|    Oct 19 Fri, 2018 6:48 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ചക്കപ്പഴവും ദൃക്‌സാക്ഷിയും

Published : 15th July 2017 | Posted By: fsq

 

 

ങ്ങനെ ഈ വര്‍ഷത്തെ അവസാനത്തെ ചക്കയും വീണു. കൃത്യമായി പറഞ്ഞാല്‍ പതിനാലാമത്തെ ചക്ക.

പുരയിടത്തില്‍ കായ്ച്ചു തുടങ്ങിയ മൂന്നു പ്ലാവുകളും കൂഴയാണെന്നറിഞ്ഞപ്പോള്‍ ആദ്യമൊക്കെ നിരാശയായിരുന്നു. പിന്നീട് ഇടിച്ചക്കത്തോരനുണ്ടാക്കിയും പുഴുങ്ങിയും വറുത്തും ജ്യൂസാക്കിയും ജാമാക്കിയും കുരു കറിവച്ചുമൊക്കെ പരീക്ഷിച്ചുതുടങ്ങിയപ്പോള്‍ നിരാശ മാറി. കിട്ടുന്നത് പോരട്ടെ. ഇടയ്ക്ക് ഒരിക്കല്‍ ചക്കമടലും കറിവച്ചു നോക്കി- കൂഴപ്ലാവുകളെ ശരിക്കും മുതലാക്കി.

മലബാറുകാര്‍ക്ക് കൂഴച്ചക്ക എന്നു പറഞ്ഞാല്‍ മനസ്സിലാവില്ല. പഴഞ്ചക്ക എന്നാണവിടെ പേര്.

ഉയരത്തില്‍ കായ്ച്ചുനില്‍ക്കുന്ന ചക്കകള്‍ കണ്ടാല്‍ തലകറങ്ങും. ഇതെങ്ങനെ പറിക്കും എന്നായിരുന്നു ചിന്ത. പറമ്പിലെ മുള വെട്ടി പ്രശ്‌നം ഒരുവിധം പരിഹരിച്ചെങ്കിലും ചില്ലകള്‍ക്കിടയില്‍ ചില ചക്കകള്‍ പിടിതരാതെ ഒളിച്ചിരുന്നു.

ഒടുവില്‍ ആ പ്രപഞ്ചസത്യം മനസ്സിലാക്കി. എല്ലാ ചക്കകളും പറിക്കാനാവില്ല. എല്ലാ ചക്കകളും നമുക്കുള്ളതുമല്ല. അതിന്റെ അവകാശികള്‍ മറ്റു പലരുമാണ്. പതുക്കെപ്പതുക്കെ ഈ ബഷീറിയന്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടുതുടങ്ങി.

ചക്ക പഴുത്താല്‍ പകല്‍ പ്ലാവില്‍ ബഹളമാണ്. പലവിധ പക്ഷികളും അണ്ണാന്‍മാരും ഈച്ചയും വണ്ടും തേനീച്ചയും തേന്‍നുണയാനെത്തുന്ന ചിത്രശലഭങ്ങളും.പഴുത്തളിഞ്ഞ ചക്ക ഊഴമിട്ട് ആഘോഷിക്കുന്നതിന്റെ ബഹളത്തിനിടെ ഇടയ്ക്കിടെ കുരു താഴെ വീഴുന്ന ശബ്ദം കേള്‍ക്കാം. ചിലപ്പോഴൊക്കെ ചക്കച്ചുളകളും വീഴും

. സ്വര്‍ണനിറത്തില്‍ നിറഞ്ഞ തേന്‍മധുരവുമായി താഴെ വീണുകിടക്കുന്ന ചുളകള്‍ കണ്ടാല്‍ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി എടുത്തു തിന്നാലോ എന്നുവരെ തോന്നിയിട്ടുണ്ട്.

അതിനിടെ പലപ്പോഴും ‘ധും’ ശബ്ദത്തോടെ പ്രപഞ്ചസത്യം’താഴെ വീഴുന്നതും കേള്‍ക്കാം. രാവിലെ മുറ്റത്തു നോക്കിയാല്‍ ഒരു യുദ്ധം കഴിഞ്ഞതിന്റെ പ്രതീതിയാണ്. എടുത്തുമാറ്റിയില്ലെങ്കില്‍ ദിവസങ്ങളോളം ഈ ബഹളമെല്ലാം താഴെ വീണ ചക്കയിലും ആവര്‍ത്തിക്കും.അതിരാവിലെ മുറ്റത്ത് ചത്തുമലച്ചു കിടക്കുന്ന ചക്കപ്പഴം കണ്ട് പലപ്പോഴും പേടി തോന്നിയിട്ടുണ്ട്. പകലെങ്ങാനും ഇത് താഴെ വീണിരുന്നെങ്കില്‍ കൃത്യം തലയില്‍ തന്നെ പതിച്ചേനെ.

ഒരുകാര്യം ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. മിക്കവാറും, അല്ല എല്ലാ ചക്കകളും താഴെ വീഴുന്നത് രാത്രിയിലാണ്. അതുകൊണ്ടു തന്നെ ആരുടെയും തലയില്‍ വീണ് അപകടമുണ്ടാവുന്നില്ല. എന്താണിതിന്റെ ഗുട്ടന്‍സ് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

പകലെല്ലാം പലവിധ ജീവികള്‍ പരാക്രമം നടത്തിയിട്ടും ചക്ക താഴെ വീഴുന്നില്ല. വീഴുന്നതെല്ലാം രാത്രിയിലാണ്.ഇതൊന്നു കണ്ടുപിടിച്ചിട്ടു തന്നെ കാര്യമെന്നുറപ്പിച്ച് ഒരു രാത്രി ഉറക്കമൊഴിഞ്ഞ് ചക്കയെത്തന്നെ നോക്കിയിരുന്നു. പക്ഷിനിരീക്ഷണം, ശലഭനിരീക്ഷണം എന്നൊക്കെ പറയുന്നതുപോലെ ചക്കനിരീക്ഷണം. ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ ചക്കനിരീക്ഷണമാവാമിത്.

ടോര്‍ച്ചുമായി കോലായില്‍ കാത്തിരുന്നു. ഇടയ്ക്കിടെ മുകളിലേക്ക് വെളിച്ചമടിച്ചുനോക്കും. അധികം വൈകാതെ ഒരുകാര്യം മനസ്സിലായി. രാത്രിയിലും പ്ലാവിനു മുകളില്‍ ചിലതെല്ലാം നടക്കുന്നുണ്ട്. പുതിയ ചില അതിഥികള്‍. വവ്വാലുകളും വണ്ടുകളുമാണ് ആദ്യമെത്തിയത്. പിന്നീട് നിശാശലഭങ്ങളും പ്രാണികളും.അണ്ണാന് പകരക്കാരനായി അതാ ഒരു എലി.

അല്‍പം ഇരുട്ടേണ്ടിവന്നു മറ്റൊരാള്‍ രംഗത്തെത്താന്‍. നാടകീയമായിരുന്നു വരവ്. നാലഞ്ച് മരങ്ങള്‍ക്കപ്പുറം മുതല്‍ക്കേ ചില്ലകള്‍ കുലുങ്ങുന്നു. പ്രദേശത്ത് കുരങ്ങന്‍മാരില്ല. പിന്നെയാരെന്ന് ആകാംക്ഷയോടെ കാത്തിരുന്നു.

തെങ്ങില്‍ നിന്നു മാവിലേക്ക്, മുരിങ്ങ വഴി പ്ലാവിലേക്ക് ഒരൊറ്റ ചാട്ടം. ടോര്‍ച്ചടിക്കാതെ തന്നെ മങ്ങിയ വെളിച്ചത്തില്‍ കണ്ണുതിളങ്ങുന്നതു കാണാം- മെരു. വെരുക്, പനമെരു എന്നൊക്കെ പലരും പറയുന്ന ജീവി. ചെത്തുന്ന തെങ്ങില്‍ കയറി കള്ള് കട്ടുകുടിക്കുന്നതിനാല്‍ ചിലയിടത്ത് കള്ളുണ്ണിയെന്നും പേരുണ്ട്.

വലിയൊരു പൂച്ചയോളം വലുപ്പമുണ്ട്. ഒരു കുട്ടിക്കുരങ്ങനോളം എന്നു പറഞ്ഞാലും തെറ്റില്ല.അപ്പോള്‍ അതാണു കാര്യം. പകല്‍ വരുന്നത് ചെറുജീവികളാണ്. കൂടിപ്പോയാലൊരു ബലിക്കാക്കയോ അണ്ണാനോ. അതിലപ്പുറം ഭാരമുള്ളവരൊന്നും പകല്‍ ചക്കസദ്യയുണ്ണാനെത്തുന്നില്ല. രാത്രിയാവട്ടെ വെരുകും കടവാവലും പോലെയുള്ള കരുത്തന്‍മാരും. ഇവരുടെ ബലപ്രയോഗത്തില്‍ വീഴാറായ ചക്കകള്‍ വീണിരിക്കും, നേരം പുലരും മുമ്പു തന്നെ. കരുത്തന്‍മാര്‍ രാത്രിയില്‍ ബലം പരീക്ഷിച്ചിട്ടും വീഴാത്ത ചക്കകള്‍ പകലത്തെ ചെറുജീവികളുടെ പരാക്രമത്തില്‍ താഴെ വീഴില്ല. അതാണ് പ്രകൃതിയുടെ ടെക്‌നോളജി.

ഇത്തരമൊരു സംവിധാനമുള്ളതുകൊണ്ടാണ് പട്ടാപ്പകല്‍ ചക്ക വീണ് അപകടമുണ്ടാവാത്തതെന്നോര്‍ത്തപ്പോള്‍ ഒരു നിമിഷം നമിച്ചുപോയി. പ്രകൃതിയില്‍ ഓരോരുത്തര്‍ക്കും- അണ്ണാറക്കണ്ണനെന്നപോലെ- തന്നാലായത് ചെയ്യാന്‍ ഓരോ ജോലിയും കടമയുമുണ്ട്. അതങ്ങനെത്തന്നെ ചെയ്യാനായാല്‍ കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ നടന്നുപോവും.

ചക്കനിരീക്ഷണം അവസാനിപ്പിച്ച് വീട്ടിനകത്തേക്കു തിരിച്ചുകയറി. അരമണിക്കൂറിനകം കേട്ടു- പ്രപഞ്ചസത്യം വീഴുന്ന ‘ധും’ ശബ്ദം. കടമ നിര്‍വഹിച്ചവര്‍ അടുത്ത ചില്ലയിലേക്കു ചാടിമാറുന്നതിന്റെ കോലാഹലവും അതോടൊപ്പം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss