|    Sep 26 Wed, 2018 6:56 am
FLASH NEWS

ചട്ടങ്ങളിലെ ഭേദഗതി ക്വാറി മാഫിയയെ സഹായിക്കാനെന്ന് ആക്ഷേപം

Published : 24th June 2017 | Posted By: fsq

 

കല്‍പ്പറ്റ: കേരള മൈനര്‍ മിനറല്‍ കണ്‍സ്ട്രക്ഷന്‍ ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തത് ക്വാറി മാഫിയയെ സഹായിക്കാനാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. കളിമണ്ണ് ശേഖരണം, ചെങ്കല്‍ വെട്ടല്‍ തുടങ്ങി സ്‌ഫോടനം ആവശ്യമില്ലാത്ത ഖനനത്തിനു പൊതുസ്ഥലങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു 50 മീറ്റര്‍ ദൂരപരിധി മതിയെന്ന നിലവിലെ വ്യവസ്ഥ ദുര്‍വ്യാഖ്യാനം ചെയ്താണ് വ്യവസായ മന്ത്രി ചട്ടങ്ങളുടെ ഭേദഗതി കൊണ്ടുവന്നതും മന്ത്രിസഭ ഐകകണ്‌ഠ്യേന അംഗീകരിച്ചതും. ഇത് സര്‍ക്കാരിന്റെ മാഫിയാബന്ധം തുറന്നുകാണിക്കുന്നതാണ്. എല്ലാ ഖനനങ്ങള്‍ക്കും പിരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമാക്കുന്ന 2012ലെ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാതെ അഞ്ച് ഹെക്റ്ററില്‍ താഴെയുള്ള മുഴുവന്‍ ഖനനങ്ങള്‍ക്കും ഒത്താശ ചെയ്ത യുഡിഎഫ് സര്‍ക്കാരിനെ കടത്തിവെട്ടിയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. കേരളത്തില്‍ കരിങ്കല്‍ ക്വാറികള്‍ വ്യാപകമല്ലാതിരുന്ന കാലത്ത് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളില്‍ കൈത്തമര്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി 1967ല്‍ കൊണ്ടുവന്നതാണ് കേരള മൈനര്‍ മിനറല്‍ കണ്‍സ്ട്രക്ഷന്‍ ആക്റ്റ്. ഇത് മാഫിയകള്‍ക്കുവേണ്ടി ജനദ്രോഹകരമായ രീതിയില്‍ ഭേദഗതി ചെയ്തത് ജനാധിപത്യത്തോടുളള വെല്ലുവിളിയാണ്. ഖനന, നിര്‍മാണ മേഖലകളിലെ മാഫിയകള്‍ക്കുവേണ്ടിയാണ് കേരളത്തിലെ ഭരണകൂടങ്ങള്‍ നിലകൊള്ളുന്നത്. പാരിസ്ഥിതിക ദുരന്തങ്ങളില്‍നിന്നു സംസ്ഥാനത്തെ രക്ഷിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനും ഖനന മേഖലയില്‍നിന്നു പൊതുസ്ഥലങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കുമുള്ള ദൂരപരിധി ഒരു കിലോമീറ്ററായെങ്കിലും ഉയര്‍ത്തണം. നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും പരിധി നിശ്ചയിക്കുകയും വേണം. ഇതിനുതകുന്ന നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാവേണ്ടത്. വരള്‍ച്ചയും കാര്‍ഷികത്തകര്‍ച്ചയും പാരിസ്ഥിതിക ദുരന്തങ്ങളുംകൊണ്ട് തകരുന്ന വയനാടിനെ കരിങ്കല്‍ ഖനനത്തില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണം. പരിസ്ഥിതി സന്തുലനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ പരിസ്ഥിതി സംഘടനകള്‍ നടത്തുന്ന നീക്കങ്ങള്‍ക്കു പിന്നില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണം- സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍ ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയല്‍, കെ പി ജേക്കബ്, ബാബു മൈലമ്പാടി, എം ഗംഗാധരന്‍, പി എം സുഭാഷ്, രാമകൃഷ്ണന്‍ തച്ചമ്പത്ത്, സി എസ് ഗോപാലകൃഷ്ണന്‍, ജസ്റ്റിന്‍ ഏഴാംചിറ, സണ്ണി മരക്കടവ്, ഗോകുല്‍ദാസ് ബത്തേരി, വി എം വിമല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss