|    Jan 22 Sun, 2017 3:33 pm
FLASH NEWS

ശ്രീകൃഷ്ണ ജയന്തി-ചട്ടമ്പി ജയന്തി റാലികള്‍; കണ്ണൂരില്‍ പോലിസ് ജാഗ്രതയില്‍

Published : 24th August 2016 | Posted By: G.A.G

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ആര്‍എസ്എസും ചട്ടമ്പി സ്വാമി ജയന്തി ആഘോഷവുമായി സിപിഎമ്മും രംഗത്തെത്തിയതോടെ കണ്ണൂരില്‍ പോലിസ് ജാഗ്രതയില്‍. സംഘര്‍ഷ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ കനത്ത ബന്തവസാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ സേനയെയും വിന്യസിച്ചിട്ടുണ്ട്. 20 ഓളം കേന്ദ്രങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം മുന്നയിറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പോലിസ് ചീഫ് സഞ്ജയ് കുമാര്‍ ഗുരുദിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പോലിസ് കാവലും രാത്രികാല പട്രോളിങും സുരക്ഷാ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. നൂറ് സായുധ സേനാംഗങ്ങളെ അധികമായി ജില്ലയില്‍ എത്തിക്കും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 700ഓളം കേന്ദ്രങ്ങളില്‍ ശോഭായാത്രയും ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓരോ ലോക്കലിലും സാംസ്‌കാരിക ഘോഷയാത്രയുമാണ് നടത്തുന്നത്. റാലികള്‍ മുഖാമുഖം കടന്നുപോവാത്ത വിധത്തില്‍ റൂട്ടുകള്‍ നിശ്ചയിച്ചുനല്‍കിയിട്ടുണ്ട്.  സംഘര്‍ഷമുണ്ടായാല്‍ ഘോഷയാത്രയുടെ സംഘാടകര്‍ക്കെതിരെയും പങ്കെടുക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കാനാണ് ജില്ലാ പോലിസ് ചീഫിന്റെ നിര്‍ദേശം. അനുമതി നല്‍കാത്ത സ്ഥലത്ത് പ്രകടനങ്ങളോ ഘോഷയാത്രകളോ നടത്തിയാല്‍ വാഹനങ്ങളടക്കം പിടിച്ചെടുക്കും.തലശ്ശേരി, മട്ടന്നൂര്‍, പയ്യന്നൂര്‍, ചക്കരക്കല്ല, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താനാണു നിര്‍ദേശം. പോലിസ് നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ഘോഷയാത്ര നടത്താന്‍ പാടുള്ളൂവെന്ന് കലക്ടറും നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഓരോ പോലിസ് സര്‍ക്കിളുകളിലും റൂട്ടും സമയവും നിശ്ചയിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഇരട്ടക്കൊലപാതകത്തിലൂടെ സിപിഎം, ആര്‍എസ്എസ് സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ ഇരുവിഭാഗവും ഒരേ ദിവസം റാലികള്‍ നടത്തുന്നതാണ് സംഘര്‍ഷാവസ്ഥയ്ക്കു കാരണമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സിപിഎം ഓണാഘോഷ സമാപനം എന്ന പേരില്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 415 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക