|    Jan 22 Sun, 2017 9:54 pm
FLASH NEWS

ചതിയന്‍ പുഴ ചതിച്ചു; കണ്ണീരുവറ്റാതെ കോതോട് ഗ്രാമം

Published : 20th September 2016 | Posted By: SMR

വടകര: കുതിച്ചെത്തിയ മലവെള്ളം ആറ് യുവാക്കളുടെ ജീവിതം അപഹരിച്ചത് നിമിഷാര്‍ധത്തില്‍. ഞായറാഴ്ച വൈകീട്ടു വരെ ശാന്തമായി ഒഴുകിയ കടന്തറപ്പുഴ മിന്നല്‍പ്പിണര്‍ വേഗത്തിലാണ് സംഹാരരൂപം കൈവരിച്ചത്.
വയനാട്-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിപങ്കിടുന്ന ബാണാസുരന്‍മലയുടെ വനാന്തരത്തില്‍നിന്നാണ് കടന്തറപ്പുഴയുടെ ഉദ്ഭവം. വയനാടന്‍ മലനിരകളില്‍നിന്ന് നിരവധി നീര്‍ച്ചാലുകളായി ഒഴുകി രണ്ടു കൈവഴികളായി രൂപാന്തരം പ്രാപിച്ചശേഷം ഒരു പുഴയായി സംഗമിക്കുന്നിടത്താണ് ഞായറാഴ്ച യുവാക്കള്‍ കുളിക്കാനിറങ്ങിയത്. ഈ സമയം പുഴ ശാന്തമായിരുന്നു. പെട്ടെന്ന് കനത്ത ശബ്ദത്തോടെ രണ്ടാള്‍ പൊക്കത്തില്‍ മലവെള്ളം കുത്തിയൊലിച്ചെത്തിയെന്നാണ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത്. അവര്‍ പെട്ടെന്ന് കരയിലേക്ക് നീന്തി. കരപറ്റി തിരിഞ്ഞുനോക്കുമ്പോഴേക്കും ഒപ്പമുണ്ടായിരുന്ന ആറുപേരെ കുത്തൊഴുക്കില്‍ കാണാതായിരുന്നു.
ചതിപ്പുഴ എന്ന ഇരട്ടപ്പേരുണ്ട് കടന്തറപ്പുഴയ്ക്ക്. വഴുവഴുപ്പുള്ള പാറക്കൂട്ടങ്ങള്‍. കാലാവസ്ഥ പ്രസന്നമായിരിക്കുമ്പോഴും പെട്ടെന്ന് കുത്തിയൊലിക്കുന്ന മലവെള്ളം. പുഴയി ല്‍ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ താഴെ നിരപ്പില്‍ പ്രകടമാവില്ല. ഇവിടെ ഒഴുക്കില്‍പ്പെട്ടാല്‍ രക്ഷപ്പെടാനുള്ള സാധ്യത അതിവിദൂരം. നിഗൂഢമായ തുരുത്തുകളിലൂടെയും പാറക്കെട്ടുകളിലൂടെയുമാണ് കടന്തറപ്പുഴയുടെ ഒഴുക്ക്.
ബാണാസുരന്‍മലയില്‍ വന്യമൃഗങ്ങള്‍ ഏറ്റവും അധികം അപകടത്തില്‍പ്പെടുന്നത് കടന്തറപ്പുഴയിലാണ്. 2004ല്‍ പ്രദേശത്ത് ഉരുള്‍പൊട്ടലില്‍ 10 പേര്‍ മരണപ്പെട്ടതിന്റെ ആഘാതം വിട്ടുമാറും മുമ്പേയാണ് കഴിഞ്ഞ ദിവസത്തെ ദുരന്തം.
കുറ്റിയാടിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് കോതോട് ഗ്രാമം. ഇവിടത്തെ ആറ് കുടുംബങ്ങളുടെ ആശ്രയമായവരാണ് ദുരന്തത്തില്‍ അകപ്പെട്ടവര്‍. അപകടത്തില്‍പ്പെട്ട യുവാക്കളെല്ലാം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. മരണപ്പെട്ട പാറക്കല്‍ വിജീഷ് ഒന്നരമാസം മുമ്പാണ് ആദ്യത്തെ അവധിക്ക് ഗള്‍ഫില്‍ നിന്നെത്തിയത്. അടുത്ത ചൊവ്വാഴ്ച തിരിച്ചുപോവാനായി വിമാനടിക്കറ്റെടുത്തിരിക്കെയാണ് യുവാവിനെ കടന്തറപ്പുഴ തട്ടിയെടുത്തത്. അപകടത്തില്‍ രക്ഷപ്പെട്ട ജിഷ്ണുവിന്റെ സഹോദരനാണ് മരിച്ച വിഷ്ണു.
ഞായറാഴ്ച കോതോട് ഒരു സുഹൃത്തിന്റെ വീട് വാര്‍പ്പില്‍ സഹകരിച്ച ശേഷമാണ് യുവാക്കളുടെ സംഘം കുളിക്കാനായി കടന്തറപ്പുഴയിലേക്കു പോയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 164 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക