|    Oct 18 Thu, 2018 2:09 am
FLASH NEWS

ചങ്ങനാശ്ശേരിയില്‍ ഓടകള്‍ നിറഞ്ഞു; വീടു തകര്‍ന്നു

Published : 8th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ശക്തമായ കാറ്റിലും മഴയിലും ചങ്ങനാശ്ശേരി നഗരത്തില്‍ ഓടകള്‍ നിറഞ്ഞ് മലിനം ജലം പുറത്തേക്കൊഴുകി. മരങ്ങള്‍ ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. വാകത്താനം നാലുന്നാക്കല്‍ പാലച്ചുവടിനു സമീപം തടത്തില്‍ പുതുപ്പറമ്പില്‍ മുഹമ്മദ് ദിലീപിന്റെ വീടിനു മുകളിലേക്കാണ് ആഞ്ഞിലിയും തേക്കും ഒടിഞ്ഞുവീണത്. സമീപ വാസികളുടെ വീട്ടുമുറ്റത്ത് മരം ആണ് ഒടിഞ്ഞുവീണത്. വീടിനു സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകട സമയത്ത് വീടിനുള്ളില്‍ രണ്ടുകുട്ടികളും ഭാര്യയും ഉണ്ടായിരുന്നു എങ്കിലും ആര്‍ക്കും പരിക്കില്ല. വീടിന്റെ മേല്‍ഭാഗത്തും ഭിത്തിയും വിണ്ടു കീറി. മേല്‍ക്കൂരയുടെ ഓടുകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടകരമായ മരം മുറിച്ചുമാറ്റണമെന്ന് നേരത്തെ ആവശ്യപ്പെടുകയും പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് തകര്‍ന്ന വീടിന്റെ ഗൃഹനാഥന്‍ പറഞ്ഞു. ആര്‍ഡിഒയ്ക്ക് പരാതി നല്‍കും.നഗരത്തിലെമ്പാടുമുള്ള ഓടകളാണ് നിറഞ്ഞുകവിഞ്ഞത്. ഒപ്പം മാലിന്യവും പുറത്തേക്കൊഴുകി. ഉച്ചയ്ക്ക് രണ്ടോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നഗരത്തിലെ കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടി. എംസി റോഡ് വികസനത്തിന്റെ ഭാഗമായി റോഡിനു വീതി വര്‍ധിച്ചപ്പോള്‍ കടകളോടു ചേര്‍ന്നാണ് നടപ്പാതകളും നിര്‍മിച്ചിരിക്കുന്നത്. ഇതുകാരണം സാധനങ്ങള്‍ പുറത്തേക്കു ഇറക്കി വയ്ക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും കുറെയൊക്കെ പുറത്തേക്കിറക്കി വച്ചവരാണ് ഏറെ പ്രയാസപ്പെട്ടത്. ഇതിനാല്‍ മഴയില്‍ കടത്തിണ്ണകളില്‍ പോലും ആര്‍ക്കും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. ഓടയുടെ പണികള്‍ പൂര്‍ത്തിയാവാത്ത പോസ്‌റ്റോഫിസ് ജങ്ഷനിലും നഗരസഭയുടെ മുമ്പിലുമാണ് ശക്തമായ മഴയില്‍ വെള്ളത്തിന്റെ ബുദ്ധിമുട്ടുകള്‍ ഏറെ നേരം ഉണ്ടായത്. തുടര്‍ന്നു പുതിയ ഓടകളിലൂടെ വെള്ളം ഒഴുകിപ്പോയതോടെയാണ്  കാല്‍നടക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ബുദ്ധിമുട്ടുകള്‍ക്കു വിരമമായത്. ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു മുമ്പിലും പെരുന്ന സ്റ്റാന്‍ഡിനു മുമ്പിലും മഴയില്‍ വെള്ളം കെട്ടിക്കിടന്നതു ബസ്സുകള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. പോസ്‌റ്റോഫിസിനു സമീപത്തെ ഓടപണി പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് മലിനജലം പുറത്തേക്കൊഴുകുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി പോസ്റ്റോഫിസിന്റെ സ്ഥലം വിട്ടുകൊടുക്കാത്തതാണ് അവിടെ ഓട നിര്‍മാണം ഇതുവരെയും നടക്കാത്തത്. എങ്കിലും കാലം തെറ്റി പെയ്ത മഴ ജനം സന്തോഷത്തോടെ സ്വീകരിച്ചപ്പോള്‍ വിപണിയെ ബാധിച്ചതോടെ കച്ചവടക്കാര്‍ പ്രയാസത്തിലുമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss