|    Jul 23 Mon, 2018 7:54 am
Home   >  Todays Paper  >  page 12  >  

ഗൗരി ലങ്കേഷ് ഹിന്ദുത്വത്തിനെതിരേ വിട്ടുവീഴ്ചയില്ലാതെ

Published : 7th September 2017 | Posted By: fsq

 

ബംഗളൂരു: ഹിന്ദുത്വ വലതുപക്ഷത്തിനെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടിയ മാധ്യമപ്രവര്‍ത്തകയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു ഗൗരി ലങ്കേഷ്. മാധ്യമപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി ലങ്കേഷിന്റെ മകളായ ഗൗരി ലങ്കേഷ് കന്നഡ, ഇംഗ്ലീഷ് മാധ്യമങ്ങളില്‍ കോളമിസ്റ്റായിരുന്നു. 2000ല്‍ തന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് “ഗൗരി ലങ്കേഷ് പത്രിക’ എന്ന കന്നഡ വാരിക ആരംഭിച്ചു. 1980ല്‍ പിതാവ് ആരംഭിച്ച കന്നഡ വാരിക “ലങ്കേഷ് പത്രിക’യുടെ തുടര്‍ച്ചയായിട്ടാണ് ഗൗരി ലങ്കേഷ് പത്രികയുടെ ആരംഭം. 16 വര്‍ഷം നീണ്ട മുഖ്യധാരാ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് 2000ല്‍ 38ാം വയസ്സില്‍ ബംഗളൂരുവിലേക്കു മടങ്ങി. പിതാവിന്റെ മരണശേഷമാണ് ഗൗരി രാഷ്ട്രീയ വിഷയങ്ങളില്‍ കൂടുതലായി ഇടപെടാന്‍ ആരംഭിച്ചതെന്ന് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രകാശ് ബേലവാദി ഓര്‍ക്കുന്നു. ലങ്കേഷിന്റെ മരണശേഷം ഗൗരി എഴുത്തുകളില്‍ രാഷ്ട്രീയത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കി. അവരുടെ നിലപാടില്‍ കൂടുതല്‍ ദൃഢത കൈവന്നു. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായിരുന്നു അവരുടെ നിലപാടുകള്‍. സ്ത്രീകളുടെയും ദലിതരുടെയും അവകാശങ്ങള്‍ക്കായി ഗൗരി ലങ്കേഷ് നിലകൊണ്ടു-ബേലവാദി പറഞ്ഞു. ബംഗളൂരുവിലേക്ക് തിരിച്ചുവന്ന ശേഷമാണ് ഗൗരി ലങ്കേഷ് ഇംഗ്ലീഷിനു പുറമേ കന്നഡ ഭാഷയിലും എഴുതാന്‍ ആരംഭിച്ചത്. കര്‍ണാടകയിലെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ ശക്തമായ നിലപാടുകളിലൂടെയാണ് അവരുടെ ലേഖനങ്ങള്‍ ശ്രദ്ധേയമായത്. ബിജെപിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരായ എതിര്‍പ്പുകള്‍ ഗൗരി ലങ്കേഷ് തന്റെ എഴുത്തുകളില്‍ പ്രകടിപ്പിച്ചു. മാധ്യമ-സാമൂഹിക പ്രവര്‍ത്തനത്തിനിടെ നിരവധി തവണ ഗൗരി ലങ്കേഷിനെതിരേ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ബിജെപിയുടെ വര്‍ഗീയ ഫാഷിസ്റ്റ് നയത്തെയും ഹിന്ദു ധര്‍മത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളെയും ജാതിവ്യവസ്ഥയെയും എതിര്‍ക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നാരദ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഗൗരി ലങ്കേഷ് വ്യക്തമാക്കിയിരുന്നു. ബാബ ബുധന്‍ഗിരിയെ മുന്‍നിര്‍ത്തി വര്‍ഗീയവാദികള്‍ ധ്രുവീകരണത്തിന് ശ്രമിച്ചപ്പോള്‍ അതിനെതിരേയും ഗൗരി ശക്തമായ നിലപാടെടുത്തിയിരുന്നു.  വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം തന്റെ അവകാശമാണ്. ജാതി അസമത്വങ്ങളെയും സമൂഹത്തിലെ അനീതികളെയും എതിര്‍ത്ത ബസവേശ്വരന്റെ നാടായ കര്‍ണാടകയില്‍ നിന്നും ഡോ. ബി ആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യയില്‍ നിന്നുമാണ് താന്‍ വരുന്നത്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. തന്നെ ബിജെപിവിരുദ്ധയെന്നോ മോദിവിരുദ്ധയെന്നോ വിളിക്കാമെന്നും അഭിമുഖത്തില്‍ ഗൗരി ലങ്കേഷ് അഭിപ്രായപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss