|    Nov 19 Mon, 2018 6:49 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഘര്‍വാപസിക്കാരെ നിലയ്ക്കുനിര്‍ത്തണം

Published : 27th September 2017 | Posted By: fsq

 

ക്രിസ്തീയ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ഒരു ഹിന്ദു യുവതി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുണ്ടായ വസ്തുതാന്വേഷണങ്ങളും അതു സംബന്ധിച്ചു കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയും പ്രബുദ്ധ കേരളത്തിന് അപമാനകരമായ ചില ഞെട്ടിക്കുന്ന കാര്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അന്യമതസ്ഥരെ വിവാഹം കഴിക്കുകയോ മതംമാറുകയോ ചെയ്യുന്ന ഹിന്ദുക്കളെ സ്വന്തം മതത്തിലേക്ക് തിരിച്ചുകൊണ്ടുപോവാന്‍ സംഘപരിവാരം നടത്തുന്ന ആസൂത്രിതനീക്കങ്ങള്‍ അത്യന്തം പ്രാകൃതവും കിരാതവുമാണ്. ഈ കിരാത നടപടികളുടെ ഇരകളാണ് ഡോ. ഹാദിയയും ആതിരയും ശ്വേതയുമെല്ലാം. അടിയന്തരമായും ഈ ഘര്‍വാപസി അവസാനിപ്പിച്ചേ തീരൂ.ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും മതദര്‍ശനങ്ങള്‍ അനുസരിച്ച് ജീവിക്കാനും മതം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. പക്ഷേ, മതംമാറുന്നവര്‍ക്കെതിരായി കൊലവിളി നടത്തിക്കൊണ്ടിരിക്കുകയാണ് കാവിപ്പട. ഡോ. ഹാദിയയെ വീട്ടുതടങ്കലിലാക്കിയതിലൂടെ അവരുടെ അഭീഷ്ടമാണ് നടപ്പായത്. ആതിരയുടെ ഘര്‍വാപസിക്കു പിന്നിലും അവരുടെ ഗൂഢനീക്കമുണ്ട്. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും ഇസ്‌ലാം മതപ്രബോധകര്‍ക്കുമെതിരായി ഇക്കൂട്ടര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാമൂഹികാന്തരീക്ഷം കലുഷമാക്കുന്നു എന്നതാണ് സത്യം. സമാധാനപരമായി നോട്ടീസുകള്‍ വിതരണം ചെയ്യുന്നവരെയും സുവിശേഷ പ്രസംഗങ്ങള്‍ നടത്തുന്നവരെയും ജയിലിലടപ്പിക്കുന്നതില്‍ എത്തിനില്‍ക്കുന്നു കാവിരാഷ്ട്രീയത്തിന്റെ അന്യമത വിദ്വേഷം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ അവരുടെ ഒത്താശക്കാരായി മാറിയിരിക്കുന്നു. തികഞ്ഞ മനുഷ്യാവകാശ ലംഘനം ബോധ്യപ്പെട്ടിട്ടുപോലും ഡോ. ഹാദിയയുടെ കാര്യത്തില്‍ ഇടപെടലുകള്‍ നടത്താതെ സംഘപരിവാര ശക്തികള്‍ക്ക് അനുകൂലമായി ഒളിച്ചുകളി നടത്തുന്ന സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി അതിന്റെ ഉദാഹരണമാണ്. കേരളത്തിലെ പോലിസ് ഇത്തരം വിഷയങ്ങളില്‍ സംഘപരിവാരത്തിന് അനുകൂലമായ നടപടികളാണ് കൈക്കൊള്ളുന്നത് എന്നതും പകല്‍വെളിച്ചം പോലെ പരമാര്‍ഥമാണ്.ഹിന്ദുമതത്തില്‍നിന്നുള്ള മതംമാറ്റങ്ങള്‍ക്കെതിരേ സംഘപരിവാരം അക്രമാസക്തമായ സമീപനം കൈക്കൊള്ളുമ്പോള്‍ തന്നെ നിരവധി പേര്‍ ആര്യസമാജം വഴി ഹിന്ദുമതത്തിലേക്ക് മാറുന്നുണ്ട്. ആരെങ്കിലും അതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടോ? പ്രശസ്ത ഗായകന്‍ യേശുദാസ്, ഹിന്ദുമത വിശ്വാസിയാണ് താന്‍ എന്ന് ഏറ്റുപറഞ്ഞു. അദ്ദേഹത്തെ ഏതെങ്കിലും ക്രിസ്തീയസഭ വല്ല ധ്യാനകേന്ദ്രത്തിലും കൊണ്ടുപോയി കുരിശുവരപ്പിച്ചുവോ? അറിയപ്പെട്ട ഹൈന്ദവ സന്ന്യാസി ശ്രീ എം മുസ്‌ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ്. അദ്ദേഹത്തിന് മുസ്‌ലിംകള്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുണ്ടോ? പക്ഷേ, സംഭവിക്കുന്നത് മറിച്ചാണ്. ഇസ്‌ലാം മതപ്രബോധനത്തെ ഐഎസുമായി കൂട്ടിക്കെട്ടി തീവ്രവാദമുദ്ര ചാര്‍ത്തുന്ന പ്രവണതയാണ് ഇവിടെയുള്ളത്. മതപ്രബോധന സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു. സാമൂഹിക നിരീക്ഷകരും ഇടതുപക്ഷ രാഷ്ട്രീയക്കാരും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് പുലര്‍ത്തുന്നത്. യഥാര്‍ഥത്തില്‍ വേണ്ടത് ഘര്‍വാപസിക്കാരെ നിലയ്ക്കുനിര്‍ത്തുകയാണ്. അതിനുള്ള ചങ്കൂറ്റം ഇടതുപക്ഷ സര്‍ക്കാരിനുണ്ടോ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss