|    Oct 18 Wed, 2017 6:01 am
FLASH NEWS

ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനനം; ആവശ്യമെങ്കില്‍ സമരം കെപിസിസി ഏറ്റെടുക്കുമെന്ന് വി എം സുധീരന്‍

Published : 5th September 2016 | Posted By: SMR

പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ പയ്യാനിക്കോട്ടയില്‍ ഇരുമ്പയിര് ഖനനത്തിന് ഇടതു സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ആവശ്യമെങ്കില്‍ സമരം ഏറ്റെടുക്കാന്‍ കെപിസിസി തയാറാവുമെന്ന് പ്രസിഡന്റ് വി എം സുധീരന്‍ പ്രഖ്യാപിച്ചു.  ഇരുമ്പയിര് ഖനന പ്രദേശമായ പയ്യാനിക്കോട്ടയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മുതുകാട് ടൗണില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ തകര്‍ക്കുന്ന, വനമേഖലയിലെ ആവാസ രീതിയെ നശിപ്പിക്കുന്ന വന്‍ വിപത്തിനാണ് സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും അനുമതി നല്‍കാന്‍ ശ്രമിക്കുന്നത്. മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രി എളമരം കരീം ഖനനത്തിന് നല്‍കിയ അനുമതി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍, ഇടതു മുന്നണി വീണ്ടും ഭരണത്തില്‍ എത്തിയതോടെ എംഎസ്പിഎല്‍ കമ്പനി ഖനനത്തിന് തയ്യാറായി വരുന്നതില്‍ ഒട്ടേറെ ദുരൂഹതകളുണ്ട്.
ഖനനത്തിന് അനുമതി നല്‍കാന്‍ ആരെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കുന്നതായിരിക്കും ഉചിതം. തിരിച്ചു കൊടുക്കാനുള്ള മാനസിക പരിഗണന വാങ്ങിയവരും കാണിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഖനനത്തിന് തന്നെയാണ് നീക്കമെങ്കില്‍ എന്ത് വിലകൊടുത്തും തടയാനുള്ള ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്തുണ്ടാവും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ സി അബു, കെപിസിസി സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, ജില്ലാ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ വി രാമചന്ദ്രന്‍, സത്യന്‍ കടിയങ്ങാട്, പി വാസു, കെ കെ വിനോദന്‍, കെ മധുകൃഷ്ണന്‍, പി കെ രാഗേഷ്, ജിതേഷ് മുതുകാട് സംസാരിച്ചു. അശോകന്‍ മുതുകാട്, പി ആര്‍ പ്രസന്നന്‍, ഷൈല ജെയിംസ് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക