|    Jan 17 Tue, 2017 8:27 am
FLASH NEWS

ഘടകകക്ഷി അറിയാതെ എല്ലാം ശരിയാവുന്നു

Published : 6th May 2016 | Posted By: SMR

slug-madhyamargamകേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരണം ഒരു ചരിത്ര സംഭവമായിരുന്നു എന്നതില്‍ സംശയമില്ല.
കോണ്‍ഗ്രസ്സിനോടൊപ്പം സുഖമായി സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കെ സിപിഐ മറുകണ്ടം ചാടി വന്നപ്പോഴാണ് മുന്നണി രൂപീകരിച്ചത്. സഖാവ് പി കെ വാസുദേവന്‍ നായര്‍ ഇടതുപക്ഷ ജനാധിപത്യ ഐക്യത്തിനു വേണ്ടി മുഖ്യമന്ത്രി പദവിയാണു വലിച്ചെറിഞ്ഞത്. സിപിഐയുടെ ഇത്തരത്തിലുള്ള മഹാത്യാഗത്തെ കുറിച്ച് അവര്‍ക്കു തന്നെ ഓര്‍മയുണ്ടോ എന്നറിയില്ല. പാവം, ആരും ഓര്‍മിക്കാനുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നത് സിപിഐ കൂടി ഉള്‍പ്പെട്ടതാണെന്ന് ഏവര്‍ക്കുമറിയാം. ഇടതുപക്ഷം എന്നത് സിപിഎം, സിപിഐ, ആര്‍എസ്പി എന്നീ പാര്‍ട്ടികളായിരുന്നു. ആര്‍എസ്പി വിട്ടുപോയെങ്കിലും മറ്റു രണ്ടു പാര്‍ട്ടികളാണ് ഇടതുപക്ഷം. ഏതു തിരഞ്ഞെടുപ്പു കാലത്തും സിപിഐ വെട്ടിത്തിളങ്ങി നിന്നു. സഖാക്കള്‍ പികെവി, വെളിയം ഭാര്‍ഗവന്‍, സി കെ ചന്ദ്രപ്പന്‍ എന്നിവരുടെ വാക്കുകള്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ മാത്രമല്ല പൊതു സമൂഹത്തിലും വലിയ വിലയും നിലയും ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സിപിഐക്ക് പഴയ പ്രതാപം നിലനിര്‍ത്താന്‍ കഴിയുന്നില്ല. സിപിഎം സമ്മേളനം പോലും ഇവന്റ് മാനേജ്‌മെന്റിനെ കൊണ്ടു നടത്തിച്ചു എന്നു പരസ്യമായി വെളിപ്പെടുത്തിയ സി കെ ചന്ദ്രപ്പനെപ്പോലെ ഒരാളെ പാര്‍ട്ടിയില്‍ ഇപ്പോള്‍ കിട്ടാനില്ല. വല്യേട്ടന്‍ പറയുന്നതെല്ലാം അപ്പടി വിഴുങ്ങുന്ന നേതൃത്വവും അണികളും സിപിഐയില്‍ നിരന്നു കഴിഞ്ഞു എന്നതാണു വ്യാപകമായ ആക്ഷേപം. രണ്ടു പാര്‍ട്ടികളും ഒന്നാവാന്‍ കാത്തിരിക്കുകയാണ് സിപിഐയിലെ മഹാഭൂരിപക്ഷം അംഗങ്ങളും. ഇത്തവണത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഏറ്റവും വലിയ പ്രത്യേകത അവര്‍ക്കൊരു തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉണ്ടായി എന്നതാണ്. എല്‍ഡിഎഫ് വരും എല്ലാം ശരിയവുമെന്നാണ് ഈ മുദ്രാവാക്യം. മുന്നണിയിലെ ഘടകകക്ഷിയായ സിപിഐയോ മറ്റു ഘടകകക്ഷികളോ ചുവരുകളിലാണ് ഇങ്ങനെയൊരു മുദ്രാവാക്യം ആദ്യമായി കാണുന്നത്.
എല്‍ഡിഎഫിന്റെ മുദ്രാവാക്യമാവുമ്പോള്‍ മുന്നണിയിലെ ഘടകകക്ഷികള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചതാവും എന്നാണ് ഏവരും ധരിച്ചിരിക്കുക. എന്നാല്‍ നടന്നത് അതല്ല. വന്‍കിട പരസ്യ കുത്തകക്കമ്പനി കേരളത്തിലെ സിപിഎമ്മിനു വേണ്ടി രൂപപ്പെടുത്തി കൊടുത്തതാണ് ഈ മുദ്രാവാക്യം. അതിനായി കനത്ത പ്രതിഫലം പാര്‍ട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. എല്‍ഡിഎഫിന്റെ കേന്ദ്ര മുദ്രാവാക്യമാവുമ്പോള്‍ ഘടകകക്ഷി നേതാക്കളോടു പറയേണ്ടതു മര്യാദയല്ലേ? സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ക്കൊക്കെ വാട്‌സ്ആപും ഫേസ്ബുക്കുമെല്ലാം ഉള്ളതുകൊണ്ട് അതിലൂടെയെങ്കിലും വിവരം അറിയിക്കാമായിരുന്നു. സ്വന്തം മുന്നണിയലെ പ്രധാന വിഷയം മറ്റുള്ളവരില്‍ നിന്നു ഘടകകക്ഷികള്‍ക്ക് അറിയേണ്ടിവരുന്ന ദുര്യോഗം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല, തീര്‍ച്ച. എല്‍ഡിഎഫിന്റെ പേരിലുള്ള ബോര്‍ഡുകളില്‍ സിപിഎം നേതാക്കള്‍ നിറഞ്ഞുനിന്നു. വിഎസും പിണറായിയും കോടിയേരിയുമാണ് ടെലിവിഷന്‍ പരസ്യങ്ങളിലുള്ള മുഖങ്ങള്‍.
എല്‍ഡിഎഫിന്റെ പേരില്‍ സിപിഎം ഇതിനുവേണ്ടി ലക്ഷക്കണക്കിനു രൂപയാണു ചെലവഴിക്കുന്നത്. മുന്നണിയിലെ ഒരു ഘടകകക്ഷിയും ഇതെക്കുറിച്ചു പ്രതികരിക്കുന്നില്ല. പ്രതികരിച്ചാല്‍ വല്യേട്ടന്‍ പിണങ്ങുമോ എന്നതാണ് ഭയം. സമയം നല്ലതല്ല. കാരണം വല്യേട്ടന്റെ സഹായസഹകരണമില്ലാതെ ഘടകക്ഷികള്‍ക്ക് ഒറ്റ സീറ്റിലും ജയിക്കാനുള്ള ശക്തിയില്ല. എല്ലാം ശരിയാവുന്നതില്‍ ഘടകകക്ഷികള്‍ക്കുള്ള പ്രതിഷേധം അവരൊക്കെ ഫലം വന്നശേഷം കൂടുന്ന മുന്നണി യോഗത്തില്‍ പ്രകടിപ്പിക്കുമെന്നു സമാധാനിക്കാം.
വല്യേട്ടന്‍പാര്‍ട്ടി പറയുന്നതൊക്കെ ചുമക്കേണ്ട ഗതികേട് ഘടകകക്ഷികള്‍ക്കു നേരത്തേ ഉണ്ടായതാണ്. അതിനു പുറമെയാണ് ”എല്ലാം ശരിയാവുന്ന” കനത്ത ഭാരംകൂടി ഘടകകക്ഷികളുടെ ചുമലില്‍ വന്നു വീണിരിക്കുന്നത്. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത ധര്‍മസങ്കടം. ഇങ്ങനെയൊരു മുദ്രാവാക്യംകൊണ്ട് എന്തെല്ലാം ഗുണം കിട്ടിയെന്നും ചെറിയ ദോഷങ്ങള്‍ ഉണ്ടായിരുന്നോ എന്നും വിലയിരുത്താനും ലെനിനിസ്റ്റ് സംഘടനാ തത്ത്വത്തിലൂടെ പരിശോധിക്കാനും മുന്നണിക്ക് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സമയം കുറേ ലഭിക്കാനിടയുണ്ട്. ‘എല്ലാം ശരിയാവും’ എന്ന വാക്യം തയ്യാറാക്കിയതിനു സിപിഎം ഇവന്റ്മാനേജ്‌മെന്റിനു നല്‍കിയ പ്രതിഫലം ഘടകകക്ഷികളില്‍ നിന്ന് ഓഹരിവച്ച് ഈടാക്കുമെന്ന് ആരും ധരിക്കരുത്. സിപിഎം നേതൃത്വം അമ്മാതിരി നാണംകെട്ട പണികളൊന്നും ചെയ്യാറില്ല. അന്തസ്സായി മാത്രമേ കാര്യങ്ങള്‍ ചെയ്യാറുള്ളൂ. ചെയ്യുന്നതൊക്കെ കൂടെ നില്‍ക്കുന്നവരോട് ചര്‍ച്ച ചെയ്യുന്ന കുറച്ചിലിനു നില്‍ക്കാന്‍ അവരെ കിട്ടില്ലെന്നേയുള്ളൂ. എല്ലാം ശരിയാവുമെന്നതുകൊണ്ട് എന്തു ശരിയാവുമെന്നാണ് പറയുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ എല്ലാം ശരിയാവുമെന്നുതന്നെ എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാരുടെ മറുപടി. സാധാരണ ജനങ്ങളാണെങ്കില്‍ ഇതു വായിക്കുമ്പോള്‍ സിനിമാ ഹാസ്യനടനായിരുന്ന കുതിരവട്ടം പപ്പു പറഞ്ഞ ഒരു ഫലിതമാണ് ഓര്‍മിക്കുന്നത്. ”ഇപ്പം ശരിയാക്കിത്തരാം.”

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക