|    Dec 16 Sun, 2018 2:34 pm
FLASH NEWS
Home   >  Kerala   >  

ഘര്‍വാപസി കേന്ദ്രങ്ങള്‍ക്ക് ഒത്താശ ചെയ്ത് ഡോക്ടര്‍; മരുന്ന് കുത്തിവച്ച് ഭ്രാന്തിയാക്കുമെന്ന് ഭീഷണി; ഡോ. ദിനേശിനെതിരേ നിരവധി പരാതികള്‍

Published : 8th June 2018 | Posted By: sruthi srt

പി എച്ച് അഫ്‌സല്‍
തൃശൂര്‍: മരുന്ന് കുത്തിവച്ച് ആരെ വേണമെങ്കിലും ഭ്രാന്തിയാക്കാന്‍ എനിക്ക് കഴിയും. പിന്നെ നിങ്ങള്‍ പറയുന്നതൊന്നും ആരും വിശ്വസിക്കില്ല. കോടതി പോലും. അമൃതാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം അഡീഷനല്‍ പ്രഫസര്‍. ഡോ. എന്‍ ദിനേശിന്റേതാണ് വാക്കുകള്‍. കഴിഞ്ഞവര്‍ഷം ഘ ര്‍വാപസി കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശിനി അശിതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതര മതസ്ഥരെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ മരുന്ന് കുത്തിവച്ച് മാനസികരോഗികളാക്കി മാറ്റുന്ന ഡോ. എന്‍ ദിനേശനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും പോലിസ് നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ല. അശിതയ്ക്കു പുറമേ, വൈക്കം സ്വദേശി വൈശാലി, ഐശ്വര്യ തുടങ്ങി നിരവധി പെണ്‍കുട്ടികളാണ് ഡോ. ദിനേശിനെതിരേ രംഗത്തുവന്നത്.

അവസാനമായി ദിവസങ്ങള്‍ക്കു മുമ്പ് മംഗലാപുരത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നു മോചിതയായ തൃശൂര്‍ സ്വദേശിനി അഞ്ജലിയും ഡോ. ദിനേശിനെതിരേ പരാതി നല്‍കി. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലിസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവ ര്‍ ക്ക് പരാതി നല്‍കിയിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരാതി പരിഗണിക്കാന്‍ പോലും പോലിസ് തയ്യാറായില്ല. ഡോ. ദിനേശിന്റെ പീഡനങ്ങള്‍ വിശദമാക്കി അഞ്ജലി ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. കടുത്ത പീഡനങ്ങളാണ് അമൃതാ ആശുപത്രിയില്‍ നേരിടേണ്ടി വന്നതെന്ന് അഞ്ജലി പറഞ്ഞു. വിഎച്ച്പി പ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിച്ചത് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്. എ ന്‍ ദിനേശ് എന്ന ഡോക്ടറുടെ ചികില്‍സയിലാണ് അവിടെ കഴിഞ്ഞത്. എനിക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീര്‍ക്കലായിരുന്നു ലക്ഷ്യം. ഈ ഒരു കാര്യത്തി ല്‍ നിന്ന് പിന്‍വാങ്ങാതെ ഇവിടെ നിന്ന് പോവില്ല, അങ്ങനെ പോവാന്‍ ഞങ്ങള്‍ അനുവദിക്കില്ല, സ്ഥിരമായി മാനസികരോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നൊക്കെയാണ് അയാള്‍ പറഞ്ഞിരുന്നത്. സാധാരണ ഒരു ഡോക്ടര്‍ ചോദിക്കുന്ന പോലെ അസുഖത്തെ പറ്റി എന്നോട് സംസാരിച്ചിട്ടേ ഇല്ല. വിഎച്ച്പിക്കാരും അമ്മയും പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ അനുസരിച്ചുള്ള പെരുമാറ്റമായിരുന്നു. എട്ടുപത്ത് ഗുളികകളൊക്കെ നിര്‍ബന്ധിച്ച് കഴിപ്പിക്കും. ഞാന്‍ കരയുകയോ ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ബലമായി ഇഞ്ചക്ഷന്‍ നല്‍കും. 45 ദിവസം ഇത് തുടര്‍ന്നു. ഇനി മനാസിന്റെ കൂടെ പോവില്ല, അതിനുവേണ്ടി ഇവിടെയിനി ഇടേണ്ടെന്ന് അമ്മയോട് ഞാന്‍ പറഞ്ഞു. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടയ്ക്ക് മനാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് കൊടുത്തിരുന്നു. ഇവിടെനിന്നുമുള്ള മാനസികരോഗിയാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്ന് അമ്മയ്ക്ക് അനുകൂലമായ വിധി കിട്ടി. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പിന്നെ രണ്ട് വര്‍ഷമാണ് എന്നെ മംഗലാപുരത്തെ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ തടവിലിട്ടത്. ഡോ. ദിനേശിനെതിരേ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും പോലിസും പൊതുസമൂഹവും കണ്ടില്ലെന്നു നടിക്കുകയാണ്. രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ ആര്‍എസ്എസിനെ സഹായിക്കുന്ന നിലപാടാണു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.
സമാനമായ അനുഭവമാണ് തനിക്കും നേരിടേണ്ടി വന്നതെന്ന് കഴിഞ്ഞവര്‍ഷം ഘര്‍വാപസി കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശിനി അശിത പറയുന്നു. 2017 ജൂലൈ അവസാന വാരമാണ് അശിതയെ അമൃത ആശുപത്രിയില്‍ എത്തിച്ചത്. എല്ലാ ദിവസവും രാവിലെ ഡോക്ടര്‍ കൗണ്‍സലിങ് നടത്തും. മുസ്‌ലിംകളെയും ഖുര്‍ആനെയും മോശമായി ചിത്രീകരിച്ചാണ് ഡോക്ടര്‍ തന്നോട് സംസാരിച്ചത്. പ്രണയത്തില്‍ നിന്നു പിന്‍മാറില്ലെന്ന നിലപാടെടുത്തതോടെ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചു. തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രത്തിലെ ഗുരുജിയും ശ്രുതിയുമാണ് അമൃത ആശുപത്രിയിലേക്ക് എത്തിച്ചത്. ഡോ. ദിനേശിന്റെ എടപ്പള്ളിയിലുള്ള ക്ലിനിക്കിലും പലവട്ടം കൊണ്ടുപോയി. ഘര്‍വാപസി കേന്ദ്രത്തി ല്‍ നിന്നുള്ള നിരവധി പെ ണ്‍കുട്ടികളെ അമൃതയില്‍ എത്തിച്ചിരുന്നു. ഇതിനെതിരേ എറണാകുളം സെന്റര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തന്റെ ആരോഗ്യവും ജീവിതവും തകര്‍ത്ത ഡോ. ദിനേശിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കാനൊരുങ്ങുകയാണ് അശിതയും കുടുംബവും. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോ. ദിനേശിനെതിരേ കോടതിയെ സമീപിക്കുമെന്നും അവര്‍ തേജസിനോട് പറഞ്ഞു.
ഘര്‍വാപ്പസിക്കായി നടത്തുന്ന സംഘപരിവാറിന്റെ ക്ലിനിക്കല്‍ തടവറകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ കോബ്രാപോസ്റ്റിന്റെ ഓപ്പറേഷന്‍ ജൂലിയര്‍ 2015ല്‍ പുറത്തു വിട്ടിരുന്നു. മിശ്ര വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് ഓര്‍മ്മ നശിപ്പിക്കുന്നതിനടക്കമുള്ള മരുന്നുകള്‍ നല്‍കുന്നു എന്നും വിഎച്ച്പിയുടെ കീഴിലുള്ള ഹിന്ദു ഹെല്‍പ്പ് ലൈന്‍ ആണ് അത്തരം കേസുകള്‍ കോര്‍ഡിനേറ്റ ചെയ്യുന്നത് എന്നുമുള്ള ഹെല്പ് ലൈന്‍ പ്രവര്‍ത്തകനായ ഡോ. സിജിത്തിന്റെ വെളിപ്പെടുത്തല്‍ വീഡിയോ ആണ് കോബ്രപോസ്‌റ് പുറത്തുവിട്ടത്. ഈ നടപടികളില്‍ അമൃതാ ആശുപതിക്കുള്ള പങ്കാണ് അഷിതയുടെയും അഞ്ജലിയുടെയും പരാതികളില്‍ വ്യക്തമാകുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss