|    May 29 Mon, 2017 9:05 pm
FLASH NEWS

ഘാനയിലെ ഗാന്ധിപ്രതിമ പൊളിച്ചുനീക്കും

Published : 9th October 2016 | Posted By: SMR

അക്ര: ഘാനയിലെ സര്‍വകലാശാലയില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ പൊളിച്ചുനീക്കും. ഗാന്ധി വംശീയവാദിയാണെന്നും പ്രതിമ നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ട് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സപ്തംബറിലായിരുന്നു പ്രതിമ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചത്. പ്രതിമ പൊളിച്ചുനീക്കാനാവശ്യപ്പെട്ട് ഒരുകൂട്ടം അധ്യാപകര്‍ ആരംഭിച്ച പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളും പങ്കാളികളാവുകയായിരുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ജൂണില്‍ നടത്തിയ ഘാന സന്ദര്‍ശനവേളയിലാണ് ഇന്ത്യന്‍ എംബസി സമ്മാനിച്ച പ്രതിമ അനാവരണം ചെയ്തത്.
പ്രതിമ നീക്കംചെയ്യണമെങ്കില്‍ സര്‍വകലാശാലയിലെ 800 പേരുടെ പിന്തുണ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഒപ്പുശേഖരണം ആരംഭിച്ചു. ആയിരത്തിലധികം പേര്‍ ഒപ്പുശേഖരണത്തില്‍ പങ്കാളികളായി. ഇതേത്തുടര്‍ന്ന് ആവശ്യം പരിഗണിക്കാമെന്ന് സര്‍വകലാശാല കൗണ്‍സില്‍ അറിയിക്കുകയും പിന്നാലെ പ്രതിമ നീക്കംചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. ദക്ഷിണാഫ്രിക്കയിലായിരിക്കെ കറുത്ത വര്‍ഗക്കാരോട് വംശീയമായ സമീപനമായിരുന്നു ഗാന്ധിജിക്കെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ആഫ്രിക്കക്കാരെ കാഫിര്‍ എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. 1893ല്‍ നേറ്റാള്‍ പാര്‍ലമെന്റിന് അയച്ച കത്തില്‍ ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരേക്കാള്‍ മുകളിലാണെന്ന് ഗാന്ധി അഭിപ്രായപ്പെട്ടിരുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
അതേസമയം ഗാന്ധിപ്രതിമ നീക്കംചെയ്യാനുള്ള തീരുമാനത്തില്‍ ഘാന അധികൃതരെ ആശങ്ക അറിയിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day