ പ്രൊജക്ടുളോ ഒന്നും കൊണ്ടുവരാനായില്ലെങ്കിലും യതിംഖാനകളിലെ കുട്ടിക്കടത്ത് പോലുള്ള ‘ന്യൂനപക്ഷ പ്രീണന’ വിഷയങ്ങളില്‍ സമയോചിതമായി കേന്ദ്ര ഇടപെടലിനും അതുവഴി സിബിഐ അന്വേഷണത്തിനും സാധിച്ചു.
ഇതിനിടയിലാണ് അമിത് ഷാ എന്ന സംഘ് രാഷ്ട്രീയ കോര്‍പറേറ്റ് സിഇഒ, വെള്ളാപ്പള്ളി അസോസിയേറ്റ്‌സ് സിഇഒ വെള്ളാപ്പള്ളിയുമായി കണ്ടുമുട്ടുന്നതും സംസ്ഥാന നേതാക്കളോട് ഒരു വാക്ക് ചോദിക്കുക പോലും ചെയ്യാതെ ഡീലുറപ്പിക്കുന്നതും.

ഈഴവ സമുദായത്തിന്റെ വോട്ട്ബാങ്ക് മുഴുവന്‍ വെള്ളാപ്പള്ളി ബട്ടന്‍ അമര്‍ത്തി താമരയില്‍ വീഴ്ത്തുമെന്ന് ധരിച്ച്‌വശായ അമിത്ഷാ വെള്ളാപ്പള്ളിയെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതായി വാര്‍ത്ത പരന്നു. ഇക്കണ്ടകാലം മുഴുവന്‍ വെള്ളംകോരിയും ഭാരം വലിച്ചും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വണ്ടിക്കാളകള്‍ കണക്കെ നടന്നവര്‍ ഗോവധനിരോധനാനന്തര കാലത്തെ വയസിപ്പശുക്കളെപ്പോലെയായി.
മുഖ്യമന്ത്രിയായില്ലെങ്കിലും വേണ്ടിയില്ല; നിയമസഭയിലെയും പാര്‍ലമെന്റിലെയും സന്ദര്‍ശകഗാലറിയില്‍നിന്നും മാറി അകത്തളത്തിലേക്ക് കയറിയിരിക്കാമെന്ന് കരുതിയപ്പോഴാണ് ഇടിത്തീ പോലെ അടുത്ത അശനിപാതം വരുന്നത്.
പണ്ടെങ്ങാണ്ടോ സംസ്ഥാന രാഷ്ട്രീയം മതിയാക്കി ചെന്നൈയിലേക്ക് വനവാസത്തിനു പോയ പി പി മുകുന്ദനെ ഒരുകൂട്ടര്‍ പൊടിതട്ടിയെടുത്തു കൊണ്ടുവരാന്‍ പോവുന്നുവത്രെ.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ വന്ന് ബിജെപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറുമാണത്രെ. വെള്ളാപ്പള്ളി വിഷയത്തില്‍ അസാരം അലോഹ്യത്തിലായ കേന്ദ്രത്തിലെ ഏമാന്‍മാര്‍ക്കും അതാണത്രെ താല്‍പ്പര്യം. ഇമ്മാതിരി കൊടുംചതി ആജന്മശത്രുക്കളായ സിപിഎം പോലും തങ്ങളോടു ചെയ്തിട്ടില്ല എന്നാണ് മാരാര്‍ജി ഭവനിലെ അടക്കിപ്പിടിച്ച സംസാരം.
എന്നാല്‍ ആകാശത്ത് ചില കൃഷ്ണദാസ പരുന്തുകള്‍ വട്ടമിട്ട് പറക്കുന്നത് മുരളീധരപക്ഷത്തെ ആധിയിലാക്കുന്നുണ്ട്.

ഇനിയുമൊരു കൂട്ടര്‍ മകന്‍ ചത്തിട്ടായാലും വേണ്ടീല മരുമോളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്നുളളവരാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആരു വന്നാലും സ്വാഗതാര്‍ഹമെന്ന് ഇക്കൂട്ടര്‍ പറയുന്നതിന്റെ പൊരുള്‍ അതാണ്. കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് ഇനി മര്‍മം നോക്കി നിന്നാല്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോവും. അതിനാല്‍ തദ്ദേശതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന കാര്യമൊന്നും നോക്കേണ്ടതില്ല. ആദ്യം കസേര സുരക്ഷിതമാക്കുക. പാര്‍ട്ടിയുടെ പ്രതിച്ഛായയും വാനോളം ഉയര്‍ന്നു നില്‍ക്കുന്ന പ്രവര്‍ത്തകരുടെ പ്രതീക്ഷയുമെല്ലാം ഇപ്പോള്‍ കാര്യമാക്കേണ്ടതില്ല.

അതു കൊണ്ടാണ് തങ്ങളെയെല്ലാം പാര്‍ട്ടിയിലേക്ക് കൈപിടിച്ച് നയിച്ച മുന്‍ സംസ്ഥാന അധ്യക്ഷന് വേണമെങ്കില്‍ സാദാ അനുഭവികളെപ്പോലെ മിസ്ഡ് കോള്‍ അടിച്ച് ബിജെപി അംഗത്വം സ്വീകരിക്കാമെന്ന്് ഇപ്പോഴത്തെ സംസ്ഥാനാധ്യക്ഷന്‍ പ്രതികരിച്ചിരിക്കുന്നത്.

മോഡിജി അധികാരത്തിലേറിയതിനു ശേഷം ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും കേരളത്തിലെ തെരുവുപട്ടികള്‍ക്കു കിട്ടുന്ന സംരക്ഷണം പോലും കിട്ടാത്ത അവസ്ഥയിലും മോഡിയുടെ നെഞ്ചളവിലും പത്തുലക്ഷത്തിന്റെ സ്യൂട്ടിലും ഡിജിറ്റല്‍മന്ത്രയിലും മയങ്ങി കാവിപ്പാര്‍ട്ടിയെ പുണരാന്‍ വെമ്പിനില്‍ക്കുന്ന ന്യൂജെന്‍ പിള്ളാരടക്കമുള്ളവര്‍ മുരളീധരന്റെ കത്തിവേഷം കണ്ട് അന്തംവിട്ടുനില്‍ക്കുകയാണ്.

തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജന്മം ഇനിയും ബാക്കി. ചന്തുവിനെ ജയിപ്പിക്കാനാവില്ല മക്കളേ…..

(Visited 136 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക