|    Mar 26 Sun, 2017 3:30 am
FLASH NEWS

ചക്ക മഹോല്‍സവം തുടങ്ങി

Published : 7th October 2016 | Posted By: Abbasali tf

ആലപ്പുഴ: ജാക്ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ഷ്യം സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ), ഇപാക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഐശ്വര്യാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചക്ക മഹോല്‍സവത്തിന് തുടക്കമായി. ഇന്നലെ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ചക്ക മഹോല്‍സവം ഉദ്ഘാടനം ചെയ്തു. വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള ചക്ക ഊണ് കഴിച്ചാണ് നഗരസഭാ ചെയര്‍മാന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ആലപ്പുഴയില്‍ ആദ്യമായി ഒരുക്കിയ ചക്ക ഊണിന്റെ രുചി നുകരാന്‍ നഗരസഭാ കൗണ്‍സിലര്‍മാരും പങ്കുചേര്‍ന്നു. ചക്ക സാമ്പാര്‍, ചക്ക പുളിശ്ശേരി, ചക്ക പരിപ്പുകറി, ചക്ക പെരട്ട്, ചക്കച്ചില്ലി, ചക്ക ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവയായിരുന്നു ചക്ക ഊണിന്റെ തൊടുകറികള്‍. ഇതിന് പുറമേ ചക്ക പായസവും കഴിച്ചാണ് ചെയര്‍മാനും കൗണ്‍സിലര്‍മാരും മടങ്ങിയത്.  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മനോജ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി മെഹബൂബ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു താന്നിക്കല്‍, കൗണ്‍സിലര്‍മാരായ ഷീല മോഹന്‍, സലിം കുമാര്‍, പ്രസന്ന ചിത്രകുമാര്‍, സലില കുമാരി, ബഷീര്‍ കോയാ പറമ്പില്‍, സിസ ചെയര്‍മാന്‍ ഡോ. വിഷ്ണു നമ്പൂതിരി, ലെയ്‌സണ്‍ ഓഫിസര്‍ സുധാകരന്‍, ജാക്ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ഷ്യം ട്രഷറര്‍ സന്തോഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് ജയകുമാര്‍, ഇപാക് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കിയിരിക്കുന്നത്. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയില്‍ അണിനിരന്നിരിക്കുന്നത്. സീസണ്‍ അല്ലാത്തതിനാല്‍ ചിലയിനം ചക്കകളുടെ ദൗര്‍ലഭ്യമുണ്ടെന്ന് സംഘാടകര്‍ പറയുന്നു. 300ല്‍പ്പരം രുചിയേറുന്ന ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്‌കോര്‍ട്ടാണ് മേളയുടെ പ്രത്യേകത. വൈകുന്നേരം ചായക്കൊപ്പം കഴിക്കാനുള്ള ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്‌സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്‌സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോദകം, ചക്ക മധുരചില്ലി, ചക്ക കട്‌ലറ്റ് എന്നിവയും വില്‍പ്പനയ്ക്കുണ്ട്. ചക്ക കൊണ്ടുണ്ടാക്കിയ കറികളും മേളയിലുണ്ട്. ചക്ക സ്‌ക്വാഷുകള്‍, ചക്ക ജാമുകള്‍ എന്നിവ വാങ്ങാന്‍ വലിയ തിരക്കായിരുന്നു. വിവിധയിനം ചക്ക തൈകളുടെ വില്‍പനയും ചക്ക വിഭവങ്ങളുടെ പാചക പരിശീലനവും ജൈവോല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ട്. രുചിക്ക് പുറമേ ഔഷധ ഗുണവും ഏറെയുള്ള ചക്കയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സെമിനാറുകളില്‍ കൃഷിആരോഗ്യആയുര്‍വേദ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക