|    May 26 Fri, 2017 4:47 pm
FLASH NEWS

ചങ്ങനാശ്ശേരിയില്‍ ഓട്ടോകള്‍ക്ക് നമ്പരിടാന്‍ ധാരണ

Published : 19th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: നഗരത്തിലോടുന്ന മുഴുവന്‍ ഓട്ടോറിക്ഷാകള്‍ക്കും നമ്പരിടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ഇതിനായുള്ള നപടികള്‍ ഉടന്‍ ആരംഭിക്കും. ഇതു സാധ്യമാവുന്നതോടെ പതിറ്റാണ്ടുകളായി നഗരവാസികള്‍ ഉയര്‍ത്തിയ ആവശ്യം സാക്ഷാല്‍ക്കരിക്കുകയാവും ചെയ്യുക. എംസി റോഡില്‍ നഗരസഭാ അതിര്‍ത്തിയായ ളായിക്കാടു മുതല്‍ മതുമൂലവരെയും മാര്‍ക്കറ്റു മുതല്‍ കുരിശുമ്മൂടുവരെയും എത്ര ഓട്ടോ സ്റ്റാന്‍ഡുകള്‍ ഉണ്ടെന്നോ നഗരത്തില്‍ എത്ര ഓട്ടോകള്‍ ഉണ്ടെന്നോ നഗരസഭയ്‌ക്കോ പോലിസിനോ മോട്ടോര്‍ വാഹനവകുപ്പിനോ രേഖയില്ല. തുടര്‍ന്ന് ഏതു ജില്ലയിലുള്ളവര്‍ക്കും ചങ്ങനാശ്ശേരി നഗരത്തില്‍ സ്റ്റാന്‍ഡ് പിടിക്കാനും ഇഷ്ടാനുസരണം ഓടാനും കഴിയുമായിരുന്നു. ഇത് ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടിയില്‍ തന്നെ എതിര്‍പ്പു വരുത്തിവച്ചു. നിയമാനുസൃത രേഖകള്‍ ഉള്ളവയേക്കാള്‍ കൂടുതല്‍ ഇല്ലാത്തവയായിരുന്നു നഗരത്തില്‍ ഓടിക്കൊണ്ടിരുന്നവ.  ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നെത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്ന വിധത്തില്‍ വന്‍ ചാര്‍ജ് ഈടാക്കുന്നതും പതിവായിരുന്നു. ഇതിനു പരിഹാരമായി നഗരത്തിലെ ഓട്ടോകള്‍ക്കു നമ്പരിടണമെന്ന ആവശ്യം ഉയരുകയും ഇതു ചര്‍ച്ച ചെയ്യാന്‍ നഗരസഭയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും നിരവധി തവണ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നെങ്കിലും നടപടികളുമായി മുന്നോട്ടു പോവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഡ്രൈവര്‍മാരുടെ ഭാഗത്തു നിന്നു നിരന്തരമായി ഈ ആവശ്യം ഉയര്‍ന്നെങ്കിലും ചില സംഘടനാ നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായിരുന്നില്ല. അടിയന്തര ഘട്ടത്തില്‍ ജാഥ നടത്താനും മറ്റും നഗരത്തില്‍ അനധികൃതമായി ഓടുന്ന ഓട്ടോ ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നതാണു നേതാക്കളുടെ എതിര്‍പ്പിനു കാരണമായി അന്നു ഉയര്‍ന്നിരുന്നത്. തന്നെയുമല്ല ചിലരുടെ ബിനാമിയായി ഓട്ടാകള്‍ നഗരത്തില്‍ ഓടുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ നഗരസഭയുടെ കാലത്തും ഓട്ടോകള്‍ക്കു നമ്പരിടുമെന്നു പറഞ്ഞതൊഴിച്ചാല്‍ ഒരു നടപടികളും ഉണ്ടായില്ല. എന്നാല്‍ അടുത്ത കാലത്തായി ഡ്രൈവര്‍മാരില്‍ നിന്ന് വീണ്ടും ഈ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് നമ്പരിടുന്ന കാര്യത്തില്‍ പരസ്പരം ഇപ്പോള്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. ഇതു പ്രാവര്‍ത്തികമാവുന്നതോടെ നഗരത്തില്‍ എവിടെയൊക്കെയാണ് ഓട്ടോ സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കേണ്ടത് എന്നതും ഒരു പ്രശ്‌നമായി ഉയരാന്‍ ഇടയുണ്ട്. ഇപ്പോള്‍ നഗരത്തില്‍ എവിടേയും സ്റ്റാന്‍ഡുകളായി രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഓട്ടോകള്‍ക്കു നമ്പരിടുന്നതോടെ ഓരോ സ്റ്റാന്‍ഡിലും എത്ര ഓട്ടോകള്‍ ആകാമെന്നും അവ എവിടെയൊക്കെ വേണമെന്നും വ്യക്തമാക്കേണ്ടിവരും. അതോടൊപ്പം തൊട്ടടുത്ത ജില്ലകളിലെ ഓട്ടോകള്‍ക്ക് എങ്ങനെ ചങ്ങനാശ്ശേരി നഗരത്തില്‍ നമ്പരിടാനാവുമെന്ന കാര്യവും സങ്കീര്‍ണതയുണ്ടാക്കാനിടയുണ്ട്. അവര്‍ക്കു കൂടി നമ്പരിടുമ്പോള്‍ അത് പതിറ്റാണ്ടുകളായി നഗരത്തില്‍ കിടക്കുന്ന ഓട്ടോകളെ ബാധിക്കാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കിയായിരിക്കും നഗരത്തിലെ ഓട്ടോകള്‍ക്കു നമ്പരിടീല്‍ നടക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day