|    Sep 24 Mon, 2018 7:52 pm
FLASH NEWS

ചങ്ങനാശ്ശേരിയിലെ ഓട്ടോകള്‍ക്ക് നമ്പരിടീല്‍ : ഡ്രൈവര്‍മാരില്‍ നിന്ന് വാങ്ങിയ പണം നഗരസഭാ ഫണ്ടിലില്ല

Published : 11th May 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: നഗരത്തിലോടുന്ന ഓട്ടോറിക്ഷകള്‍ക്ക് നമ്പരിടുന്നതിനായി ഡ്രൈവര്‍മാരില്‍ നിന്ന് 100 രൂപാ നിരക്കില്‍ വാങ്ങിയ തുക നഗരസഭ ഫണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ. എന്നാല്‍ ഈ തുക ആരുടെ കൈവശമാണെന്നോ എത്ര ഓട്ടോറിക്ഷാകള്‍ക്കു നമ്പിരിട്ടെന്നോ ഇനി നമ്പരിട്ടുകൊടുക്കാന്‍ ഉണ്ടെന്നോ നഗരസഭാ സെക്രട്ടറിയുടെ പക്കല്‍ സൂക്ഷിക്കുന്ന രേഖകളില്‍ ഒരു വിവരവുമില്ല. വിവരാവകാശ നിയമം അനുസരിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ്് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ 32 സ്റ്റാന്‍ഡുകള്‍ക്ക് മാത്രമാണ് നമ്പരിടാന്‍ തീരുമാനിച്ചതെന്നും മറുപടിയില്‍ പറയുന്നുണ്ട്. ഓരോ സ്റ്റാന്‍ഡില്‍ അനുവദിച്ച വാഹനങ്ങളുടെ എണ്ണത്തെ സംബന്ധിച്ചും സെക്രട്ടറിയുടെ പക്കല്‍ രേഖകളില്ല. ട്രാഫിക് ക്രമീകരണ സമിതിയംഗങ്ങള്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷന്‍, ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രതിനിധി, ജില്ലാ പോലിസ് മേധാവിയുടെ പ്രതിനിധി, പൊതുമരാമത്തു വകുപ്പ് എന്‍ജിനീയരുടെ പ്രതിനിധി, റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് കണ്‍വീനറുമായാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ട്രാഫിക് ക്രമീകരണ സമിതി രൂപീകരിച്ചിട്ടുള്ളത്. നഗരസഭാ സെക്രട്ടറി ഇതില്‍ അംഗമല്ലാത്തതിനാല്‍ ഇതു സംബന്ധിച്ച രേഖകള്‍ സെക്രട്ടറിയുടെ പക്കല്‍ സൂക്ഷിക്കാറില്ലെന്നും മറുപടിയില്‍ പറയുന്നു.മുനിസിപ്പല്‍ കൗണ്‍സില്‍ നമ്പരിടല്‍ പദ്ധതിക്കു പ്രത്യേക കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടില്ലെന്ന് പറയുമ്പോള്‍ തന്നെ നഗരസഭാ പ്രദേശങ്ങളിലെ ഓട്ടോറിക്ഷാകള്‍ക്കു പാര്‍ക്കിങ് ഏരിയ അനുവദിക്കുന്നതിനു ഹൈക്കോടതി നടപ്പാക്കിയ ഉത്തരവിലെ വ്യവസ്ഥകള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്ത കമ്മിറ്റിക്കു ബാധകമല്ലെന്നും പറയുന്നുണ്ട്്. അതേസമയം നിയമാനുസൃണ രേഖകള്‍ ഇല്ലാത്ത ഓട്ടോകള്‍ക്കു പോലും നഗരത്തില്‍ നമ്പരിട്ടു നല്‍കിയതായും ഇതിനു പിന്നില്‍ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്തുകളിയാണെന്നും ഡ്രൈവര്‍മാരില്‍ ഒരു വിഭാഗം ആരോപിക്കുന്നു. അര്‍ഹതയുള്ള ഒട്ടേറെ ഓട്ടോറിക്ഷാകളുടെ അപേക്ഷകള്‍ കാരണം കൂടാതെ വച്ചു താമസിപ്പിക്കുന്നതായും ആരോപണമുണ്ട്. അതേസമയം നമ്പരിട്ടു നല്‍കിയ ഓട്ടോറിക്ഷകളുടെ നമ്പര്‍ നിയമാനുസൃണമുള്ളതാണോ എന്ന കാര്യത്തില്‍ ഡ്രൈവര്‍മാരില്‍ ആശങ്കയും ഉടലെടുത്തിട്ടുണ്ട്. പതിറ്റാണ്ടുകളായി ഡ്രൈവര്‍മാരില്‍ നിന്ന് ഉയര്‍ന്നുവന്ന ആവശ്യങ്ങളില്‍ ഒന്നായിരുന്നു നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്കു നഗരസഭുടെ നമ്പര്‍ ഇടണമെന്നുള്ളത്. ഏതാനും മാസങ്ങള്‍ക്കു മുമ്പു കൂടിയ കൗണ്‍സിലായിരുന്നു ഇതിനു തീരുമാനം നഗരസഭ എടുത്തതും. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഇത് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. നിലവില്‍ നഗരസഭയുടെ നമ്പരിടാത്ത ഓട്ടോറിക്ഷകള്‍ ഓടുന്ന ഏക നഗരസഭയും ചങ്ങനാശ്ശേരിയാണ്. ഈ പേരുദോഷം മാറ്റുകയെന്ന ഉദ്ദേശവും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. പെരുന്ന മുതല്‍ എസ്ബി കോളജ് ജങ്ഷന്‍ വരെയും മാര്‍ക്കറ്റ് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ വരെയുമായി നൂറുകണക്കിനു ഓട്ടോകളാണ് നഗരത്തില്‍ സ്റ്റാന്‍ഡുകള്‍ പിടിച്ചു ഓടുന്നത്. എന്നാല്‍ തൊട്ടുടുത്ത ജില്ലകളായ ആലപ്പുഴ, പത്തനംതിട്ടകളില്‍ നിന്നുള്ള ഓട്ടോകള്‍ വരെ ചങ്ങനാശ്ശേരിയില്‍ ദിവസേനയെത്തി തലങ്ങും വിലങ്ങും സ്റ്റാന്‍ഡുകള്‍ പിടിക്കുന്നുണ്ട്. ഇവയില്‍ പലതിനും നിയമാനുസൃണം ആവശ്യമുള്ള രേഖകളും ഇല്ല. യാത്രക്കാരില്‍ നിന്ന് ഇഷ്ടാനുസൃണമുള്ള ചാര്‍ജാണു പലരും വാങ്ങുന്നതും. എന്നാല്‍ നിലവില്‍ നഗരത്തില്‍ ഓടുന്ന മുഴുവന്‍ ഓട്ടോകള്‍ക്കും നഗരസഭയുടെ നമ്പര്‍ ഇടണമെന്ന ആവശ്യവുമായാണ് ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്. ഇതിനു പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉള്ളതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ അധികം സ്റ്റാന്റുകള്‍ ആയാല്‍ അത് ഗതാഗക്കുരുക്കിന് കാരണമാവാനും സാധ്യതയുണ്ട്. കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന റോഡ് വികസനവും കൂടി കഴിയുന്നതോടെ ഓട്ടോകള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സ്ഥലസൗകര്യങ്ങളും ഇല്ലാതാകും. ഈ സാഹചര്യത്തില്‍  നിയമാനുസൃണ രേഖകളുഉള്ള ഓട്ടോകള്‍ കണ്ടെത്തി അവക്കുമാത്രം സ്റ്റാന്റു പെര്‍മിറ്റ് നല്‍കുന്നതാണ് നല്ലതെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ അതിനു വിരുദ്ധമായി ഇഷ്മുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സ്റ്റാന്‍ഡു പെര്‍മിറ്റും നമ്പരും നല്‍കുന്നതെന്നാണ് ഡ്രൈവര്‍മാരില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss