|    Oct 19 Fri, 2018 12:09 pm
FLASH NEWS

ചങ്ങനാശ്ശേരി ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡ് അവഗണനയില്‍

Published : 7th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: സ്വകാര്യ ബസ് സര്‍വീസുകള്‍ കേരളത്തില്‍ ആരംഭിച്ച കാലത്തു തന്നെ തുടക്കം കുറിച്ച ചങ്ങനാശ്ശേരി-വാഴൂര്‍ റോഡിലെ ഒന്നാം നമ്പര്‍ ബസ്് സ്റ്റാന്‍ഡ്് (മണിമല സ്റ്റാന്‍ഡ്്) പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അവഗണനയില്‍. ഇതിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ രേഖകളും നിര്‍ദേശങ്ങളുമെല്ലാം ഉയര്‍ന്നു വന്നെങ്കിലും അവയെല്ലാം കടലാസിലൊതുങ്ങി. തുടര്‍ന്ന് കിഴക്കന്‍ മേഖലകളിലേക്ക് പോവാനായി ഇവിടെയെത്തുന്ന വ്യാപാരികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇന്നും ദുരിതത്തില്‍ തന്നെ. കേരളത്തിലെ പഴക്കം ചെന്ന മറ്റ് പല സ്റ്റാന്റുകളും വികസനരംഗത്ത് ഒട്ടേറെ മുന്നിലെത്തിയെങ്കിലും  ഇത്  ഇന്നും  തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി, പെരിയാര്‍, കമ്പംമേട്് തുടങ്ങിയ കിഴക്കന്‍ മേഖലകളിലേക്ക് നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ നിന്നും ദിവസേന വന്നുപോകുന്നത്. ഇതില്‍ വലിയ വിഭാഗവും കച്ചവടക്കാരുമാണ്.എന്നാല്‍ ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ഏറെ പരാജയപ്പെട്ടതായിട്ടാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. 200 ഓളം ബസ്സുകള്‍ വരെ ഒരുകാലത്ത് സര്‍വീസ് നടത്തിയിരുന്ന ഇവിടെ ഇപ്പോള്‍ ബസുകളുടെ എണ്ണം 140ല്‍ താഴെയായി ചുരുങ്ങിയിട്ടുണ്ടെങ്കിലും  ഇത്രയധികം ബസ്സുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള സ്ഥലം ഇവിടെയില്ല.  കേവലം 44 സെന്റില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന ഇതിന്റെ വികസനത്തിനായി സ്ഥലമെടുപ്പ്് നടത്തുമെന്നും ഷോപ്പിങ് കോംപ്ലക്‌സ് പണിയുമെന്നും കഴിഞ്ഞകാല ബജറ്റുകളിലെല്ലാം നിരന്തരമായി എഴുതിച്ചേര്‍ക്കാറുണ്ടെങ്കിലും അതിനായുള്ള നടപടികള്‍ എങ്ങും എത്തിയില്ല. രാത്രിയാകുന്നതോടെ വൈദ്യുതി വിളക്കിന്റെ അഭാവത്താല്‍ അന്ധകാരത്തില്‍ അമരുന്ന സ്റ്റാന്റില്‍ പിന്നീട്് സാമൂഹിക വിരുദ്ധരുടേയും മദ്യപാനികളുടെയും വിളയാട്ടമാകും നടക്കുക. പിടിച്ചുപറിയും മോഷണവും നിത്യ സംഭവവുമാണെന്നും യാത്രക്കാര്‍ പറയുന്നു. മിനുക്കു പണികളുടെ ഭാഗമായി തറ കോണ്‍ക്രീറ്റു ചെയ്‌തെങ്കിലും മഴ പെയ്യുന്നതോടെ സ്റ്റാന്റിനു മുന്‍ഭാഗം വെള്ളക്കെട്ടായി മാറും. പണ്ടെങ്ങോ പണിത പൊട്ടിപ്പൊളിഞ്ഞ ശൗച്യാലയം പുതുക്കിപ്പണിതെങ്കിലും ഇതിനു തൊട്ടുരുമ്മി പഴവര്‍ഗങ്ങളും പച്ചക്കറികളും വില്‍പ്പന തകൃതിയായി നടക്കുന്നതും കാണാം. പൊതുജനങ്ങളില്‍ നിന്ന് നിരന്തരം ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് അപകടം പതിയിരുന്ന വെയിറ്റിങ് ഷെഡ്ഡ് പൊളിച്ചുമാറ്റി പുതിയ ബസ് ടെര്‍മിനല്‍ ലക്ഷങ്ങള്‍ മുടക്കി പണിതെങ്കിലും ഇരിപ്പിടങ്ങളില്‍ പലതും തകര്‍ന്നു കഴിഞ്ഞു. സ്റ്റാന്‍ഡിനു മുന്നിലൂടെ കടന്നുപോവുന്ന ഓടയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് റോഡിലേക്കൊഴുകുന്നത്് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. സ്റ്റാന്‍ഡില്‍ നഗരസഭയുടെ നിരവധി ബങ്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ അനധികൃത കച്ചവടങ്ങളും വ്യാപകമാണെന്ന ആക്ഷേപം കച്ചവടക്കാരില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss