|    Jul 25 Tue, 2017 8:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചതിയന്‍മാര്‍ കനത്ത വില നല്‍കേണ്ടിവരും: ഉര്‍ദുഗാന്‍

Published : 17th July 2016 | Posted By: SMR

ഇസ്താംബൂള്‍: സമാന്തര ഭരണം നടത്തുന്ന രാജ്യത്തിന്റെ ശത്രുക്കളുടെ വികൃതമായ മുഖം ദൃശ്യമായെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അത്താതുര്‍ക്ക് വിമാനത്താവളത്തിനു മുമ്പില്‍ തമ്പടിച്ച ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തുര്‍ക്കിയോടു ചെയ്ത ചതിക്ക് കനത്ത വില നല്‍കേണ്ടിവരും. ശത്രുക്കളുടെ ഭീകരമുഖം ഡിസംബര്‍ 17 മുതല്‍ 25 വരെ മുമ്പ് നാം കണ്ടിരുന്നു. സൈനികരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരു ചെറിയ വിഭാഗത്തിന്റെ കളിപ്പാവയാവരുത്. തുര്‍ക്കി ഭരിക്കുന്നത് സൈന്യമല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടവും 52 ശതമാനം വോട്ട് നേടി അധികാരത്തിലേറിയ പ്രസിഡന്റും ഇവിടെയുണ്ട്. ശത്രുക്കള്‍ക്കെതിരേ തങ്ങള്‍ ശക്തമായി നിലകൊള്ളും. പെന്‍സില്‍വാനിയയിലിരുന്ന് തുര്‍ക്കിക്കെതിരേ നീക്കങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഫത്തഹുല്ല ഗുലനെ ഉദ്ദേശിച്ച് ഉര്‍ദുഗാന്‍ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ മാതൃരാജ്യത്തേക്ക് തിരിച്ചുവരണം. അങ്കാറയില്‍ നേരിട്ട നേരിയ തടസ്സം ജനങ്ങള്‍ നീക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണനിലയിലാവുംവരെ നിങ്ങള്‍ തെരുവില്‍ തുടരണം. ഞാനും നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നു പറഞ്ഞ ഉര്‍ദുഗാന്‍ ജനങ്ങള്‍ക്ക് നന്ദിചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
തുര്‍ക്കിയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത പാടാണ് കഴിഞ്ഞ രാത്രി നടന്നതെന്ന് പ്രധാനമന്ത്രി യില്‍ദരിം പറഞ്ഞു. അട്ടിമറിശ്രമം നടത്തിയവര്‍ കടുത്ത ശിക്ഷ സ്വീകരിക്കേണ്ടിവരും. ഇവര്‍ക്കു വധശിക്ഷ നല്‍കണമോ എന്ന കാര്യം പാര്‍ലമെന്റ് തീരുമാനിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക