|    May 20 Sun, 2018 7:52 pm
FLASH NEWS

ചതിയന്‍ ചന്തുവിന്റെ കഥ

Published : 17th March 2017 | Posted By: shins

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

 

500

ജയരാജ് സിനിമകള്‍ പലപ്പോഴും തിയേറ്റര്‍ റിലീസിനു മുമ്പേ ചര്‍ച്ചയാവാറുണ്ട്. ‘ഒറ്റാലും’ അങ്ങനെയായിരുന്നു. അതിനുശേഷമാണ് നവരസം സീരീസിലെ അഞ്ചാമതു ചിത്രം ‘വീരം’ വരുന്നത്. തീം സോങ്ങിന് കിട്ടിയ ഓസ്‌കര്‍ നോമിനേഷന്‍ മുതല്‍ രാജ്യാന്തരവേദികളിലെ പ്രദര്‍ശനാവസരവും ‘വീര’ത്തെ തേടിയെത്തിയിട്ടുണ്ട്. ഷേക്‌സ്പിയര്‍ നാടകങ്ങളോടുള്ള ഇഷ്ടം ജയരാജ് ഇവിടെയും തുടരുന്നു. ഒരുപാട് സങ്കീര്‍ണതകളുള്ള ‘മാക്ബത്തി’ലാണ് ഇത്തവണ അദ്ദേഹം കൈവച്ചിരിക്കുന്നത്. ചന്തുവിനെയും കുട്ടിമാണിയെയും മാക്ബത്തും ലേഡി മാക്ബത്തുമാക്കിയിരിക്കയാണ്. നേരത്തേ ഷേക്‌സ്പിയറുടെ തന്നെ ‘ഒഥല്ലോ’യെ പിന്‍പറ്റി സുരേഷ്‌ഗോപിയെ നായകനാക്കി നിര്‍മിച്ച ‘കളിയാട്ടം’ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരുനാള്‍ താന്‍ സ്‌കോട്ട്‌ലന്‍ഡിലെ രാജാവാകും എന്ന മന്ത്രവാദിനികളുടെ പ്രവചനത്തില്‍ ആകൃഷ്ടനായി ഭാര്യയുടെ പ്രലോഭനങ്ങള്‍ക്കു വഴങ്ങി രാജാവിനെ കൊല്ലുന്ന പടനായകനാണ് മാക്ബത്ത്. ഒടുവില്‍ രാജാവിനെ വധിച്ച കുറ്റബോധത്താല്‍ ചിത്തഭ്രമത്തിനു വിധേയനായി നശിക്കുന്ന മാക്ബത്തിന്റെ ദുരന്തകഥയെയാണ് വടക്കന്‍പാട്ടിന്റെ ശീലുകളിലും ചേകവന്റെ വാള്‍ത്തുമ്പിലെ ചോരയിലും ചാലിച്ച് ജയരാജ് ആവിഷ്‌കരിച്ചിരിക്കുന്നത്.

veram-4

മലയാളിക്ക് ചതിയുടെ പര്യായമാണ്  ചന്തു. ‘എളന്തളിര്‍ മഠത്തിലെ ചന്തു, ചതിയന്‍ ചന്തു’വെന്ന പാടിപ്പതിഞ്ഞ  വിശേഷണം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു മലയാളത്തിലെ പഴയകാലത്തെ വടക്കന്‍പാട്ടു ചിത്രങ്ങളിലേറെയും. ആ ചന്തുവിനെ നായകപദവിയിലേക്കുയര്‍ത്തി സദ്ക്കഥാപാത്രമായി സിനിമയില്‍ അവതരിപ്പിച്ചത് എംടിയാണ്, ‘ഒരു വടക്കന്‍ വീരഗാഥ’യിലൂടെ. ഇപ്പോഴിതാ ചന്തു വീണ്ടും ചതിയന്‍ പടനായകനാവുന്നു, അതും അത്യാധുനിക സംവിധാനമികവിന്റെ മേലങ്കിയോടെ.
‘വീര’ത്തിലെ ചന്തു വടക്കന്‍പാട്ടുകളിലൂടെ പരിചിതനാണ്. ഡോ. എം ആര്‍ ആര്‍ വാര്യര്‍ ഒരുക്കിയ സംഭാഷണം പഴമയോടു ചേര്‍ന്നുനില്‍ക്കുന്നു. ഇതാദ്യമായാണ് വടക്കന്‍ രീതിയിലുള്ള സംഭാഷണം മലയാള സിനിമയില്‍ ഉപയോഗപ്പെടുത്തുന്നത്. വടക്കന്‍ഭാഷ മനസ്സിലാവാത്തവര്‍ക്കു വേണ്ടി അച്ചടി മലയാളം സ്‌ക്രീനില്‍ എഴുതിക്കാണിച്ചത് സൗകര്യമായി. ‘വടക്കന്‍ വീരഗാഥ’യില്‍ വള്ളുവനാടന്‍ ഭാഷയായിരുന്നു എംടി                ഉപയോഗിച്ചത്. അതേസമയം, കഥാപാത്രങ്ങളുടെ ജീവിതപരിസരങ്ങളിലും കോസ്റ്റ്യൂമിലും നിരവധി വ്യത്യസ്തതകള്‍ ജയരാജും ടീമും വരുത്തിയിട്ടുണ്ട്.
മലയാളവുമായി യാതൊരു ബന്ധവുമില്ലാത്ത കുനാല്‍ കപൂറിനെ ചന്തുവാക്കാനുള്ള തീരുമാനം ആശങ്കയുണ്ടാക്കിയിരുന്നു. മാക്ബത്തും ചന്തുവും കടന്നുപോവുന്ന അതിവൈകാരികാവസ്ഥകളെ ഒരു ഇതരഭാഷാ നടന്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നായിരുന്നു സംശയം. ദക്ഷിണാഫ്രിക്കയില്‍ ജനിച്ചു വളര്‍ന്ന ഹിമാര്‍ഷ വെങ്കടസ്വാമിയാണ് ഉണ്ണിയാര്‍ച്ചയായി വേഷമിട്ടത്. ദിവിനാ ഠാക്കൂര്‍ കുട്ടിമാണിയായി. മറ്റു പ്രധാന അഭിനേതാക്കളും കേരളത്തിനു പുറത്തു നിന്നു തന്നെ. എല്ലാവരും താരതമ്യേന പുതുമുഖങ്ങളായിരുന്നു.
വീരഗാഥയിലെ മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷന്‍ ഇന്നും മലയാളിയുടെ ചെവിയിലുണ്ട്. അതേസമയം ‘വീര’ത്തിലെ ചന്തു കാഴ്ചയിലെ അഴകുകൊണ്ടാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. സാങ്കേതികതയുടെ പൂര്‍ണത സിനിമയെ ദൃശ്യസുന്ദരമാക്കുന്നു. ‘ഒരു വടക്കന്‍ വീരഗാഥ’ ഒരു ‘സാഹിത്യസിനിമ’യായിരുന്നെങ്കില്‍ ‘വീരം’ ഒരു സാങ്കേതികഭദ്രമായ ‘ദൃശ്യസൃഷ്ടി’യാണ്. ഇതൊക്കെയാണെങ്കിലും മനോവ്യാപാരങ്ങളെ ഭാവതീവ്രമായി അവതരിപ്പിക്കുന്നതില്‍ ‘വടക്കന്‍ വീരഗാഥ’യോളം വളരാന്‍ ‘വീര’ത്തിനായിട്ടില്ല.
അച്ഛനെ കൊലപ്പെടുത്തിയ മലയന്റെ തലയറുത്തു വരുന്ന ചന്തുവില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഒപ്പം കേളുച്ചേകവരുമുണ്ട്. വരുംവഴി കാട്ടിലെ ഗുഹയില്‍ കാണുന്ന പൂശാരിച്ചി അവരോട് ചില കാര്യങ്ങള്‍ പറയുന്നു. ചന്തുവിന്റെയും കേളുവിന്റെയും ഭാവി നിശ്ചയിക്കുന്നതായിരുന്നു ആ പ്രവചനങ്ങളെല്ലാം. അത് സത്യമാവുംവിധം ആരോമലിന്റെ പടക്കുറുപ്പാവാനുള്ള അവസരം ചന്തുവിനെ തേടിയെത്തുന്നു. പിന്നീടങ്ങോട്ട് ചന്തു ചതിയനാക്കപ്പെട്ട കഥയാണു സിനിമ പറയുന്നത്. പെണ്ണിനാല്‍ ചതിയനാവേണ്ടിവന്ന ചന്തു. എല്ലാ കുറ്റവും കുട്ടിമാണിയിലാണ് ആരോപിക്കപ്പെടുന്നത്. അതേസമയം ദുര്‍ബലയായ സ്ത്രീയാണ് ‘വീര’ത്തിലെ ഉണ്ണിയാര്‍ച്ച.
അസാമാന്യ ധീരനായ പോരാളിയായാണ് നായകന്റെ അരങ്ങേറ്റം. പിന്നീട് പതിയെ ചന്തുവിന്റെ മനോവിചാരങ്ങളിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുന്നു.            കുറ്റബോധം കൊണ്ട് കരയുന്ന, പേടി കൊണ്ട് വിറയ്ക്കുന്ന, വിഭ്രാന്തി കൊണ്ട് പുകയുന്ന ചന്തുവിനെ കാണാം ‘വീര’ത്തില്‍. ചന്തു മാത്രമല്ല പൂത്തൂരംവീട്ടിലെ ഉണ്ണിയാര്‍ച്ച, ആരോമല്‍, അരിങ്ങോടര്‍, കുട്ടിമാണി, കോമപ്പന്‍… എല്ലാവരുടെയും വിധി ഒന്നുതന്നെ.
കളരിപ്പയറ്റിന്റെ ഇന്നേവരെ കാണാത്ത മെയ്യഭ്യാസങ്ങളാണ് ‘വീര’ത്തില്‍ ഒരുക്കിയിരിക്കുന്നത്. ജന്മിമാര്‍ക്കും പ്രഭുക്കന്മാര്‍ക്കും വേണ്ടി പോരാടി മരിച്ച ചേകവന്മാരാണ് കളരിയിലെ ആശാന്മാര്‍. ഓരോ ചേകവനുമൊപ്പം തുണയ്ക്ക് പടക്കുറുപ്പന്മാരുമുണ്ട്. പയറ്റിലെ വെട്ടു തിരിച്ചറിഞ്ഞ് തടയുകയാണവരുടെ ജോലി. പടക്കുറുപ്പു ചതിച്ചാല്‍ ചേകവന്റെ തല തട്ടിലുരുളുമെന്നുറപ്പ്. കളരിപ്പയറ്റിനെ അതിന്റെ പഴയകാല പരിസരങ്ങളോട് ചേര്‍ത്തുവച്ച് ഒരുക്കിയ ചിത്രങ്ങള്‍ മലയാളത്തില്‍ കുറവാണ്. അഭിനേതാക്കളെ കളരിപ്പയറ്റ് അഭ്യസിപ്പിക്കാന്‍ മാസങ്ങളെടുത്തത്രേ. ഹോളിവുഡില്‍ പേരെടുത്ത വിദഗ്ധരാണ് മേക്കപ്പ്, മ്യൂസിക്, കളര്‍ സൂപ്പര്‍വിഷന്‍, ആക്ഷന്‍ കൊറിയോഗ്രഫി എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.
തന്റെ സംവിധായക സ്വാതന്ത്ര്യത്തില്‍ ആരും കടന്നുകയറാതിരിക്കാനാണ് ഇത്രയും വലിയ കാന്‍വാസ് ഉള്ള സിനിമയില്‍ പ്രധാന റോളുകളെല്ലാം പുതുമുഖങ്ങള്‍ക്ക് കൊടുത്തതെന്നു ജയരാജ് പരസ്യമായി പറഞ്ഞിരുന്നു. കേരളീയ പശ്ചാത്തലത്തിലുള്ള ഒരു നാടോടിക്കഥ പറയുമ്പോള്‍ ഭാഷയൊഴിച്ച് മറ്റെല്ലാം ഇവിടത്തെ അന്തരീക്ഷവുമായി യാതൊരു ബന്ധമില്ലാതെ കിടക്കുന്നു. മലയാളി പ്രേക്ഷകനെ സിനിമയില്‍ നിന്നകറ്റിയതില്‍ ഇതും പങ്കുവഹിച്ചിരിക്കാം.
ഇന്ത്യന്‍ രീതികളേക്കാള്‍ വൈദേശികമായ യുദ്ധസിനിമകളുടെ ക്രാഫ്റ്റിനെയാണ് ‘വീരം’ പിന്തുടരുന്നത്. കുട്ടിമാണിയുടെ മരണത്തിനു ശേഷമുള്ള ചന്തുവിന്റെ ഡയലോഗില്‍ കുനാല്‍ കപൂറിന്റെ അപരിചിതത്വം തെളിഞ്ഞു കാണാം. അര്‍ഥമറിയാതെ ചുണ്ടനക്കുന്ന ഇതരഭാഷാ നടന്റെ പരിമിതികള്‍ എടുത്തുനില്‍ക്കുന്നു. ‘വടക്കന്‍ വീരഗാഥ’യെന്ന എംടി-ഹരിഹരന്‍ ചിത്രത്തിന്റെ ക്ലാസിക്കല്‍ അനുഭവമൊന്നും ‘വീര’ത്തില്‍ പ്രതീക്ഷിക്കരുത്. എങ്കിലും മലയാള സിനിമയുടെ ലോകസിനിമയിലേക്കുള്ള കവാടമായി ‘വീര’ത്തെ കാണാം. സാങ്കേതികതയിലെ പൂര്‍ണതയുടെ പേരില്‍ ഈ ചിത്രം എന്നെന്നും ഓര്‍മിക്കപ്പെടും. ഹിന്ദിയിലും ഇംഗ്ലീഷിലും ‘വീരം’ റിലീസ് ആവുന്നുണ്ട്.

veram2

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss