|    Apr 22 Sun, 2018 12:32 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ചങ്ങാത്തസര്‍ക്കാരിന്റെ പിറവി

Published : 24th March 2016 | Posted By: RKN

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

തിരഞ്ഞെടുപ്പ് അരിയിട്ടുവാഴ്ച നടത്താന്‍ കിട്ടിയ ഒരവസരമെന്ന മട്ടിലാണ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കാര്യപരിപാടികള്‍ സിപിഎം കേരള നേതൃത്വം കൈകാര്യം ചെയ്യുന്നത്. അതിന്റെ ഭാഗമായ ആക്രാന്തങ്ങളും വാരിപ്പിടിത്തങ്ങളും വെട്ടിനിരത്തലുകളും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിനിര്‍ണയത്തിലും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിലും പതിവില്ലാത്ത രംഗങ്ങള്‍ സൃഷ്ടിക്കുന്നു.
അടിച്ചേല്‍പിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ മണ്ഡലങ്ങള്‍തോറും പോസ്റ്ററുകള്‍ വ്യാപകമാവുന്നു. സഭയുടെ സ്ഥാനാര്‍ഥിയെ വേണ്ട, പെയ്ഡ് സ്ഥാനാര്‍ഥിയെ വേണ്ട, ബിഡിജെഎസില്‍ ചേക്കേറാന്‍ സിപിഎം സ്ഥാനാര്‍ഥിയാക്കേണ്ട തുടങ്ങിയ ആരോപണങ്ങളാണ് ചുവര്‍ പോസ്റ്ററുകളിലൂടെ ഉന്നയിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഗവണ്‍മെന്റ് ഉറപ്പായെന്ന അമിതാവേശത്തിലാണ് സിപിഎമ്മില്‍ സാധാരണമല്ലാത്ത പൊട്ടിത്തെറികള്‍. വിഎസിനെയും പിണറായിയെയും ഒപ്പം മല്‍സരരംഗത്തിറക്കുമെന്ന കേന്ദ്രനേതൃത്വ തീരുമാനം വെളിപ്പെട്ടതോടെയാണ് പിണറായി വിജയന്റെ അരിയിട്ടുവാഴ്ച ഉറപ്പുവരുത്താനുള്ള ആസൂത്രിതനീക്കങ്ങള്‍ ശക്തിപ്പെട്ടത്. നിയമസഭാകക്ഷിയില്‍ വിഎസിനെ നിര്‍ദേശിക്കാന്‍പോലും ആരും ഉണ്ടാവാത്തവിധം അര്‍ഹതയുള്ളവരെ ഒഴിവാക്കുകയാണ്. പ്രായം പറഞ്ഞും രണ്ടുതവണ മല്‍സരിച്ച വ്യവസ്ഥ ബാധകമാക്കിയും ജില്ലാ കമ്മിറ്റി തീരുമാനങ്ങളെ ബാഹ്യമായി സ്വാധീനിച്ചും മറ്റും ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ടവരായിട്ടുപോലും മറ്റുപല പരിഗണനയുടെ പേരിലും അര്‍ഹതയുള്ളവര്‍ തഴയപ്പെട്ടു.
ഘടകകക്ഷികള്‍ സീറ്റ് കാര്യത്തിലും ഓച്ചാനിച്ചുനില്‍ക്കേണ്ട അവസ്ഥയാണ്. എകെജി സെന്ററില്‍ മൂന്നുവട്ടം ചര്‍ച്ച നടത്തിയിട്ടും സിപിഐയുടെ സീറ്റ് വിഭജനം തീരുമാനിച്ചില്ല. കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസ് വരെ നിരാശയിലാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെട്ടതു മുതല്‍ അതിന്റെ ഭാഗമാണെങ്കിലും ജയസാധ്യതയുള്ള ഒരു മണ്ഡലം ഇത്തവണ തരുന്നില്ലെങ്കില്‍ മല്‍സരിക്കില്ലെന്ന് കടന്നപ്പള്ളി. മറ്റുള്ളവരുമായുള്ള ചര്‍ച്ച കഴിയട്ടെ എന്ന് എകെജി സെന്ററിലെ തമ്പ്രാക്കള്‍. മറ്റുള്ളവരെന്നാല്‍ കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പറഞ്ഞുറപ്പിച്ച് എകെജി സെന്ററില്‍ വന്നവര്‍. യുഡിഎഫ് വിട്ടുവന്ന ഗൗരിയമ്മയുടെ ജെഎസ്എസ് വിഭാഗം, അഴിമതി പ്രശ്‌നത്തില്‍ വി എസ് അച്യുതാനന്ദന്‍ സുപ്രിംകോടതിയില്‍ കേസ് നടത്തി ജയിലിലടച്ച ആര്‍ ബാലകൃഷ്ണപ്പിള്ള, മകന്‍ ഗണേഷ് കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ എം മാണിയുടെയും പ്രഘോഷകനായി രണ്ടു ഡസന്‍ പേഴ്‌സനല്‍ സ്റ്റാഫും ചീഫ്‌വിപ്പിന്റെ കാബിനറ്റ് പദവിയുമായി നടന്നിരുന്ന പി സി ജോര്‍ജ് തുടങ്ങിയവര്‍. ഇവരുടെ ആതിഥ്യം കഴിയും വരെ ഐഎന്‍എല്ലും ഫോര്‍വേഡ് ബ്ലോക്കും വരെ കാത്തിരിക്കണം.
അരിയിട്ടുവാഴ്ച ഉറപ്പിക്കാന്‍ എം എം ലോറന്‍സ് മുതല്‍ നിത്യ സ്തുതിപാഠകര്‍ വരെ ദൃശ്യമാധ്യമങ്ങളില്‍ സജീവമാണ്. വിഎസ് മല്‍സരിച്ചാലും മുഖ്യമന്ത്രി പിണറായി തന്നെ എന്ന പ്രചാരവേല ശക്തിപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞേ തീരുമാനിക്കൂ എന്ന് കേന്ദ്രനേതൃത്വം അറിയിച്ചിട്ടും ഇതെല്ലാം അധികാരകേന്ദ്രത്തില്‍നിന്ന് നിര്‍ദേശിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതുംകൊണ്ടാണ്. ഇഎംഎസും എകെജിയും മല്‍സരിക്കാതെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നല്‍കിയതുപോലെ വിഎസും ചെയ്യണമെന്നാണ് ലോറന്‍സ് ഉപദേശിക്കുന്നത്. എകെജി 1952 മുതല്‍ 1977 മാര്‍ച്ച് 22ന് മരണപ്പെടും വരെ തുടര്‍ച്ചയായി 25 വര്‍ഷം പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവായിരുന്നു. ഇഎംഎസാവട്ടെ കേരളത്തിലെ മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ആയി തുടര്‍ച്ചയായി 21 വര്‍ഷം പ്രവര്‍ത്തിച്ചു. 78ല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായ ശേഷമാണ് സെക്രട്ടറി, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന മാതൃക സ്വയം സൃഷ്ടിച്ചത്. എംഎല്‍എ ആകാനും മുഖ്യമന്ത്രിയാവാനും പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് സ്വയം ചാടിയിറങ്ങിയ നേതാവാണ് ഇ കെ നായനാര്‍. ആ മാതൃകയെക്കുറിച്ച് അറിവുള്ള ലോറന്‍സ് പക്ഷേ, പറയുന്നില്ല.
വിഎസ് മല്‍സരിക്കുമെന്ന പാര്‍ട്ടി തീരുമാനം അരിയിട്ടുവാഴ്ചക്കാരുടെ ഉറക്കം കെടുത്തി. പാര്‍ട്ടി കേന്ദ്ര ആസ്ഥാനത്തുള്ള പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള തന്നെ പ്രതികരിച്ചു. വിഎസിന് കേന്ദ്രനേതൃത്വം പ്രത്യേക ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന്. ഇതു സിപിഎമ്മില്‍ മാത്രമല്ല ആശയക്കുഴപ്പം ഉണ്ടാക്കിയത്. മിസ്ഡ് കോള്‍ ശൈലി ജയിച്ചാല്‍ മുഖ്യമന്ത്രിയുടെ തീരുമാനവും ആ മട്ടിലാവുമോ എന്ന ആശങ്ക സിപിഐ കേന്ദ്രനേതൃത്വത്തിനുപോലുമുണ്ടായി. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ഡി രാജയും എകെജി ഭവനിലെത്തി യെച്ചൂരിയെ കണ്ടു. മുഖ്യമന്ത്രിയെ എല്‍ഡിഎഫില്‍ ആലോചിച്ചേ തീരുമാനിക്കൂ എന്ന് മാധ്യമ കാമറകള്‍ക്കു മുമ്പില്‍ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചശേഷമാണ് സിപിഐ നേതാക്കള്‍ മടങ്ങിയത്.
ബിജെപി മുന്നണിക്കെതിരായി രാഷ്ട്രീയ പോരാട്ടം കേന്ദ്രീകരിക്കേണ്ട ചില മണ്ഡലങ്ങളാണ് നേമം തുടങ്ങി തിരുവനന്തപുരത്തും ആറന്മുളയുള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലും കൊല്ലത്തും. ഈ മൂന്നിടങ്ങൡലെയും സ്ഥാനാര്‍ഥിപ്പട്ടിക സംസ്ഥാന കമ്മിറ്റിക്ക് തിരിച്ചയക്കേണ്ടി വന്നു. എത്ര ഗൗരവത്തോടെയാണ് ജില്ലാ കമ്മിറ്റികള്‍ സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കിയത് എന്നതിന്റെ തെളിവാണിത്. ഗുരുദാസനെ വീണ്ടും കൊല്ലത്ത് മല്‍സരിപ്പിക്കാത്തത്, ന്യൂനപക്ഷ വനിതയായ ആയിഷാ പോറ്റിക്ക് സീറ്റ് നിഷേധിച്ച തീരുമാനം തിരുത്തേണ്ടിവന്നത്, 1980ല്‍ ഇടതുമുന്നണി കേരളത്തില്‍ തോറ്റമ്പിയപ്പോള്‍ കോട്ടയത്തുനിന്ന് ജയിച്ച് ലോക്‌സഭയിലെത്തി സിപിഎമ്മിന്റെ മാനം കാത്ത സുരേഷ് കുറുപ്പിനെ ആദ്യം ഒഴിവാക്കിയത്, വീണ്ടും പരിഗണിക്കേണ്ടിവരുന്നത്- ഇതിലൊക്കെ ഒരു പൊതു പാറ്റേണ്‍ കാണുന്നു.
കായംകുളത്ത് നിര്‍ത്തിയ സ്ഥാനാര്‍ഥി ബിഡിജെഎസ് നേതാവിന്റെ അടുത്ത ബന്ധു, ആറന്മുളയിലേക്കു കണ്ടെത്തിയ ദൃശ്യമാധ്യമപ്രവര്‍ത്തക ഓര്‍ത്തഡോക്‌സ് സഭയുടെ പ്രമുഖന്റെ ബന്ധു- ഇതെല്ലാം ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ സിപിഐ തിരുവനന്തപുരത്ത് പെയ്ഡ് സ്ഥാനാര്‍ഥിയെ നിര്‍ത്തി കൈ പൊള്ളിച്ചതാണ്. അതിന്റെ ആവര്‍ത്തനമാണിതെന്ന ആക്ഷേപം അണികള്‍ ഉന്നയിക്കുന്നു. തൃശൂരിലെ ഇരിങ്ങാലക്കുടയില്‍ മുന്‍ സംസ്ഥാനകമ്മിറ്റിയംഗം ടി ശശിധരനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അണികള്‍ പ്രതിഷേധിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിലെ പാര്‍ട്ടി കോട്ടയില്‍ സിറ്റിങ് എംഎല്‍എയെ മല്‍സരിപ്പിക്കുന്നതിനെതിരേ മണ്ഡലം കമ്മിറ്റി തന്നെ വാളെടുക്കുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് എറണാകുളത്തെ മരടിലാണ് കാരായിമാര്‍ കഴിയുന്നത്. കണ്ണൂര്‍ മോഡല്‍ ഫഌക്‌സ് ബോര്‍ഡുകള്‍ അവിടെ ഉയരുന്നു, ജില്ലാ സെക്രട്ടറി പി രാജീവിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ട്.
വിഎസിന് അനുകൂലമായ പോസ്റ്ററുകളും പ്രകടനങ്ങളും നേരത്തേ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍നിന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കി എന്നായിരുന്നു വിമര്‍ശനം. പാര്‍ട്ടി ശത്രുക്കളുടെ പണിയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. സംസ്ഥാന കമ്മിറ്റി തീരുമാനം ജില്ലാ കമ്മിറ്റികളും ജില്ലാ കമ്മിറ്റി തീരുമാനം മണ്ഡലം കമ്മിറ്റികളും മല്‍സരിച്ച് ലംഘിക്കുകയാണ്. ഏപ്രിലില്‍ നടക്കുമെന്നു കരുതിയ തിരഞ്ഞെടുപ്പ് മെയിലേക്ക് നീട്ടിയതോടെ കിട്ടിയ നീണ്ട ഇടവേള ഇതിന് അവസരം സൃഷ്ടിച്ചു എന്നത് ഒരു ഘടകം. മുഖ്യ കാരണം അതല്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പുവരുത്തി തുറന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും ഭയരഹിതമായി പാര്‍ട്ടി ഘടകങ്ങളില്‍ നടക്കുന്നില്ല. നേതൃത്വം അടിച്ചേല്‍പിക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കേണ്ടിവരുന്നു. അതിനെതിരായ പൊട്ടിത്തെറിയാണിത്.
അഴിമതിപ്രശ്‌നം ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യുമെന്നായിരുന്നു എല്‍ഡിഎഫ് പറഞ്ഞുപോന്നത്. അഴിമതിക്കെതിരായ തിരഞ്ഞെടുപ്പ് കുരിശുയുദ്ധം പ്രത്യേകം കേന്ദ്രീകരിക്കേണ്ട മൂന്ന് മണ്ഡലങ്ങളുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി, ധനമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന മാണിയുടെ പാല, ബാര്‍ കോഴക്കേസില്‍പ്പെട്ട മന്ത്രി ബാബുവിന്റെ തൃപ്പുണിത്തുറ. തിരഞ്ഞെടുപ്പ് തലയില്‍ വന്നു കയറിയിട്ടും സിപിഎം അതു മറന്ന മട്ടാണ്.
ആര്‍എസ്എസും ഉമ്മന്‍ചാണ്ടിയും തമ്മില്‍ രഹസ്യധാരണ എന്ന് പിണറായി വിജയന്‍ ആരോപിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുമായി പിണറായിയും ചില ധാരണയിലാണെന്നു സംശയിപ്പിക്കുന്ന സ്ഥിതിയാണ് സോളാര്‍ സമരം പെട്ടെന്ന് അവസാനിപ്പിച്ചതു മുതല്‍ ജനങ്ങള്‍ക്കിടയിലുള്ളത്. ”എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പരസ്യപ്പെടുത്തില്ലെന്ന ഉറപ്പ് പ്രതിപക്ഷത്തിനുണ്ട്” എന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുകയും കൂടി ചെയ്യുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലസൂചന തനിക്ക് ഗുണം ചെയ്യില്ലെന്ന് കാണുമ്പോള്‍ പിണറായി വിജയന്റെ അരിയിട്ടുവാഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കൂടി കാണിക്ക ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം. കേരളത്തില്‍ ചങ്ങാത്തമുതലാളിത്തം എല്ലാ പിന്തുണയും നല്‍കി അധികാരത്തിലേറ്റുന്ന ഒരു ഗവണ്‍മെന്റാണല്ലോ പിറക്കാന്‍ പോവുന്നത്.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)    $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss