|    Oct 24 Wed, 2018 1:57 am
FLASH NEWS

ചങ്ങനാശ്ശേരി മനക്കച്ചിറ ജലോല്‍സവം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

Published : 13th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മനക്കച്ചിറ ജലോല്‍സവം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. വര്‍ഷങ്ങള്‍ക്കു മുമ്പ് പൂവം, ചങ്ങനാശ്ശേരി ഭാഗങ്ങളിലെ ജലോല്‍സവ പ്രേമികള്‍ മുന്‍കൈയെടുത്ത് ആരംഭിച്ച മനക്കച്ചിറ ജലോല്‍സവം ഏതാനും വര്‍ഷം മാത്രം നടത്തുകയും പിന്നീട് നിലക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ നഗരസഭയുടെ കാലത്തു വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യം കണക്കിലെടുത്തു സംഘാടക സമിതി രൂപീകരിക്കുകയും ജലോല്‍സവം പുനരാരംഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ പില്‍ക്കാലത്ത് ഇതു വീണ്ടും നിലച്ചെങ്കിലും  അഞ്ചുവര്‍ഷം മുമ്പ്  വീണ്ടും ആരംഭിക്കുകയും  വീണ്ടും നിലച്ചു.  പുത്തനാറിന് ആഴം കുറവാണെന്ന കാരണവും പോളയും പായലും കയറി വള്ളങ്ങള്‍ക്കു പോവാന്‍ കഴിയാതെ വരുന്നതിനാലുമാണ് വള്ളംകളി നടത്താന്‍ കഴിയാതെ വന്നതെന്നുമായിരുന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്ന കാരണം. കൂടാതെ ഓരോ വര്‍ഷവും ഈ ആറ്റിലെ പായല്‍ നീക്കം ചെയ്യാനായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്നതും ഏറെ വിമര്‍ശനത്തിനു കാരണമായിരുന്നു. വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാവുന്നതായും  ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. മുന്‍ വര്‍ഷങ്ങളിലെല്ലാം ഓണാഘോഷങ്ങളും കേരളത്തിലെ ജലോല്‍സവങ്ങളും സമാപിക്കുമ്പോഴുമായിരുന്നു ഇവിടെ വള്ളംകളി നടന്നിരുന്നതും. വള്ളങ്ങള്‍ ഒട്ടുമിക്കതും കരയ്ക്കു കയറ്റിയതിനു ശേഷം ഇവിടെ മല്‍സരം നടക്കുന്നതിനാല്‍ ജലോല്‍സവത്തില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് ജലോല്‍സവം നിര്‍ത്തിവച്ചത്. എന്നാല്‍ ആലപ്പുഴ, പായിപ്പാട്, ആറന്മുള, നീരേറ്റുപുറം, മാന്നാര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജലോല്‍സവം നടക്കുമ്പോള്‍ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ചങ്ങനാശ്ശേരിയില്‍ ജലോല്‍സവം നടത്തുന്നില്ല എന്ന ചോദ്യമാണ് ജനങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുള്ളത്. കൂടാതെ  പരിസരപ്രദേശങ്ങളിലുള്ളവര്‍ ചങ്ങനാശ്ശേരി വിട്ടു മറ്റു സ്ഥലങ്ങളില്‍ ജലോല്‍സവം കാണാന്‍ പോകേണ്ടിവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss