|    Apr 26 Thu, 2018 5:36 am
FLASH NEWS

ചടയമംഗലത്തെ മുന്നണി പോര് ബലാബലം

Published : 11th May 2016 | Posted By: SMR

കൊല്ലം:തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടം എത്തിയതോടെ കടുത്ത മല്‍സരമാണ് ചടയമംഗലം മണ്ഡലത്തില്‍ നടക്കുന്നത്. മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇടത്തോട്ടും വലത്തോട്ടും ഒരുപോലെ മറയുന്ന മണ്ഡലത്തിന്റെ പാരമ്പര്യമാണ് മുന്നണികളെ ആശങ്കയിലാക്കുന്നത്.
2001ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചെങ്കിലും ഇപ്പോള്‍ എല്‍ഡിഫിന് സ്വാധീനമുള്ള മണ്ഡലമാണ് ചടയമംഗലം. കഴിഞ്ഞ രണ്ട് തവണയും ഇടതിനോടൊപ്പം നിന്ന മണ്ഡലമാണ് ഇത്. ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സിറ്റിങ് എംഎല്‍എ മുല്ലക്കര രത്‌നാകരന്‍ ഇത്തവണയും ജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. ശക്തനായ എതിരാളിയെ തന്നെ മല്‍സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമം. അതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്.
കരുത്ത് തെളിയിക്കാന്‍ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി ജലീല്‍ കടയ്ക്കലും രംഗത്തുണ്ട്. കെ സദാശിവന്‍(എന്‍ഡിഎ), മുഹമ്മദ് നജീം(പിഡിപി), സാജിദ് ഖാലിദ്(വെല്‍ഫെയര്‍ പാര്‍ട്ടി), ശ്രീജിത്ത്(ശിവസേന), സണ്ണി ഇട്ടിവ(സ്വതന്ത്രന്‍)എന്നിവരാണ് മല്‍സര രംഗത്തുള്ള മറ്റു സ്ഥാനാര്‍ഥികള്‍.തിരഞ്ഞെടുപ്പിന് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കെ അങ്കത്തട്ടില്‍ വീറും വാശിയും വര്‍ധിച്ചു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രചാരണവും തന്ത്രങ്ങളുമാണ് ഇരുമുന്നണികളും എസ്ഡിപിഐയും എന്‍ഡിഎയും പയറ്റുന്നത്.കണ്ണന്‍കോട് ജങ്ഷനിലായിരുന്നു മുല്ലക്കര രത്‌നാകരന്റെ കഴിഞ്ഞദിവസത്തെ സ്വീകരണം. സിപിഎം ജില്ലാകമ്മിറ്റിയംഗം കരകുളം ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡപകുന്നും ചിതറയും കോത്തലയും കടന്ന് കിഴക്കുംഭാഗം ജങഷനിലേക്ക് കടന്നുവരുമ്പോള്‍ സ്ഥാനാര്‍ഥിയുടെ വാഹനത്തിന് പിന്നാലെ ഇരുചക്രവാഹനങ്ങളില്‍ എല്‍ഡിവൈഎഫ് പ്രവര്‍ത്തകരുടെ നീണ്ടനിര ദൃശ്യമായിരുന്നു.
ബൗണ്ടര്‍ മുക്കിലായിരുന്നു അവസാന സ്വീകരണം.എല്‍ഡിഎഫ് നേതാക്കളായ കരകുളം ബാബു, കെ സുകുമാരപിള്ള, എസ് ബുഹാരി, കണ്ണങ്കോട്ട് സുധാകരന്‍, മടത്തറ അനില്‍, കെ വിജയന്‍, എസ് ആനന്ദകുസുമം, എ ഹംസ, സുജിതാ കൈലാസ്, ബിനോയ് ശുഭകുമാര്‍, സി ബി ജയിന്‍ സംസാരിച്ചു.യുഡിഎഫ് സ്ഥാനാര്‍ഥി എം എം ഹസ്സന്റെ സ്വീകരണം കഴിഞ്ഞ ദിവസങ്ങളില്‍ ചടയമംഗലം പഞ്ചായത്തിലായിരുന്നു. വെട്ടുവഴി ജങ്ഷനില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി പ്രചാരണം ഉദ്ഘാടനം ചെയ്തു. എം എം നസീര്‍, വി ഒ സാജന്‍, ഷെബീര്‍ മാറ്റാപ്പള്ളി, ആര്‍ എസ് അരുണ്‍രാജ്, ചിതറ മുരളി, കൊല്ലായില്‍ സുരേഷ്, യൂസഫ് ചേലപ്പള്ളി, മഠത്തില്‍ മോഹനന്‍ പിള്ള, ഭുവനേന്ദ്രക്കുറുപ്പ് സംസാരിച്ചു. എഴുപതോളം കേന്ദ്രങ്ങളില്‍ സ്വീകരണം നടന്നു. കുരിയോട് പള്ളിമുക്കില്‍ സമാപിച്ചു. കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോയും ഹസന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇന്നലെ മണ്ഡലത്തിലെത്തിയിരുന്നു. എസ്ഡിപിഐ സ്ഥാനാര്‍ഥി ജലീല്‍ കടയ്ക്കല്‍ ഇത്തവണ രണ്ടാം അങ്കത്തിനാണിറങ്ങുന്നത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതില്‍ നിന്നും വ്യത്യസ്ഥമായി വോട്ട് ശതമാനം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇരട്ടിയില്‍ അധികമായി വര്‍ധിപ്പിക്കാനായിരുന്നു. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടുകയും ചെയ്തിരുന്നു. ഇത് അനുകൂല ഘടകമായാണ് എസ്ഡിപിഐ കരുതുന്നത്. തലവരമ്പ് ക്വാറി സമരം,കടയ്ക്കല്‍ താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള നടന്ന സമരം,ഗ്യാസ് അഴിമതിക്കെതിരേ നടന്ന സമരം എന്നിവയില്‍ മുന്‍നിര പോരാളിയായിരുന്നു ജലീല്‍ കടയ്ക്കല്‍. കൂടാതെ ഐതിഹാസികമായ അരിപ്പ ഭൂസമരത്തില്‍ പങ്കാളിയാകുകയും സമര പോരാളികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചു നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയും ഭൂസമരത്തെ ജനകീയമാക്കുന്നതില്‍ പങ്കു വഹിച്ചിരുന്നു. സംസ്ഥാന തലത്തില്‍ പാര്‍ട്ടി നടത്തിയ ഭൂസമര ജാഥയുടെ ജില്ല കാപ്റ്റനായും സമര സമിതി സ്ഥിരാംഗമായും പ്രവര്‍ത്തിച്ച ഇദ്ദേഹം ഗെയില്‍ പ്രക്ഷോഭത്തിനു പാര്‍ട്ടിയോടൊപ്പം സംസ്ഥാന തലത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ മുന്‍ പന്തിയിലുണ്ടായിരുന്നു. മുതയില്‍ എല്‍പി സ്‌കൂളിന്റെ പിടിഐ പ്രസിഡന്റ് ആയി രണ്ട് തവണ സേവനമനുഷ്ടിച്ച ഇദ്ദേഹം മുതയില്‍ പൗരാവലി പ്രസിഡന്റ് , മുസ്‌ലിം പൗര സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രാദേശിക സാമൂഹിക മണ്ഡലത്തില്‍ സജീവ സാന്നിധ്യമാണ്. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.ഇന്നലെ കാരാളികോണം, റോഡുവിള, വടപ്പാറ എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രചാരണം നടന്നു. സ്വീകരണ പരിപാടി ഇന്ന് ആരംഭിക്കും. ഇട്ടിവ, ചടയമംഗലം, അലയമണ്‍ പഞ്ചായത്തുകളിലാണ് ഇന്നത്തെ സ്വീകരണം. രാവിലെ ഇളമ്പഴന്നൂരില്‍ നിന്നും ആരംഭിക്കുന്ന സ്വീകരണം രാത്രി പോരേടത്ത് സമാപിക്കും.
വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സജീദ് ഖാലിദിന്റെ സ്വീകരണ പര്യടന പരിപാടി അവസാന ഘട്ടത്തിലാണ്. ഇന്നലെ രാവിലെ അലയമണ്‍ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഫാ.അബ്രഹാം ജോസഫ് സ്വീകരണ പരിപാടി അഞ്ചല്‍ കോളജ് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss