|    Mar 19 Mon, 2018 12:38 pm
FLASH NEWS
Home   >  Kerala   >  

ചക്കിട്ടപാറയില്‍ കൈവെക്കും മുമ്പ്

Published : 29th July 2016 | Posted By: G.A.G

imthihan-SMALLകോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് പച്ചക്കൊടി കാണിക്കാന്‍ വ്യവസായ വകുപ്പ് വീണ്ടും ശ്രമമാരംഭിച്ചിരിക്കുന്നു. പരിസ്ഥിതി ലോല പ്രദേശമായ ചക്കിട്ടപാറയിലെ 402 ഹെക്ടര്‍ ഭൂമിയിലാണ് വ്യവസായ വികസനവും തൊഴിലവസരങ്ങളും മുന്‍നിര്‍ത്തി  ഖനനാനുമതി ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. 2006 ല്‍ അച്ചുതാനന്ദന്‍ സര്‍ക്കാര്‍ ഖനനത്തിന് തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം തെല്ലും പരിഗണിക്കാതെ നല്‍കിയ അനുമതി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു.
വി എസ്  മന്ത്രിസഭയിലെ ചിലര്‍ കമ്പനിക്കു വേണ്ടി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ആരോപിക്കപ്പെട്ടു. ഏതായാലും പിന്നീടു വന്ന യു ഡി എഫ് മന്ത്രിസഭ അനുമതി പിന്‍വലിച്ചു. ഇടതു മന്ത്രിസഭ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുമ്പയിരു കമ്പനിയായ എം എസ് പി എലിന്റെ ഖനന മോഹങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചിരിക്കുന്നത്.
ചക്കിട്ട പാറയില്‍ ഖനനാനുമതി നല്‍കാനുളള വ്യവസായ വകുപ്പിന്റെ  ശ്രമങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ പ്രചോദനമെന്താണ്?
വ്യവസായ വളര്‍ച്ചയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും മാത്രമാണോ? എങ്കില്‍ ഒരു നിമിഷം,  കൊടും വരള്‍ച്ച പോലുളള  കൊടിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന, അതൊരു ചരിത്രപരമായ മണ്ടത്തരമോ വീഴ്ചയോ ആണെന്നു മനസിലാക്കി  പിന്നീടൊരിക്കലും തിരുത്താനാവാത്ത തീരുമാനമെടുക്കുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തട്ടെ:
വ്യവസായ വികസനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാണ് സര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ മാവൂര്‍ വില്ലേജില്‍ വ്യവസായ വികസനത്തിനായി ഇ എം എസിന്റെ നേതൃത്വത്തിലുളള ഒന്നാം ഇടതുപക്ഷ സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് തുഛമായ സംഖ്യക്ക് ബിര്‍ള ഗ്രൂപ്പിനെ ഏല്‍പിച്ച അഞ്ഞൂറേക്കറില്‍ പരം ഭൂമി ഇന്ന് തീര്‍ത്തും നിഷ്ചലമായി കിടക്കുകയാണ്. ഭൂമി ഏറ്റെടുത്തു നല്‍കുമ്പോള്‍ ഒപ്പുവെച്ച എല്ലാ കരാറുകളും ബിര്‍ള ലംഘിച്ചിരിക്കുന്നു. അതിനാല്‍ തന്നെ ഭൂമി തിരിച്ചെടുത്ത് അവിടെ പാരിസ്ഥിതിക ആഘാതം കുറഞ്ഞ സംരഭങ്ങള്‍ തുടങ്ങാന്‍ ഇഛാശക്തിയുളള ഒരു സര്‍ക്കാരിന് നിഷ്പ്രയാസം സാധിക്കാവുന്നതേയുളളൂ. അതല്ലെങ്കില്‍ ബിര്‍ളയെത്തന്നെയോ മറ്റുവല്ലവരെയോ അതിനായി പ്രേരിപ്പിക്കുകയുമാവാം. ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പോലെ പ്രവാസി മൂലധനമുപയോഗിച്ചുളള

സംരഭങ്ങളുമാവാം. എന്തായാലും അയ്യായിരം നൂറ്റാണ്ട് പഴക്കമുളള പശ്ചിമ ഘട്ടത്തിലെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതില്‍ നിന്നും പിന്‍മാറി വരുംതലമുറക്ക് കൂടി ഈ ഭൂമിയില്‍ വാസം സാധ്യമാക്കുന്ന തീരുമാനമെടുക്കാനുളള വിവേകം ഉപദേശിക്കാന്‍ പ്രത്യേക വ്യവസായ ഉപദേഷ്ടാവിന്റെ പദവി ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മണ്ണും വായുവും വെളളവും വിഷമയമാക്കിയ ഗ്രാസിം ഇന്‍ഡ്രസ്ട്രീസിന്റെ കരാളഹസ്തങ്ങള്‍ അര്‍ബുദ രോഗത്തിന്റെ നീരാളികൈകളിലേക്ക് തളളിയിട്ട മാവൂര്‍ പരിസരനിവാസികളുടെ ഒരു പിന്‍ഗാമിക്ക് വിശേഷിച്ചും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss