|    Oct 17 Tue, 2017 9:12 am

ചക്ക മഹോല്‍സവം: ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

Published : 12th August 2017 | Posted By: fsq

 

അമ്പലവയല്‍: ചക്കയുടെ ഉല്‍പാദനവും മൂല്യവര്‍ധനയും വിപണനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘടാന ചടങ്ങുകള്‍ ഇന്ന് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും. വൈകുന്നേരം നാലിന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എം ഐ ഷാനവാസ് എംപി മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. കെ രാജന്‍ എംഎല്‍എ വിഷയാവതരണം നടത്തും.  ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സി കെ ശശീന്ദ്രന്‍ എംഎല്‍എ കര്‍ഷകരെ ആദരിക്കും. ഒ ആര്‍ കേളു എംഎല്‍എ പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി,  ജില്ലാ കലക്ടര്‍ എസ് സുഹാസ്, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍, കര്‍ഷക ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ, കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ എ എം സുനില്‍കുമാര്‍, ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ ഡോ. പി രാജേന്ദ്രന്‍ സംസാരിക്കും. അന്താരാഷ്ട്ര പ്രദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12 ന് വിഭവസമൃദ്ധമായ ചക്ക സദ്യ പ്രദര്‍ശന സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ചക്ക കൊണ്ടുള്ള ഇരുപതോളം വിഭവങ്ങളാണ് സദ്യയ്ക്ക് ഉണ്ടാവുക. ചക്ക മഹോല്‍സവത്തോടനുബന്ധിച്ച് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ചക്ക വരവ് കൊണ്ട് ശ്രദ്ധേയമാകും.  വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ചക്കകളും അനുബന്ധ ഉല്‍പന്നങ്ങളും നിശ്ചല ദൃശ്യങ്ങളും പൗരാവലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയുമുണ്ടാകും.  ജില്ലയിലെ എല്ലാ പഞ്ചായത്തില്‍ നിന്നും പ്രതിനിധികളോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോ അവരവരുടെ നാട്ടിലെ ചക്കയുമായി വേദിയിലെത്തും. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്ക്  ഇവര്‍ ചക്ക സമര്‍പ്പിക്കും. ഈ ചക്ക പ്രദര്‍ശന സ്ഥലത്ത് കാഴ്ചയ്ക്കായി വയ്ക്കുകയും ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക