|    May 27 Sun, 2018 4:38 am
FLASH NEWS

ചങ്ങനാശ്ശേരി പടിഞ്ഞാറന്‍ ബൈപാസ് കടലാസിലൊതുങ്ങാന്‍ സാധ്യത

Published : 1st October 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരുന്ന ചങ്ങനാശ്ശേരി പടിഞ്ഞാറന്‍ ബൈപാസ് കടലാസിലൊതുങ്ങാന്‍ സാധ്യത. വര്‍ഷം അഞ്ചു കഴിയുകയും 57 കോടിയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടും നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിക്കാത്തതാണ് പദ്ധതി എങ്ങുമെത്താത്തത്. പദ്ധതിയുടെ 90 ശതമാനം ഭാഗങ്ങളും നെല്‍വയലിലൂടെ കടന്നുപോവുന്നതാണു നെല്‍വയല്‍ സംരക്ഷണ സമിതി അംഗീകാരം നല്‍കാന്‍ വൈകുന്നതിനു കാരണമായി അറിയുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി കിഴക്കന്‍ ബൈപാസ് യാഥാര്‍ഥ്യമായതിനു പിന്നാലെ പടിഞ്ഞാറന്‍ ബൈപാസിന്റെ രൂപരേഖക്കും സൂപ്രണ്ടിങ് എന്‍ജിനീയറുടെ അംഗീകാരവും നേരത്തെ ലഭിച്ചിരുന്നു. പൊതുമരാമത്തു ചീഫ് എഞ്ചിനീയറുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ തുടര്‍ നടപടികള്‍  ആരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ വര്‍ഷം പലതുകഴിഞ്ഞിട്ടും മുന്നോട്ടുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടുമില്ല. എംസി റോഡില്‍ പാലാത്രച്ചിറ തടിമില്ലിനു സമീപത്തു നിന്ന് ആരംഭിച്ച് കോണത്തോട് ക്ഷേത്രത്തിന്റെ പിന്നിലൂടെ കുറ്റിശ്ശേരിക്കടവ്, പറാല്‍പള്ളിയുടെ പടിഞ്ഞാറു ഭാഗത്തുകൂടി വെട്ടിത്തുരുത്തിലെത്തി എസി (ആലപ്പുഴ-ചങ്ങനാശ്ശേരി) റോഡും എസി കനാലും മുറിച്ചുകടന്ന് പെരുമ്പുഴ കടവ്് വഴി ളായിക്കാട്ട് അവസാനിക്കുന്നതാണ് പടിഞ്ഞാറന്‍ ബൈപാസ്. ഇതുകൂടി യാഥാര്‍ഥ്യമാവുന്നതോടെ ഫലത്തില്‍ ഇതു നഗരത്തെ വലയം ചെയ്യുന്ന റിങ് റോഡായി രൂപം പ്രാപിക്കുന്നതോടൊപ്പം കോട്ടയം, തിരുവല്ലാ, ആലപ്പുഴ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് ചങ്ങനാശ്ശേരി പട്ടണത്തില്‍ പ്രവേശിക്കാതെ തന്നെ പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,കുമളി ഭാഗങ്ങളിലേക്ക് പോകാനാകും. എട്ടുകി മീ.ദൈര്‍ഘ്യം വരുന്ന  ബൈപ്പാസിന് 7.5 മീറ്റര്‍ വീതിയില്‍ ടാറിങ് നടക്കും ഇതിനായി 15 മീറ്റര്‍ വീതിയിലായിരിക്കും റോഡ് നിര്‍മിക്കുക. 25 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കും. കുറ്റിശേരിക്കടവ്, വെട്ടിത്തുരുത്ത്, പെരുമ്പുഴക്കടവ് എന്നിവിടങ്ങളില്‍ നാലു വലിയ പാലങ്ങളുമുണ്ടാവും. റോഡ് മുറിച്ചു കടന്നുപോകുന്ന എസി റോഡിലും എസി കനാലിലും ഫ്‌ളൈ ഓവറുകളും നിര്‍മ്മിക്കും.പറാല്‍ വെട്ടിത്തുരുത്ത്,കാവാലിക്കര,മൂലേപ്പുതുവല്‍,കോമങ്കേരിച്ചിറ,അറുന്നൂറില്‍ പുതുവല്‍,നക്രാപുതുവല്‍,കക്കാട്ടുടവ്,പൂവ്വം, എന്നീ ഭാഗങ്ങളിലൂടെ കടന്നുപോകുന്നതുകാരണം ഈ പ്രദേശങ്ങലുടെ വികസനത്തിന് ബൈപ്പാസ് ഏറെ സഹായകരമായിരിക്കും.വില്ലേജ് സര്‍വ്വെയിലെ ലിത്തോ മാപ്പ് ശേഖരിക്കുന്നതോടെ മാത്രമെ ഏതൊക്കെ സര്‍വെ നമ്പരുള്ള സ്ഥലത്തു കൂടിയാണ് ബൈപ്പാസ് കടന്നു പോകുന്നതെന്ന് വ്യക്തമാകൂ.ഏറിയ ഭാഗവും പാടങ്ങള്‍ക്കു നടുവിലൂടെ കടന്നുപോകുന്നതുകാരണം പരമാവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നഷ്ടമുണ്ടാവില്ലെന്ന പ്രത്യേകതയും ഈ ബൈപാസിനുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പ്രഖ്യാപനം നടത്തിയിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനിടയില്‍ ഇതിന്റെ അലൈന്‍മെന്റില്‍ മാറ്റങ്ങള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. കിഴക്കന്‍ ബൈപാസ് ആരംഭിക്കുന്നിടത്തു നിന്ന് ഇതു ആരംഭിക്കാതെ 200 മീറ്ററോളം നീങ്ങി ആരംഭിക്കുന്നതുകാരണം എംസി റോഡില്‍ തൊട്ടടുത്തായി രണ്ടു ജങ്ഷനുകള്‍ ഉണ്ടാവുമെന്നും ഇതു റിങ് റോഡ് പദ്ധതി എന്ന കാഴ്ചപ്പാടിനു എതിരാവുമെന്നും അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ബൈപാസിനു വേണ്ടി അണിയറയില്‍ ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇതു കടന്നുപോവുന്ന ഭാഗങ്ങളിലെ പാടങ്ങള്‍ വളരെ വിലക്കുറവില്‍ വാങ്ങിക്കൂട്ടിയവരും ഉണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss