|    Dec 10 Mon, 2018 12:18 pm
FLASH NEWS
Home   >  Agriculture   >  

ചക്ക സംഭരണത്തിനും വിപണനത്തിനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നത് പരിഗണിക്കണം: ഗവര്‍ണര്‍

Published : 3rd May 2017 | Posted By: mi.ptk

ആറന്മുള: റബര്‍, കശുഅണ്ടി ബോര്‍ഡുകള്‍ക്ക് സമാനമായി ചക്കയുടെ സംഭരണത്തിനും വിപണനത്തിനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ആറന്‍മുള ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിച്ച ചക്ക മഹോത്‌സവത്തിന്റെയും കാര്‍ഷിക ഉത്‌സവത്തിന്റെയും വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചക്ക സംഭരിച്ച് ഗോഡൗണുകളില്‍ സൂക്ഷിക്കാനുള്ള സംവിധാനം ബോര്‍ഡിന് ഉണ്ടാവണം. ചക്കച്ചുള പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കണം. പ്ലാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കണം. ചക്കയുടെ പ്രത്യേകത തിരിച്ചറിഞ്ഞ് ഭക്ഷ്യവിഭവമായി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി നമ്മുടെ ആഘോഷങ്ങളില്‍ നിന്നുതന്നെ തുടങ്ങണം. അടുത്ത ഓണത്തിന്റെ സദ്യയില്‍ ചക്കയുടെ ഒരു വിഭവം ഇലയിലൊരുക്കി മലയാളികള്‍ക്ക് ഇതിന് തുടക്കമിടാവുന്നതാണ്. എല്ലാ വീട്ടിലും ഒരു പ്ലാവെങ്കിലും ഉണ്ടാവണം. രാജ്ഭവനില്‍ 76 പ്ലാവുകളുണ്ട്. ഔഷധത്തോട്ടത്തിനു പുറമെ മാവ്, പ്ലാവ് തുടങ്ങി വിവിധ മരങ്ങള്‍ രാജ്ഭവനില്‍ നട്ടുവളര്‍ത്തുന്നുണ്ട്. ഒരു കര്‍ഷകന്റെ മകനായ താന്‍ ഇതെല്ലാം നേരിട്ട് പരിശോധിക്കുന്നുമുണ്ട്. ലഭ്യമായ സ്ഥലത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാവിന്റെ തടി കൊണ്ട് കസേരയും മേശയും കട്ടിലുമൊക്കെ ഉണ്ടാക്കാനാണ് നമുക്ക് താല്‍പ്പര്യം. ചക്കയുടെ വിപണി സാധ്യത മനസിലാക്കിയിരുന്നെങ്കില്‍ പ്ലാവുകള്‍ വെട്ടിവീഴ്ത്തില്ലായിരുന്നു. തമിഴ്‌നാട്ടില്‍ കടലൂരില്‍ മാത്രമാണ് കര്‍ഷകര്‍ പ്ലാവുകള്‍ ധാരാളമായി വച്ചു പിടിപ്പിച്ചിട്ടുള്ളത്. ഒരു ചക്കയ്ക്ക് 400 രൂപ വിലയുണ്ടെന്നാണ് ഒരു തമിഴ് പത്രത്തില്‍ അടുത്തിടെ വായിച്ചത്. ഇത് ലാഭകരമായ കൃഷിയാണെന്ന് കര്‍ഷകര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
ആറന്‍മുള ഹെറിറ്റേജ് ട്രസ്റ്റ് മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. പനസശ്രേഷ്ഠ പുരസ്‌കാരം ശ്രീ പദ്രെയ്ക്ക് ഗവര്‍ണര്‍ നല്‍കി. ചക്ക മഹോത്സവം ചെയര്‍മാന്‍ അജയകുമാര്‍ പുല്ലാട്, പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ബി. പത്മകുമാര്‍, മാതൃഭൂമി ആലപ്പുഴ ബ്യൂറോചീഫ് എസ്. ഡി. വേണുകുമാര്‍, ചക്ക മഹോത്‌സവം ജനറല്‍ കണ്‍വീനര്‍ പ്രസാദ് ആനന്ദഭവന്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss