|    Jan 25 Wed, 2017 7:01 am
FLASH NEWS
Home   >  Sports  >  Cricket  >  

ചതുര്‍രാഷ്ട്ര കിരീടം ഇന്ത്യ എക്ക്

Published : 5th September 2016 | Posted By: SMR

മക്കായ് (ആസ്‌ത്രേലിയ): ചതുര്‍രാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ എക്ക് കിരീടം. കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ആസ്‌ത്രേലിയ എയെ പരാജയപ്പെടുത്തിയാണ് യുവ ഇന്ത്യന്‍ ടീം കിരീടം ചൂടിയത്. ബാറ്റ് കൊണ്ട് മന്‍ദീപ് സിങും ബൗളിങില്‍ യുസ് വേന്ദ്ര ചഹാലും മിന്നിയപ്പോള്‍ മല്‍സരത്തില്‍ 57 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
ആസ്‌ത്രേലിയ എക്കെതിരേ ഇന്ത്യ എ ടീമിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടം കൂടിയാണിത്. ഇന്ത്യ, ആസ്‌ത്രേലിയ എന്നിവര്‍ക്കു പുറമേ ദക്ഷിണാഫ്രിക്ക എ, ആസ്‌ത്രേലിയയുടെ തന്നെ നാഷനല്‍ പെര്‍ഫോമന്‍സ് സ്‌ക്വാഡ് എന്നിവരാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 266 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുത്തു. ഓപണര്‍ മന്‍ദീപും (95) ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയും (61) ഇന്ത്യക്കു വേണ്ടി അര്‍ധസെഞ്ച്വറിയുമായി തിളങ്ങി.
മറുപടിയില്‍ നാല് വിക്കറ്റുമായി ചഹാല്‍ ഇന്ത്യന്‍ ബൗളിങ് നിരയെ നയിച്ചപ്പോള്‍ ഓസീസ് 44.5 ഓവറില്‍ 209 റണ്‍സിന് കൂടാരം കയറുകയായിരുന്നു. 8.5 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് ചഹാല്‍ നാല് വിക്കറ്റുകള്‍ പിഴുതത്. ചഹാലിന് പുറമേ ധവാല്‍ കുല്‍ക്കര്‍ണി, കരുണ്‍ നായര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
59 പന്തില്‍ ഓരോ വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടെ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. കമറുണ്‍ ബാന്‍ക്രോഫ്റ്റും അലെക്‌സ് റോസും 34 റണ്‍സ് വീതമെടുത്തു.
നേരത്തെ 108 പന്തില്‍ 11 ബൗണ്ടറി അടിച്ചാണ് മന്‍ദീപ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 71 പന്ത് നേരിട്ട പാണ്ഡെയുടെ ഇന്നിങ്‌സില്‍ രണ്ട് ബൗണ്ടറി അടങ്ങിയിരുന്നു. ശ്രേയാഷ് അയ്യര്‍ (41), ഖേദര്‍ യാദവ് (25), അക്ഷര്‍ (22) എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കരുണ്‍ ഒരു റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. എങ്കിലും വിക്കറ്റിനു പിറകില്‍ രണ്ട് നിര്‍ണായക ക്യാച്ചുകളെടുത്ത് സഞ്ജു കലാശപ്പോരാട്ടത്തില്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഇന്ത്യന്‍ താരം മന്‍ദീപാണ് മാന്‍ ഓഫ് ദി മാച്ച്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക