|    Feb 27 Mon, 2017 8:02 am
FLASH NEWS

ചങ്ങനാശ്ശേരിയില്‍ വികസന പദ്ധതികള്‍ തയ്യാറായി: എംപി

Published : 26th October 2016 | Posted By: SMR

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികള്‍ തയ്യാറായതായി കൊടിക്കുന്നില്‍ സുരേഷ് എംപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബിഎസ്എന്‍എല്ലിന്റെ സഹകരണത്തോടെ ചങ്ങനാശ്ശേരിയില്‍ ഉടന്‍ വൈ ഫൈ സംവിധാനം ആരംഭിക്കും. ഇതില്‍ ത്രിജി ഡിസംബറോടു കൂടിയും ഫോര്‍ജി 2017 മാര്‍ച്ചിലും ആയിരിക്കും ആരംഭിക്കുക. തുടക്കത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ്, റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി എന്നീ ഭാഗങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. പിന്നീട് ഇതു വ്യാപിപ്പിക്കും. തുരുത്തി, കുരിശുമ്മൂട് ബിഎസ്എന്‍എല്‍ ഓഫിസുകളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കും. ഇതിന്റെ ഭാഗമായി ന്യൂ ജനറേഷന്‍ നെറ്റ്‌വര്‍ക്ക് സംവിധാനവും ആരംഭിക്കും. നാലുകോടി, തൃക്കൊടിത്താനം, പായിപ്പാട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും ഇതിന്റെ പ്രയോജനം ലഭ്യമാക്കും. വൈദ്യുതി വിതരണവും പ്രസരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ദീന്‍ദയാല്‍ ഉപാധ്യാ ഗ്രാമീണ ജ്യോതി യോജന പദ്ധതി ചങ്ങനാശ്ശേരിയില്‍ നടപ്പാക്കും. ഇതിനായി 2.94 കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കുറിച്ചി, തെങ്ങണാ, തൃക്കൊടിത്താനം, വാകത്താനം, പായിപ്പാട്, തുടങ്ങിയ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കു ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ  ബിപിഎല്‍ കണക്ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭ്യമാവും. പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ ചങ്ങനാശ്ശേരി ഹെഡ് ഓഫിസില്‍ എടിഎം സംവിധാനം ഉടന്‍ ആരംഭിക്കും. ചങ്ങനാശ്ശേരി റെയില്‍വേ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ നിലവിലെ ആര്‍എംഎസ് ഓഫിസ് സംവിധാനം അവിടേക്കു മാറ്റും. റെയില്‍വേയുടെ തുരുത്തി മേല്‍പ്പാലത്തിനു അനുമതിയായിട്ടുള്ളതായും എംപി അറിയിച്ചു. അതിന്റെ ഭാഗമായി മണ്ണ് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ചങ്ങനാശ്ശേരി റെയില്‍വേ പുതിയ ടെര്‍മിനല്‍ ഫെബ്രുവരിയോടെ പണികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. പണികള്‍ ധ്രുതഗതിയില്‍ നടന്നുവരികയാണ്. റെയില്‍വേ ഗുഡ്‌സ് ഷെഡ് ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു.  റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. റെയില്‍വേ സ്‌റ്റേഷനിലെ രണ്ട്, മൂന്ന് ഫഌറ്റു ഫോമുകളുടെ സൗന്ദര്യവല്‍ക്കരണവും ഉടന്‍ ആരംഭിക്കും. ചങ്ങനാശ്ശേരി-തിരുവല്ലാ ഇരട്ടപാപാത ഡിസംബറോടെയും ചങ്ങനാശ്ശേരി-ചിങ്ങവനം ഇരട്ടപ്പാത 2017 മാര്‍ച്ചോടെയും കമ്മീഷന്‍ ചെയ്യും. ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തിനായി  മുന്‍ഭാഗത്തെ രണ്ട് ഏക്കറോളം വരുന്ന സ്ഥലം റെയില്‍വേ വകുപ്പ് ഏറ്റെടുക്കും. ഇളങ്കാവ്-ഇത്തിത്താനം റെയില്‍വേ മേല്‍പ്പാലത്തിന്റെ പണികള്‍ നടക്കുന്നെങ്കിലും തിരുവനന്തപുരം റെയില്‍വെ സേഫ്റ്റി കമ്മീഷന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതിനു ശേഷമാവും വേഗത്തില്‍ അതുവഴി ട്രെയിനുകള്‍ക്കു കടന്നുപോവാനാകുകയുള്ളു. ഈ ഭാഗത്തെ നാലു വീടുകള്‍ റെയില്‍വേ വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. 200 കോടി ചെലവില്‍ നിര്‍മിക്കുന്ന ആലപ്പുഴ-കൊടൈക്കനാല്‍ ദേശീയപാതയുടെ പണികള്‍ ഏജന്‍സിയെ ഏല്‍പ്പിച്ചു കഴിഞ്ഞു. കുറിച്ചി ഹോമിയോ കോളജ് ദേശീയ നിലവാരമുള്ള റിസര്‍ച്ചു സെന്ററായി ഉയര്‍ത്തും. ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഇന്ത്യയില്‍ സൈക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്ന ഏക ഹോമിയോ റിസര്‍ച്ച് സെന്ററായിരിക്കും ഇത്. നിലവില്‍ 50 ഏക്കര്‍ സ്ഥലം ആശുപത്രിക്കുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഏഴ് ഏക്കര്‍ കൂടി നല്‍കിക്കഴിഞ്ഞു. എറണാകുളം-പുനലൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിന്‍ കോട്ടയം വഴി ഓടാനുള്ള നടപടികള്‍ ആരംഭിക്കുകയും അതിന് ചങ്ങനാശ്ശേരിയില്‍ സ്‌റ്റോപ്പും അനുവദിക്കും. നേരത്തെ റയില്‍വേ സ്റ്റേഷനില്‍ എത്തിയ അദ്ദേഹം റെയില്‍വേയുടെ നിരവധി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പിന്നീട് നടന്ന യോഗത്തില്‍ കേന്ദ്ര റെയില്‍വേ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കെഎസ്ഇബി, ജല വകുപ്പ്, നാഷനല്‍ ഹെല്‍ത്ത്്, ഹോമിയോ, പഞ്ചായത്ത്, പോസ്റ്റല്‍, ബിഎസ്എന്‍എല്‍ തുടങ്ങി 13ഓളം വകുപ്പു മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day