|    Jul 25 Tue, 2017 10:26 pm
FLASH NEWS

ചങ്ങനാശ്ശേരിയില്‍ റെയില്‍വേ ടെര്‍മിനല്‍ നിര്‍മാണം അന്തിമഘട്ടത്തില്‍

Published : 6th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ടെര്‍മിനല്‍ നിര്‍മാണം അന്തിമഘട്ടത്തില്‍. നവംബറോടെ പണികള്‍ പൂര്‍ത്തിയാക്കി ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറക്കാനാവുമെന്നാണു കരാറുകാര്‍ ഉറപ്പു പറയുന്നത്. ടെര്‍മിനല്‍, വാഴൂര്‍ റേഡിലെയും ഫാത്തിമാപുരത്തെയും മേല്‍പ്പാലങ്ങള്‍, സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ 17 കോടിയുടെ വികസന പദ്ധതികളാണ് ചങ്ങനാശ്ശേരിയില്‍ നടപ്പാക്കുന്നത്. സ്റ്റേഷന്റെ മധ്യഭാഗത്തായി നൂറുമീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. വിഐപി ലോഞ്ച്, ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്കും വനിതകള്‍ക്കുമായി വെയിറ്റിങ് ഹാളുകള്‍, ടിക്കറ്റ് ബുക്കിങ് ഓഫിസ്, സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ്, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, വികലാംഗര്‍ക്കായി പ്രത്യേക കൗണ്ടര്‍, അക്കൗണ്ട്‌സ് റൂം, ബുക്കിങ് ഓഫിസ്, കാന്റീന്‍, ഡിസ്റ്റില്‍ഡ് വാട്ടര്‍ കൂളര്‍, സെക്ഷന്‍ എന്‍ജിനീയര്‍ ഓഫിസ്, ശൗചാലയങ്ങള്‍, ബാറ്ററി റൂം, പേ ആന്റ് യൂസ് ലാട്രിന്‍ തുടങ്ങിയ സംവിധാനങ്ങളോടെയാണു ടെര്‍മിനല്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ടെര്‍മിനലിന്റെ പുറം കേരളീയ വാസ്തുകലാ രീതിയില്‍ മനോഹരമാക്കുന്നതിനു വേണ്ട നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി ഡിസൈനിങ് തയ്യാറാക്കുന്നതിന് വാസ്തുകലാ വിദഗ്ധരെ ഏല്‍പ്പിച്ചിരിക്കുകയാണ്. 550 മീറ്റര്‍ നീളത്തില്‍ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ ഷെല്‍റ്റര്‍ സൗകര്യങ്ങളോടെ നിര്‍മിക്കാനുള്ള പണികളും നടക്കുന്നു. നിലവിലുള്ള ഓഫിസ് കെട്ടിടം നവീകരിച്ച് ഇതില്‍ സിഗ്‌നല്‍ സംവിധാനങ്ങളും പാര്‍സല്‍ ഓഫിസും ക്രമീകരിക്കും. വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇവിടെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ആരംഭിക്കാനാവൂവെന്ന് കോണ്‍ട്രാക്ടര്‍ എബ്രഹാം പറഞ്ഞു. 3, 4, പ്ലാറ്റ്‌ഫോമുകളുടെ പണികള്‍ പൂര്‍ത്തിയായി കമ്മീഷന്‍ ചെയ്താലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളില്‍ പാത ഇരട്ടിപ്പിക്കലിനുള്ള പണികള്‍ നടത്താനാവൂ. വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിലെ വാട്ടര്‍ അതോറിട്ടി പൈപ്പുകള്‍ മാറ്റുന്ന ജോലികള്‍ വൈകുന്നതാണ് റെയില്‍വേയുടെ പണികള്‍ വൈകാന്‍ കാരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക