|    Oct 17 Wed, 2018 11:51 pm
FLASH NEWS

ചങ്ങനാശ്ശേരിയില്‍ നടത്താനിരുന്ന എംസി റോഡ് വികസനം മാറ്റിവച്ചു

Published : 17th January 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: നാളെ മുതല്‍ നഗരത്തില്‍ നടക്കാനിരുന്ന എംസി റോഡുവികസനം  വിവിധ കാരങ്ങള്‍ പറഞ്ഞു വകുപ്പുകള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ഫെബ്രുവരി 10ലേക്കു മാറ്റി. എന്നാല്‍ പെരുന്ന ക്ഷേത്രത്തില്‍ തൈപ്പൂയക്കാവടി നടക്കുന്നതും റോഡുവികസനം മാറ്റാന്‍ കാരണമായി അധികൃതര്‍ പറഞ്ഞു. ചങ്ങനാശ്ശേരി ടിബിയില്‍ സി എഫ് തോമസ് എംഎല്‍എ വിളിച്ചുചേര്‍ത്ത കെഎസ്ടിപി, വാട്ടര്‍ അതോറിട്ടി, പിഡബ്ല്യുഡി, കെഎസ്ഇബി, ജനപ്രതിനിധികള്‍, തൊഴിലാളി സംഘടനകള്‍, റെസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി സംഘടനാപ്രതിനിധികള്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ യോഗമാണ്  പെരുന്ന മുതല്‍ ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷന്‍വരെയുള്ള പണികള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുന്ന പണികള്‍ മൂന്നു ഘട്ടമായിട്ടായിരിക്കും നടക്കുക. പെരുന്ന റെഡ് സ്‌ക്വയര്‍ മുതല്‍ പോസ്‌റ്റോഫിസ് ജങ്ഷന്‍വരെ ഒന്നാം ഘട്ടമായും, അവിടെ മുതല്‍ കെഎസ്ആര്‍ടിസിക്കു മുന്‍ഭാഗം വരെ രണ്ടാം ഘട്ടമായും ബാക്കിഭാഗം മൂന്നാം  ഘട്ടമായിട്ടായിരിക്കും പണികള്‍ നടക്കുക. ഇതില്‍ കെഎസ്്ആര്‍ടിസിക്കു മുന്‍ഭാഗം റോഡു അല്‍പം താഴ്ത്തിയാവും നിര്‍മിക്കുക. ഏപ്രില്‍ 25 പണികള്‍ പൂര്‍ത്തിയാക്കും. തുടക്കത്തില്‍ ഓടകള്‍ സ്ഥാപിക്കുകയാവും ആദ്യം ചെയ്യുകയെന്നും അധികൃതര്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ യോഗം ആരംഭിച്ചപ്പോള്‍ മുതല്‍ വാട്ടര്‍ അതോറിട്ടിയും കെഎസ്ടിപി അധികൃതരും പരസ്പരം ആരോപണം ഉന്നയിക്കുകയായിരുന്നു. പണികള്‍ നടക്കേണ്ട റോഡില്‍ മിക്കയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ കടന്നുപോവുന്നുണ്ടെന്നും അവക്കു കേടുപാടുകള്‍ വരാത്തവിധത്തിലായിരിക്കണം പണികള്‍ നടക്കേണ്ടതെന്നു വാട്ടര്‍ അതോറിട്ടി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പ്രധാന പൈപ്പുകള്‍ ഉള്‍പ്പെടെ പലതും മാറ്റേണ്ടിവരുമെന്നും ഏതെങ്കിലും കാരണവശാല്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ക്കു യോജിച്ച സ്‌പെയര്‍ പാര്‍ട്‌സുകള്‍ കിട്ടാനില്ലെന്നും കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. തങ്ങള്‍ക്കു ലഭിക്കാവുന്നതും നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതുമായ പൈപ്പുകളുടെ അറ്റുകുറ്റപ്പണികള്‍ നടത്താനാവുകയുള്ളൂവെന്നും അവര്‍ യോഗത്തില്‍ വ്യക്തമാക്കി.  എന്നാല്‍ നഗരത്തിലെമ്പാടും കുടിവള്ള വിതരണം നടത്തുന്ന പ്രധാന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുമ്പോള്‍  കുടിവെള്ള വിതരണം മുടങ്ങുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു എംഎല്‍എയും പറഞ്ഞു. റോഡ് നിര്‍മാണത്തിന് ആവശ്യമായ മുഴുവന്‍ സാധനങ്ങളും സംവിധാനങ്ങളും ഒരുക്കിയതിനുശേഷമേ നിര്‍മാണം ആരംഭിക്കാവൂയെന്നും അദ്ദേഹം നിര്‍ദേശിച്ചു. യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തിലായിരിക്കരുത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. റോഡ് പണിയുടെ പേരില്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നത അംഗീകരികരിക്കാനാവില്ലെന്നു വ്യാപാരി പ്രതിനിധികളും യോഗത്തില്‍ പറഞ്ഞു. എന്നാല്‍ പോസ്റ്റുകള്‍ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ കെഎസ്ടിപിയാണ് ചെയ്യിക്കുന്നതെന്നും ഇത്തരം പണികള്‍ ചെയ്തു പരിചയമില്ലാത്ത ബംഗാളികള്‍ പണികള്‍ നടത്തുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്നും കെഎസ്ഇബിയും വ്യക്തമാക്കി.ഓടയുടെ നിര്‍മാണം ആദ്യം തുടങ്ങുകയും പോസ്റ്റ് സ്ഥാപിക്കേണ്ടയിടം വ്യക്തമാക്കുകയും ചെയ്താല്‍ അതിനുള്ള അനുമതി തരാന്‍ തടസ്സമില്ലെന്നും അവര്‍ പറഞ്ഞു. അഞ്ചു റോഡുകള്‍ സന്ധിക്കുന്ന മതുമൂലയില്‍ ഒന്നരയടിയിലേറെ ഉയരത്തിലാണ് റോഡ് ടാര്‍ ചെയ്തിരിക്കുന്നതെന്നും ഉപറോഡില്‍ നിന്ന് ഇവിടേക്കു കയറാന്‍ വാഹനങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ നേരിടുന്നതൊപ്പം അപകടങ്ങളും പതിവാണെന്നും റെസിഡന്റ്‌സ് ഭാരവാഹികളും ചൂണ്ടിക്കാട്ടി. ഇതിനും പരിഹാരമുണ്ടാക്കാനും യോഗം നിര്‍ദേശിച്ചു. ഗതാഗത തടസ്സം നേരിടാത്ത വിധത്തില്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നു ഡിവൈഎസ്പിയും യോഗത്തില്‍ അറിയിച്ചു. റോഡ് വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കെഎസ്ടിപി പ്രോജക്ട് മാനേജര്‍, കെഎസ്ഇബി എക്‌സ്‌ക്യൂട്ടിവ് എന്‍ജിനീയര്‍, വാട്ടര്‍ അതോറിട്ടി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍, ബിഎസ്എന്‍എല്‍ സബ്ഡിവിഷന്‍ എക്‌സി.എന്‍ജനീയര്‍, ഡിവൈഎസ്പി, നഗരസഭാധ്യക്ഷന്‍ എന്നിവരെ ഉള്‍പ്പെടുന്ന മോനിട്ടറിങ് സമിതിയെ യോഗം ചുമതലപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss