|    Oct 17 Wed, 2018 8:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി : ഘര്‍വാപസി പീഡന കേന്ദ്രത്തിനും പോലിസിനും രൂക്ഷ വിമര്‍ശനം

Published : 29th September 2017 | Posted By: fsq

 

കൊച്ചി: തൃപ്പൂണിത്തുറയിലെ ഘര്‍വാപസി പീഡനകേന്ദ്രത്തിനും വിഷയം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച വരുത്തിയ പോലിസിനും ഹൈക്കോടതിയുടെ വിമര്‍ശനം.  ഇതര മതസ്ഥനെ വിവാഹം ചെയ്തതിന് ഘര്‍വാപസി  പീഡനത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ഹൈക്കോടതി സ്വതന്ത്ര ഇന്ത്യയില്‍ ഇതൊന്നും നടക്കാന്‍പാടില്ലെ ന്ന്  വാക്കാല്‍ പറഞ്ഞു.    തൃപ്പൂണിത്തുറ ശിവശക്തി യോഗാസനത്തില്‍ നേരിട്ട പീഡനവിവരം ശ്രുതി വ്യക്തമായി വിവരിച്ചതായും കോടതി പറഞ്ഞു.   യോഗാ കേന്ദ്രത്തില്‍ ചെല്ലുമ്പോള്‍ 40 പേരുണ്ടായിരുന്നെങ്കിലും രണ്ടു മാസത്തിനകം അത് 60 ആയി വര്‍ധിച്ചു. പട്ടാള ക്യാംപിലെ ജീവിതമാണ് അവിടെയുള്ളത്. യോഗ, സത്‌സംഗം, ദിനജപം എന്നിവ നടത്തിക്കും. രാവിലെ 10.30 മുതല്‍ സന്ധ്യ വരെ ക്ലാസുകളില്‍ പങ്കെടുപ്പിക്കും. ശ്രുതിയുടെ മുഖത്ത് അടിക്കുകയും വയറ്റത്ത് ചവിട്ടുകയും ചെയ്തു. കരഞ്ഞപ്പോള്‍ വായില്‍ തുണി തിരുകി നിശ്ശബ്ദയാക്കി. ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിത ഗര്‍ഭ പരിശോധന നടത്തിയതായും ശ്രുതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.  എന്നാല്‍ പോലിസെടുത്ത മൊഴികളില്‍ ഒന്നുമില്ലെന്നത് പരിതാപകരമാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരും പോലിസും അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ശ്രുതിക്കും ഭര്‍ത്താവിനും  വിവാഹം പ്രത്യേക വിവാഹ നിയമപ്രകാരമോ മറ്റെന്തെങ്കിലും അനുവദനീയ രീതിയിലോ നടത്താം. ശ്രുതിക്ക് ഹരജിക്കാരന്റെ കൂടെയോ ഇഷ്ടമുള്ളിടത്തോ പോവാമെന്നും കോടതി വ്യക്തമാക്കി. ഹോസ്റ്റലില്‍ ശ്രുതിയുടെ കൂടെ താമസിച്ച മാതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ പോലിസിന് തടസ്സമൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജി അടുത്തമാസം ആറിന് പരിഗണിക്കാനായി മാറ്റി.   പോലിസില്‍ പൂര്‍ണമായും വിശ്വാസം നഷ്ടപ്പെട്ടു. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി സ്പഷ്ടമായി പറയുന്നുണ്ട്. ഞങ്ങള്‍ ബധിരരായി ഇരിക്കണോ. വളരെ ഗൗരവമേറിയ വിഷയമാണിതെന്നും കോടതി പറഞ്ഞു. ആരുടെയോ സ്വാധീനംമൂലമാണ് യുവതി ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന്  യോഗാ ട്രസ്റ്റിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. സംഭവം ലൗ ജിഹാദാണെന്നും പെണ്‍കുട്ടിയെ സിറിയയിലേക്കു കടത്താ ന്‍ സാധ്യതയുണ്ടെന്നും യോഗാ സെന്ററിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആരോപിച്ചെങ്കിലും മതത്തിന്റെ നിറം ഇത്തരം കേസുകളില്‍ കൊണ്ടുവരരുതെന്ന് കോടതി പറഞ്ഞു. പീഡനം സംബന്ധിച്ച ഇത്തരം സംഭവങ്ങളെ നിസ്സാരമായി കാണരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി പറഞ്ഞു.  ഈ വിഷയത്തില്‍ കമ്മീഷണര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും എതിരേ നടപടിയെടുക്കുകയാണു വേണ്ടത്. എന്തുകൊണ്ടാണ് ഗവ. പ്ലീഡര്‍ ഈ വിഷയം ലളിതമായി എടുക്കുന്നതെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഹാജരാവാനും നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss