|    May 25 Thu, 2017 1:10 am
FLASH NEWS

ചട്ടഞ്ചാലിലെ പത്ത് ഏക്കറില്‍ ഐടി പാര്‍ക്ക്

Published : 16th February 2016 | Posted By: SMR

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓരോ പഞ്ചായത്തിലും നാല് വീടുകള്‍ കൂടി നിര്‍മിച്ച് നല്‍കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ അന്തര്‍ദ്ദേശീയ നിലവാരമുള്ളതാക്കി ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് നടപടി സ്വീകരിക്കാന്‍ 2016-17 വാര്‍ഷിക പദ്ധതി വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തണല്‍ പദ്ധതിയില്‍ ഇതിനകം അനുവദിച്ച വീടുകള്‍ക്ക് പുറമെയാണിത്. ചട്ടഞ്ചാലിലെ ജില്ലാപഞ്ചായത്ത് അധീനതയിലുള്ള പത്തേക്കര്‍ ഭൂമിയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കും. ജില്ലയില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ഉദ്ദേശമുണ്ട്. ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ നടപ്പിലാക്കുന്ന സോളാര്‍ പദ്ധതിയില്‍ ഉല്‍പാദിപ്പിക്കുന്ന 75 കെവി വൈദ്യുതിയില്‍ ബാക്കിവരുന്ന ഊര്‍ജ്ജം കെഎസ്ഇബിക്ക് കൈമാറും. ഘടകസ്ഥാപനങ്ങള്‍ക്കും ഈ പദ്ധതി നടപ്പിലാക്കാവുന്നതാണ്.ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗം ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു.
കിട്ടിയ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന് ലഭിച്ച രണ്ടു കോടി രൂപയുടെ ഫണ്ട് ഉടന്‍ ചെലവഴിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് ഘടക സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം.ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള റോഡുകളില്‍ ചെറിയ കുഴികള്‍ രൂപപ്പെട്ടാലുടന്‍ പരിഹരിക്കുന്നതിന് ഹലോ എന്‍ജിനിയര്‍ പദ്ധതിക്ക് രൂപം നല്‍കും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായും ഫോണിലൂടെയും വിവരം കൈമാറാനുള്ള സംവിധാനമാണിത്. ജില്ലാ പഞ്ചായത്തിന്റെ മാതൃക റോഡുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണതയിലെത്തിക്കും.
റോഡുകള്‍ വീതികൂട്ടി ഗതാഗത യോഗ്യമാക്കും. തദ്ദേശീയ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ച് പരിപാലിക്കുന്ന ഹരിതപാത പദ്ധതിക്ക് പ്രാഥമിക രൂപമായി.
ഉല്‍പാദന മേഖലയില്‍ സമ്പൂര്‍ണ്ണ ജൈവകൃഷി ജില്ലയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കും. സ്വയംപര്യാപ്ത ഉല്‍പാദന മേഖലയാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നത്. പ്രാഥമിക വിദ്യാഭ്യാസ മേഖല മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഗുണനിലവാരം ഉയര്‍ത്തും. വിദ്യാലയങ്ങളെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് വളര്‍ത്തുകയാണ് ലക്ഷ്യം.
ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ സമ്പൂര്‍ണ്ണമായും കുടിവെള്ളം ലഭ്യമാക്കുന്നതിന് വാര്‍ഷിക പദ്ധതിയില്‍ നടപടിയെടുക്കും. സംസ്ഥാനത്തിന് മാതൃകയാവുന്നവയാണ് ഈ പദ്ധതികള്‍. വനിതാക്ഷേമത്തിനായി വികസനഫണ്ടില്‍ പത്തു ശതമാനം തുക വകയിരുത്തും. ഇതില്‍ പത്ത് ശതമാനം വിധവകളുടെ ക്ഷേമത്തിനായിരിക്കും. അഞ്ച് ശതമാനം തുക പാലിയേറ്റീവ് കെയര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം, വൃദ്ധരുടെ സംരക്ഷണം എന്നിവയ്ക്ക് വകയിരുത്തും. ഭിന്നശേഷിയുള്ളവര്‍ക്ക് സഹായോപകരണങ്ങള്‍ ലഭ്യമാകും.
ചെലവ് രഹിത പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം, സീറോ വേസ്റ്റ് പദ്ധതികള്‍ ഈ വാര്‍ഷിക പദ്ധതിയില്‍ യാഥാര്‍ത്ഥ്യമാകും. കുടുംബശ്രീ ജില്ലാമിഷന്‍ സമര്‍പ്പിച്ച കര്‍മ്മപദ്ധതി പരിശോധിച്ച് പദ്ധതികള്‍ തയ്യാറാക്കും. 15 വിഷയങ്ങളില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ വിഭാഗങ്ങളായി ചര്‍ച്ച ചെയ്താണ് രൂപരേഖ തയ്യാറാക്കിയത്. ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ ആസൂത്രണ രൂപരേഖ അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ അലി ഹര്‍ഷാദ് വോര്‍ക്കാടി, പാദൂര്‍ കുഞ്ഞാമു ഹാജി, അഡ്വ. ഇ പി ഉഷ, ഫരീദ സക്കീര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എം ശ്രീകാന്ത്, എം കേളുപണിക്കര്‍, എം നാരായണന്‍, പുഷ്പ അമേക്കള, മുംതാസ് സമീറ, പി വി പത്മജ, ജോസ് പതാലില്‍, ഇ പത്മാവതി, സുഫൈജ ടീച്ചര്‍, പി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി പി ജാനകി, വി ഗൗരി, ഓമനാരാമചന്ദ്രന്‍, എ കെ എം അഷറഫ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day