|    Nov 22 Wed, 2017 4:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ചടുലതയുടെ 10 വര്‍ഷങ്ങള്‍ : ഹാമിദ് അന്‍സാരി പടിയിറങ്ങി

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദവിയില്‍ ഹാമിദ് അന്‍സാരി പടിയിറങ്ങുന്നത് ചടുലമായ 10 വര്‍ഷങ്ങള്‍ക്കു ശേഷം. പ്രവര്‍ത്തന കാലയളവിലെല്ലാം ഊര്‍ജസ്വലനും വിജ്ഞാനദാഹിയുമായ ഉപരാഷ്ട്രപതിയായിരുന്നു 81കാരനായ അന്‍സാരി. 2007ലാണ് ഹാമിദ് അന്‍സാരി ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2012ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1961ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നതോടെയാണ് അന്‍സാരിയുടെ കരിയറിലെ അറിയപ്പെടുന്ന വളര്‍ച്ച തുടങ്ങുന്നത്. 40 വര്‍ഷം വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധിയായി സേവനം ചെയ്തു. പടിഞ്ഞാറന്‍ ഏഷ്യയിലെയും മധ്യപൗരസ്ത്യദേശത്തെയും ചരിത്രവും രാഷ്ട്രീയവും അദ്ദേഹത്തിനു നല്ല ധാരണയുണ്ടായിരുന്നു. സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുന്നത് അന്‍സാരിയിലൂടെയാണ്. മൊറോക്കോയിലും ബ്രസല്‍സിലും ആസ്‌ത്രേലിയയിലും അഫ്ഗാനിസ്താനിലും ഇറാനിലും ഇന്ത്യന്‍ പ്രതിനിധിയായിട്ടുണ്ട്. യുഎന്നില്‍ സ്ഥിരം പ്രതിനിധിയായ അദ്ദേഹം ഇന്ത്യയുടെ ശക്തമായ നാവായി മാറി. രാജ്യം പദ്മശ്രീ നല്‍കിയാണ് അന്‍സാരിയുടെ സേവനങ്ങളെ അന്ന് ആദരിച്ചത്. 2000ല്‍ അലിഗഡ് സര്‍വകലാശാലാ വൈസ് ചാന്‍സലറായാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. 2006ല്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്വയം പദവിയൊഴിഞ്ഞു. തുടര്‍ന്നാണ് ഉപരാഷ്ട്രപതിയാവുന്നത്. ഉപരാഷ്ട്രപതിയായ 10 വര്‍ഷം വിവാദങ്ങളില്ലാത്തതായിരുന്നു. എന്നാല്‍, 2011 ഡിസംബര്‍ 30ന് അര്‍ധരാത്രിയും രാജ്യസഭ ലോക്പാല്‍ ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ സഭ പെട്ടെന്ന് നിര്‍ത്തിവച്ചത് വിമര്‍ശനത്തിനിടയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ യോഗ ദിനാഘോഷങ്ങളിലും അന്‍സാരി പങ്കെടുത്തിരുന്നില്ല. 10 വര്‍ഷം രാജ്യസഭ നിയന്ത്രിച്ചിട്ടും ഇരുപക്ഷത്തുനിന്നും സുഹൃത്തുക്കളെ സമ്പാദിക്കാന്‍ അന്‍സാരിക്ക് സാധിച്ചുവെന്ന് ഇന്നലെ രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക