|    Jan 23 Mon, 2017 4:04 am
FLASH NEWS

ചക്കംകണ്ടം അഴുക്കുചാല്‍ പ്രശ്‌നത്തില്‍ ഇരു മുന്നണികള്‍ക്കും ഇരട്ടത്താപ്പ്്്

Published : 4th November 2015 | Posted By: SMR

കെ എം  അക്ബര്‍

ചാവക്കാട്: ചക്കംകണ്ടം മേഖലയിലെ കിണറുകളിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് പരിശോധന റിപോര്‍ട്ട്്. വെള്ളത്തില്‍ കോളീഫോം ബാക്ടീരിയയുടെ തോത് വളരെക്കൂടുതലെന്ന് കണ്ടെത്തല്‍. പ്രദേശത്തെ കിണറുകളില്‍ നിന്നും ശേഖരിച്ച വെള്ളം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള ആലുവയിലെ ജെ ആന്റ്് ജെ ബയോടെക് ആന്റ് സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് ലാബില്‍ പരിശോധന നടത്തിയപ്പോഴാണ് ഇത് വെളിവായത്.ഗുരുവായൂരിന്റെ മുഴുവന്‍ മാലിന്യങ്ങളും പേറാന്‍ വിധിക്കപ്പെട്ട ചക്കംകണ്ടം ഗ്രാമവാസികള്‍ ഇതോടെ ദുരിതത്തിലായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളം പരിശോധിച്ചപ്പോള്‍ മനുഷ്യമലത്തില്‍നിന്നുണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ എം.പി.എന്‍. കൗണ്ട് നൂറു മില്ലിലിറ്ററില്‍ 1,100 എന്ന തോതിലായിരുന്നു അളവെങ്കില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നൂറു മില്ലിലിറ്ററില്‍ 10,500 എന്ന അളവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കടുത്ത ആശങ്കയിലാണ് ചക്കംക്കണ്ടം മേഖലയിലെ ആയിരക്കണക്കിന് കുടുബങ്ങള്‍. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രദേശത്തെ ഒട്ടുമിക്ക വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ച നടത്തുമ്പോള്‍ ആയിരക്കണക്കിന് കുടംബങ്ങളെ പതിറ്റാണ്ടുകളായി ദുരിതത്തിലാക്കുന്ന മാലിന്യത്തെ കുറിച്ച് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. റോഡ് നിര്‍മാണവും പാര്‍പ്പിട നിര്‍മാണവും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ ഇരു മുന്നണികളും വോട്ടര്‍മാര്‍ക്ക് മുന്നില്‍ പതിവു പോലെ ഉയര്‍ത്തുന്നുണ്ടെങ്കിലും ചക്കംക്കണ്ടം നിവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിനു നേരെ കണ്ണടക്കുകയാണ് മുന്നണികള്‍ ചെയ്യുന്നത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ്് വാഗ്ദാനങ്ങളില്‍ പോലും ചക്കംകണ്ടം നിവാസികളുടെ ഈ ദുരിതം ഇടം നേടിയിട്ടില്ല. ഇതിനെതിരേ ജനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ആദ്യം ഞങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളമാണ് വേണ്ടത്. അതിനു ശേഷമാണ് റോഡും മറ്റു വികസനങ്ങളും. കുടിക്കാന്‍ വെള്ളമില്ലാതെ ജീവിക്കുന്നവന് എന്ത് റോഡ്? ചക്കംകണ്ടം നിവാസികള്‍ രോഷത്തോടെ ചോദിക്കുന്നു. എന്നാല്‍, ചാവക്കാട് നഗരസഭയിലെ 13ാം വാര്‍ഡില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി ഫാമിസ് അബൂബക്കര്‍ തന്റെ പ്രകടന പത്രികയില്‍ മുഖ്യ വിഷയമായി ഉയര്‍ത്തിക്കാട്ടുന്നത് നിവാസികളുടെ നീറുന്ന പ്രശ്‌നമായ ചക്കംകണ്ടം അഴുക്കുചാല്‍ പ്രശ്‌നം തന്നേയാണ്. സാമ്പത്തിക ബാധ്യത മൂലം ഹൈക്കോടതിയില്‍ നിശ്ചലാവസ്ഥയില്‍ കഴിയുന്ന കേസ് ജനകീയ പങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിക്കുമെന്നും ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളുടെ അവഗണനക്കെതിരേ സമ്മര്‍ദ ശക്തിയായി നിലകൊള്ളുമെന്നും ഉറപ്പു നല്‍കിയാണ് ഫാമിസ് വോട്ടഭ്യാര്‍ഥിക്കുന്നത്. ഒരുകാലത്ത് കുടിക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന ചക്കംകണ്ടം കായലിലേക്ക് ഗുരുവായൂര്‍ നഗരത്തിലെ മാലിന്യം ഒഴുകിയെത്തിയതോടേയാണ് കായല്‍ മലിനവാഹിനിയാണ് മാറിയത്. പിന്നെ ശ്വാസംമുട്ടലും ത്വക്‌രോഗങ്ങളും ഉദരരോഗവുമൊക്കെ ഇവിടെ വ്യാപകമായി. അന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ രംഗത്തെത്തി. എന്നാല്‍, ഗുരുവായൂരിലെ ഹോട്ടല്‍ ഉടമകളും ലോഡ്ജ് ഉടമകളും നേതാക്കളെ ലക്ഷങ്ങള്‍ കൊടുത്ത് വരുതിയിലാക്കിയതോടെ പ്രതിഷേധം കെട്ടടങ്ങുകയായിരുന്നു. 1997 ഡിസംബര്‍ 22ന് മേശപ്പുറത്തുവെച്ച പത്താം നിയമസഭയുടെ പരിസ്ഥിതിസമിതി റിപ്പോര്‍ട്ടില്‍ ഗുരുവായൂര്‍ മാലിന്യങ്ങള്‍ ചക്കംകണ്ടം നിവാസികളില്‍ മാരകരോഗങ്ങളുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. മാലിന്യങ്ങള്‍ വലിയതോട്ടിലൊഴുക്കുന്നത് നിരോധിക്കണമെന്നും അന്ന്് സമിതി നിര്‍ദേശിച്ചു. സമീപപ്രദേശങ്ങളിലെയും കിണര്‍വെള്ളവും കുളത്തിലെ വെള്ളവും പരിശോധിച്ച സമിതികള്‍ അത് കുടിക്കാന്‍ കൊള്ളില്ല എന്ന നിഗമനത്തിലുമെത്തിയിരുന്നു. ഇതെല്ലാം മലിനീകരണ നിയന്ത്രണ ബോര്‍ഡും ശരിവെച്ചു. 2008 ജനവരിയില്‍ ഡോ. മഹാദേവന്‍പിള്ള, ഡോ. സി എം റോയ്, സാറാ ജോസഫ്, പി സി അലക്‌സാണ്ടര്‍ എന്നിവരും ഗുരുവായൂരിലെ മലിനീകരണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികരികളും സമ്മര്‍ദം ചെലുത്താന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറായിരുന്നില്ല. പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് പോലും പറയാന്‍ കഴിയാത്ത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്് ഇത്തവണ വോട്ട് ചെയ്യേണ്ട എന്നാണ് ചക്കംകണ്ടം നിവാസികളുടെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക