|    Oct 21 Sat, 2017 5:54 pm
FLASH NEWS

ചങ്ങനാശ്ശേരി റെയില്‍വേ മേല്‍പ്പാലം; പൈപ്പ്‌ലൈന്‍ മാറ്റല്‍ ജോലികള്‍ വീണ്ടും വൈകുന്നു

Published : 15th August 2016 | Posted By: SMR

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി-വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിലൂടെയും ഗുഡ്‌ഷെഡ് റോഡിലൂടെയുമുള്ള പൈപ്പ്‌ലൈന്‍ മാറ്റുന്ന ജോലികള്‍ വീണ്ടും വൈകുന്നു. ഇതേ തുടര്‍ന്ന് പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ നിര്‍മിക്കാനാവാതെ ബൈപാസ് ജങ്ഷന്‍ ഉള്‍പ്പെടെ ബൈപാസ് റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി.
പൈപ്പ് ലൈന്‍ മാറ്റുന്ന ജോലികള്‍ ഏറ്റെടുത്ത കൊച്ചിന്‍ മറൈന്‍ എന്‍ജിനീയേഴ്‌സ് എന്ന കരാറുകാരും വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരും റെയില്‍വേ അധികാരികളും രണ്ടാഴ്ച മുമ്പ് സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് പൈപ്പുകള്‍ മാറ്റുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും പുതിയ മേല്‍പ്പാലത്തില്‍ സ്ഥാപിക്കുന്നതിനുള്ള എംഎസ് പൈപ്പുകളും ഗുഡ്‌സ് ഷെഡ് റോഡില്‍ സ്ഥാപിക്കുന്നതിനുള്ള ഡെക്ടയില്‍ അയണ്‍ പൈപ്പുകളും ഈ ആഴ്ച എത്തിച്ചേരുമെന്നും വ്യക്തമാക്കിയിരുന്നു.
പുതിയ മേല്‍പ്പാലത്തിലെ പൈപ്പുകള്‍ മാറ്റുന്നതിനും  മറ്റുമായി 140 ലക്ഷം രൂപയുടെ പദ്ധതിയാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പുതിയ പാലത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുകയും പഴയപാലത്തിലെ പൈപ്പുകള്‍ അഴിച്ചുമാറ്റുകയും ഗുഡ്‌ഷെഡ് റോഡില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ  പുതിയപാലം തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം പഴയപാലം പൊളിച്ചു നീക്കുകയും ഇപ്പോള്‍ ഗതാഗതം മുടങ്ങിയിരിക്കുന്ന ഗുഡ്‌ഷെഡ് റോഡ് തുറന്നുകൊടുക്കാനുമാവും.
ഒരുവര്‍ഷം മുമ്പ് ആരംഭിച്ച റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും വാട്ടര്‍ അതോറിട്ടിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതുമൂലം പുതിയ പാലം തുറന്നുകൊടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്.ഇക്കാര്യത്തി ല്‍ കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടി റെയില്‍വേ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നെങ്കിലും പൈപ്പുകള്‍ മാറ്റിയിടുന്ന ജോലികള്‍ നടന്നില്ല. കഴിഞ്ഞ മാര്‍ച്ചു പത്തിനകം പഴയപാലം പൊളിച്ചു മാറ്റാനും തുടര്‍ന്ന് പാത വികസനം പൂര്‍ത്തിയാക്കാനുമായിരുന്നു റെയില്‍വേ തീരുമാനിച്ചിരുന്നത്.
റെയില്‍വേ പാത വികസനത്തിന്റെ ഭാഗമായി തിരുവല്ല റെയില്‍വേ യാര്‍ഡ് കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ചങ്ങനാശ്ശേരി വരെയുള്ള പാതയിരട്ടിപ്പിക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണെങ്കിലും  പഴയമേല്‍പ്പാലം പൊളിച്ചു നീക്കാതെ ഈ ഭാഗത്തെ പാത വീതികൂട്ടാനാവാതെയാകുകയായിരുന്നു.  എന്നാല്‍ പുതിയപാലത്തില്‍ അണ്ടര്‍ഗ്രൗണ്ട് കേബിളിലൂടെ വൈദ്യുതി,ബിഎസ്എന്‍എല്‍ ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരികയാണ്.
13 മീറ്റര്‍ വീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തി ല്‍ ഇരുവശങ്ങളിലും ഫുട്പാത്തുകളും ഒരുക്കിയിട്ടുണ്ട്. 4.5 കോടിരൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക