|    Jan 17 Tue, 2017 12:35 pm
FLASH NEWS

ചണ്ണക്കാമണ്‍ മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ നിര്‍മാണം പാതിവഴിയില്‍

Published : 15th August 2016 | Posted By: SMR

പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ ചണ്ണക്കാമണ്‍ മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ നിര്‍മാണം പാതിവഴിയില്‍. കെട്ടിടം പണി നിലച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആരും തിരിഞ്ഞുപോലും നോക്കുന്നില്ല. പകുതിയോളം പൂര്‍ത്തിയായ കെട്ടിടം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
ഒന്നേകാല്‍ കോടി രൂപയാണ് മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ നിര്‍മാണത്തിന്റെ അടങ്കല്‍. ഓഫിസ്, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, വനം കേസുകളിലെ പ്രതികളെ പാര്‍പ്പിക്കാനുള്ള സെല്‍ എന്നിവയാണ് ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഒരുക്കേണ്ടത്. 2013 ല്‍ വനം മന്ത്രിയായിരുന്ന കെ ബി ഗണേശ്കുമാറാണ് പദ്ധതിക്ക് മുന്‍കൈയെടുത്തതും പണം അനുവദിച്ചതും. ആ വര്‍ഷം ജൂണില്‍ നിര്‍മാണോദ്ഘാടനം നടന്നു. കെട്ടിടം പകുതിയോളം പൂര്‍ത്തിയായെങ്കിലും 18 ലക്ഷം രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചത്.
വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഇടങ്കോലിട്ടത് കാരണം ആദ്യഘട്ടം നല്‍കിയ ബില്‍ മാറാന്‍ പോലും കാലതാമസമുണ്ടായി. ഇതോടെ നിര്‍മാണം നിലച്ചു. മൂന്ന് മാസത്തിന് ശേഷം 18 ലക്ഷം രൂപയുടെ ബില്‍ മാറിയതോടെ പണി പുനരാരംഭിച്ചെങ്കിലും ചില നൂലാമാലകകള്‍ കാരണം വീണ്ടും നിലച്ചു. ഇതിനിടെ അടങ്കല്‍ തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് കരാറുകാരന്‍ നിവേദനം നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും പണി പുനരാരംഭിക്കാത്തതിനാല്‍ 2014 ജനുവരിയില്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുകയും എസ്റ്റിമേറ്റ് തുക വര്‍ദ്ധിപ്പിച്ച് പുതിയ ടെന്‍ഡറിന് നടപടികള്‍ തുടങ്ങുകയും ചെയ്തു.
ഇതിനിടെ ബെല്‍റ്റ് വാര്‍പ്പ് വരെയുളള പണികള്‍ പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. 2015 മാര്‍ച്ച് 31ന് മുമ്പ് പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു ഉത്തരവിലെ വ്യവസ്ഥ. തുടര്‍ന്നുള്ള പണികള്‍ കരാറുകാരന്‍ സ്ഥലവാസികളായ രണ്ട് പേര്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കി. കെട്ടിടത്തിന്റെ ബെമയിന്‍ വാര്‍പ്പിനുള്ള ഘട്ടം വരെ പൂര്‍ത്തിയാക്കി. ഒരു പാര്‍ട്ട് ബില്‍ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് അനുവദിച്ചില്ല. പണികള്‍ പൂര്‍ത്തിയാക്കി ശേഷം തുക വാങ്ങാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. ഇതോടെ കെട്ടിട നിര്‍മാണം വീണ്ടും നിലയ്ക്കുകയായിരുന്നു.
നിര്‍മ്മാണ കാലാവധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് കരാറുകാരന്‍ കോടതിയെ സമീപിച്ചതിനാല്‍ സെപ്തംബര്‍ വരെ നീട്ടിനല്‍കിയെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ ചെയ്ത പണിയുടെ ബില്‍ മാറി നല്‍കിയാല്‍ ഉടന്‍ പണി പൂര്‍ത്തിയാക്കാമെന്നാണ് കരാറുകാരന്‍ പറയുന്നത്. ഇത് അംഗീകരിക്കാന്‍ വനംവകുപ്പ് തയ്യാറല്ല. ഫോറസ്റ്റ് സ്‌റ്റേഷന്റെ നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രി കെ രാജുവിനും മറ്റ് ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാനും നടപടി ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കാനും തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക