|    Jan 18 Wed, 2017 2:58 am
FLASH NEWS

ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാനെതിരേ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി; നേതൃത്വത്തിനു പരാതി നല്‍കി

Published : 12th July 2016 | Posted By: SMR

ചങ്ങനാശ്ശേരി: പെരുന്നയിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തിപ്പ് സിപിഎം നേതൃത്വത്തിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷനെ ഏല്‍പ്പിച്ച നടപടിയെ തുടര്‍ന്നു കോണ്‍ഗ്രസ്സില്‍ കലാപം. തുടര്‍ന്നു നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേലിനെതിരേ ഡിസിസിക്കു നല്‍കിയ പരാതിയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ കെപിസിസിക്കു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം.
നഗരസഭയിലെ യുഡിഎഫ് അംഗങ്ങള്‍ക്കിടയിലും ചെയര്‍മാനെതിരേ ശക്തമായ നീക്കമാണ് നടക്കുന്നത്. കഴിഞ്ഞ 30നു ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് വിമന്‍സ് ഹോസ്റ്റലിന്റെ നടത്തിപ്പ് മഹിളാ അസോസിയേഷനെ ഏല്‍പ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച വന്നത്.
എന്നാല്‍ വിഷയം പൂര്‍ണമായും ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുന്നതിനു മുമ്പായി ഹോസ്റ്റല്‍ നടത്തിപ്പ് ജനാധിപത്യ മഹിളാ അസോസിയേഷനെ ഏല്‍പ്പിക്കുന്നതായി ചെയര്‍മാന്‍ പ്രഖ്യാപിച്ച് സീറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അദ്ദേഹത്തിന്റെ നടപടിയെ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം പിന്തുണച്ചപ്പോള്‍ യുഡിഎഫും ബിജെപിയും എതിര്‍ത്തു.
എന്നാല്‍ പ്രശ്‌നം വോട്ടിനിടണമെന്ന് അംഗങ്ങളുടെ ആവശ്യം നിരാകരിച്ചായിരുന്നു ചെയര്‍മാന്റെ തീരുമാനമെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ബഹളം ഉണ്ടാക്കിയെങ്കിലും ചെയര്‍മാന്‍ പിന്മാറിയില്ല.
സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലാണെന്നും ലാഭേച്ഛയില്ലാതെയാണ് ഇതിന്റെ നടത്തിപ്പ് ജനാധിപത്യാ മഹിളാ അസോസിയേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 22 വര്‍ഷമായി ഇതിന്റെ നടത്തിപ്പ് അസോസിയേഷനാണെന്നും കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇതിന് ടെന്‍ഡര്‍ വിളിച്ച് പുതിയ ആളുകളെ ഏല്‍പ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
ഇതിനിടിയില്‍ നഗരസഭാ യോഗത്തിന്റ മിനിറ്റ്‌സ് വെട്ടിത്തിരുത്തി അംഗങ്ങള്‍ക്കു നല്‍കിയതായും പരാതി ഉയര്‍ന്നു. ഒരംഗമെങ്കിലും ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പ് നടത്തണമെന്ന മുനിസിപ്പല്‍ നിയമത്തിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്നു വ്യക്തമാക്കി നഗരസഭാ സെക്രട്ടറി കുറിപ്പെഴുതുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക