|    Jan 19 Thu, 2017 10:31 pm
FLASH NEWS

ചക്കിമാലിയില്‍ ബോട്ടെത്തിച്ച ഓര്‍മകളുമായി ഇടുക്കിയുടെ റാവുത്തര്‍

Published : 2nd April 2016 | Posted By: SMR

കാഞ്ഞാര്‍: വനത്തിനുള്ളിലെ ചക്കിമാലിയെന്ന കുഗ്രാമത്തിലാണ് അന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തീരുമാനിച്ചിരുന്നത്. 1996ല്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് വിജയിച്ച പി പി സുലൈമാന്‍ റാവുത്തര്‍ തന്റെ തിരഞ്ഞെടുപ്പ് അനുഭവങ്ങളുടെ കെട്ടഴിക്കുകയാണ്.
ചക്കിമാലിയിലെത്താനുള്ള ഏക മാര്‍ഗം കുളമാവില്‍ നിന്നുള്ള ഇല്ലിച്ചങ്ങാടം. ചുറ്റും കൊടുംകാടും തണുപ്പും കാറ്റും ഓളങ്ങളലയിടുന്ന ജലാശയവും. ആടിയുലഞ്ഞാണ് ചങ്ങാടം മറുകരയിലെത്തുക. രണ്ടുമണിക്കൂറോളം ചങ്ങാടത്തിലെ യാത്രയില്‍ മറുകരയിലെത്തിയപ്പോള്‍ തെല്ലൊരാശ്വാസം. ഇനി ആനക്കാട്ടിലൂടെ ഒരു മണിക്കൂര്‍ നടന്നുവേണം വോട്ടര്‍മാരെ കാണാന്‍. കാട്ടിലൂടെയുള്ള യാത്ര വേറിട്ടൊരു അനുഭവമായിരുന്നു. കപ്പക്കാനത്തെത്തിയപ്പോള്‍ ഒട്ടേറെപ്പേര്‍ കാത്തുനില്‍ക്കുന്നു. എല്ലാവരും അരപട്ടിണിക്കാര്‍. ഒരു സുഖസൗകര്യങ്ങളും ഇനിയും കണ്ടിട്ടില്ലാത്ത ദൈന്യത നിറഞ്ഞ മുഖങ്ങള്‍. അവരുടെ ജീവിതാവസ്ഥ വളരെയേറെ ദുഃഖിപ്പിച്ചു.
എന്താണ് ആവശ്യമെന്നു ചോദിച്ചപ്പോള്‍ ഒരു പതിമൂന്നുകാരി മുന്നോട്ടു വന്നു. സ്‌കൂള്‍ വിട്ടുള്ള ഈ വനയാത്ര ഒഴിവാക്കാന്‍ ഒരു ബോട്ടു വേണം എന്നായിരുന്നു ആവശ്യം. നടക്കുമോ എന്നറിയാതെ തന്നെ വാക്കുനല്‍കി. ആ കാലത്ത് എംഎല്‍എ ഫണ്ട് ഇല്ലായിരുന്നു. ബോട്ടുവാങ്ങാന്‍ 15 ലക്ഷം രൂപവേണം. ഇതിനു മാര്‍ഗം തേടിയപ്പോള്‍ ഡിടിപിസി ചെയര്‍മാനായ ജില്ലാ കലക്ടര്‍ മറ്റൊരു മാര്‍ഗം പറഞ്ഞു. ഡിടിപിസിയെ കൊണ്ട് ഒരു ടൂര്‍ ബോട്ട് ഇവിടെ എത്തിച്ച് യാത്രക്കാര്‍ക്കായി നല്‍കുക. അങ്ങനെ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ബോട്ട് എത്തിക്കാനായി.
1965ല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് സുലൈമാന്‍ റാവുത്തര്‍ എന്ന ഇടുക്കിക്കാരൂടെ റാവുത്തര്‍ രാഷ്ട്രീയത്തിലെത്തിയത്. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ആന്റണിയോടൊപ്പം നിന്നെങ്കിലും ഇടുക്കിയില്‍ സി എം സ്റ്റീഫനുമായുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഐയുടെ ഭാഗമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് എസ് ജില്ല പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ റാവുത്തറെ തേടിയെത്തി.
1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ കുത്തക സീറ്റായ ഇടുക്കിയില്‍ നിന്ന് കന്നിപോരാട്ടം. സംസ്ഥാനം ഉറ്റുനോക്കിയ ഈ പോരാട്ടത്തില്‍ ജോസ് കുറ്റിയാനിയോട് 4000 വോട്ടുകള്‍ക്കു തോറ്റെങ്കിലും റാവുത്തര്‍ ഇടുക്കിയുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെട്ടു. ഏറെ വിവാദമായ തങ്കമണി സംഭവം നടക്കുമ്പോള്‍ വിവരം അറിഞ്ഞ് ആ രാത്രിയില്‍ തന്നെ എത്തിയ ഏക രാഷ്ട്രീയ നേതാവാണു റാവുത്തര്‍. 1987ലെ തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റില്‍ റാവുത്തറെ തഴഞ്ഞ ഇടതുമുന്നണി മേരി സിറിയക്കിനെ സ്ഥാനാര്‍ഥിയാക്കി. സ്വതന്ത്രനായി മല്‍സരിച്ച റാവുത്തര്‍ രണ്ടാമതെത്തി. പിന്നീട് ജനതാദളില്‍ ചേര്‍ന്ന റാവുത്തര്‍ 1996ല്‍ ഇടുക്കിയില്‍ നിന്നു വിജയിച്ചു. ഇടുക്കിയില്‍ മെഡിക്കല്‍ കോളജ് വേണമെന്ന ആവശ്യം ഉയര്‍ത്തി ഇടതുമുന്നണിയോടു കലഹിച്ച റാവുത്തറെ ഒഴിവാക്കി 2001ല്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായ എം എസ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കി. വീണ്ടും സ്വതന്ത്രനായി മല്‍സരിച്ച റാവുത്തര്‍ 30,000 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ്സില്‍ മടങ്ങിയെത്തിയ റാവുത്തര്‍ ഇപ്പോള്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക