|    Jul 17 Tue, 2018 5:53 am
FLASH NEWS

ചക്കമഹോല്‍സവത്തില്‍ പഴമയുടെ മധുരം വിളമ്പി പുരാവസ്തുരേഖാ വകുപ്പ്

Published : 13th August 2017 | Posted By: fsq

 

കല്‍പ്പറ്റ: അന്താരാഷ്ട ചക്കമഹോല്‍സവത്തിന്റെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ പ്രദര്‍ശനനഗരിയില്‍ പഴമയുടെ മധുരം വിളമ്പി പുരാരേഖാ വകുപ്പിന്റെ സ്റ്റാള്‍. കേരളത്തിന്റെ ഗതകാല കാര്‍ഷികപ്പെരുമയിലേക്ക് വെളിച്ചംവീശുന്നതാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന രേഖകളില്‍ പലതും. 1882ലെ ഗ്രീംസ് റിപോര്‍ട്ടില്‍ മലബാറിലെ പ്ലാവുകളെക്കുറിച്ച് വിശദീകരിക്കുന്ന പുറങ്ങള്‍, അഗ്രികള്‍ച്ചര്‍ ജേണല്‍ ഓഫ് ഇന്ത്യയില്‍ പ്രസിദ്ധപ്പെടുത്തിയ ഇഞ്ചി, കുരുമുളക്, ചക്ക എന്നിവയെക്കുറിച്ചുള്ള കാര്‍ഷിക സര്‍വേ റിപോര്‍ട്ടിന്റെ ഭാഗം, പട്ടാമ്പിയില്‍ നെല്‍വിത്ത് ഉല്‍പാദന കേന്ദ്രം അനുവദിച്ച് 1928ല്‍ മദ്രാസ് കാര്‍ഷിക വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്, 1870 മുതല്‍ 1904 വരെ മലബാറില്‍ പെയ്ത മഴയുടെ കണക്ക് (ഇഞ്ച് അടിസ്ഥാനത്തില്‍), മലബാര്‍ ജില്ലിലെ വിവിധ താലൂക്കുകളില്‍ 1891ല്‍ ഉണ്ടായിരുന്ന ജനസംഖ്യാവിവരം, തെങ്ങിനെ ബാധിക്കുന്ന മണ്ടചീയല്‍ രോഗത്തെക്കുറിച്ച് അഗ്രികള്‍ച്ചര്‍ ജേണല്‍ ഓഫ് ഇന്ത്യയില്‍ പ്രസിദ്ധപ്പെടുത്തിയ സചിത്ര ലേഖനത്തിന്റെ ഭാഗം, 1914ലെ തിരുവതാംകൂര്‍ കാര്‍ഷിക വികസന റിപോര്‍ട്ട്, 1910ല്‍ തിരുവതാംകൂറില്‍ ഉണ്ടായിരുന്ന വാഴകൃഷി സംബന്ധിച്ച വിവരങ്ങള്‍, മലബാറിലെ ഏലം കൃഷി സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മലബാര്‍ പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് അയച്ച കത്ത്, 1887 ഡിസംബറില്‍ തലശ്ശേരി, കോഴിക്കോട്, ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍നിന്നു യൂറോപ്പിലേക്ക് കയറ്റി അയച്ച സാമഗ്രികളുടെ പട്ടിക, 1922 മുതല്‍ മൂന്നു വര്‍ഷം മലബാറില്‍നിന്നു കയറ്റുമതി ചെയ്ത തേങ്ങ, കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ വിവരം, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തിരുവിതാംകൂറും കൊല്ലവര്‍ഷം 980ല്‍ പനയോലയില്‍ എഴുതി ഉടമ്പടി, വയനാട്ടിലേക്കുള്ള ചുരപ്പാതകളില്‍ 1804ല്‍ നടന്ന പോലിസ് നീക്കങ്ങളിലേക്ക് വെളിച്ചംവീശുന്ന രേഖകള്‍, പഴശിരാജാവിന്റെ മരണം സംബന്ധിച്ച സബ് കലക്ടര്‍ ടി എച്ച് ബാബറിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ നീളുന്നതാണ് പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന പുരാരേഖകളുടെ പകര്‍പ്പുകള്‍. മുളക്കരണങ്ങള്‍, ചെമ്പോലകള്‍, മൊഹന്‍ജോദാരോയില്‍ നിന്നു ലഭിച്ച 5000 വര്‍ഷം പഴക്കമുള്ള കാളവണ്ടി, യന്ത്രക്കലപ്പയുടെ ആദ്യരൂപം എന്നിവയുടെ ചിത്രങ്ങളും സ്റ്റാളിലുണ്ട്. പശുക്കളുടെ ഗര്‍ഭകാലം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള ചാര്‍ട്ടും സ്റ്റാളിലെ മറ്റൊരു ആകര്‍ഷണമാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നൂറുകണക്കിന് ആളുകളാണ് സ്റ്റാള്‍ സന്ദര്‍ശിച്ചതെന്നു കോഴിക്കോട് റീജ്യനല്‍ ആര്‍ക്കൈവ്‌സിലെ സീനിയര്‍ ക്ലാര്‍ക്ക് സി നാരായണന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss