|    Oct 17 Wed, 2018 9:26 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഗൗരി ലങ്കേഷ് : വേദന പടര്‍ത്തുന്ന ഒരോര്‍മ

Published : 12th September 2017 | Posted By: fsq

 

ഗോപാല്‍ മേനോന്‍

2003ല്‍ കര്‍ണാടക കോമു സൗഹാര്‍ദ വേദികെയുടെ രൂപീകരണവേളയില്‍ ബംഗളൂരുവില്‍ വച്ചാണ് ഗൗരി ലങ്കേഷിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന ബാബാ ബുധന്‍ഗിരിയില്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള സംഘപരിവാര നീക്കങ്ങള്‍ക്കെതിരായ ഒരു വന്‍ സമ്മേളനത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു ഗൗരി. ബാബാ ബുധന്‍ഗിരി വിഷയത്തെ ആസ്പദമാക്കി ഡോക്യുമെന്ററി ചെയ്യുന്ന എന്റെ പ്രിയ സുഹൃത്ത് യുവരാജിനുവേണ്ടി സമ്മേളനപരിപാടി ഷൂട്ട് ചെയ്തതു ഞാനായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഈ പരിചയം ഒരു സൗഹൃദമായി വളര്‍ന്നു. ബാബാ ബുധന്‍ഗിരിയുമായി ബന്ധപ്പെട്ട സംഘപരിവാരത്തിന്റെ ഹീനമായ ഫാഷിസ്റ്റ് പദ്ധതികള്‍ക്കെതിരായി കോമു സൗഹാര്‍ദ വേദികെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുമായി സഹകരിക്കുന്നതിനിടയില്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി. ആ പരിപാടിയിലാണ് ആദ്യമായി അവരുടെ പ്രസംഗം ഞാന്‍ കേള്‍ക്കുന്നത്. ആ പ്രസംഗം ഞാന്‍ ശ്രദ്ധിച്ചിരുന്നു. ബിജെപിയെ അതിരൂക്ഷമായി വിമര്‍ശിച്ച അവര്‍ രാജ്യത്ത് ഫാഷിസവും മതമൗലികവാദവും വളര്‍ന്നുവരുന്നതിലുള്ള തീവ്രമായ ഉല്‍ക്കണ്ഠ പ്രസംഗത്തിലുടനീളം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ‘രാഷ്ട്രം ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുമ്പോള്‍’ എന്ന എന്റെ ഡോക്യുമെന്ററി 2010ല്‍ ബംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ച വേളയിലും ഗൗരി ലങ്കേഷ് സന്നിഹിതയായിരുന്നു. ബംഗളൂരുവില്‍ പ്രസ്‌ക്ലബ് അംഗമായിരിക്കെ രാഷ്ട്രീയ തടവുകാരുമായി ബന്ധപ്പെട്ട നിരവധി യോഗങ്ങള്‍ അവര്‍ സംഘടിപ്പിച്ചിരുന്നു. ഒരു യോഗത്തില്‍ എസ് എ ആര്‍ ഗീലാനിയായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തിരുന്നത്. രാജ്യമെമ്പാടുമുള്ള രാഷ്ട്രീയ തടവുകാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സൂക്ഷ്മമായ ധാരണ അവര്‍ക്കുണ്ടായിരുന്നു. വിയോജിപ്പിന്റെ തളരാത്ത ശബ്ദമായിരുന്നു ഗൗരിയുടേത്. സ്ത്രീപ്രശ്‌നങ്ങള്‍, ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍, മതമൗലികവാദം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും പരിപാടികളിലും അവര്‍ ഭാഗഭാക്കായിരുന്നു. ഞങ്ങളിരുവരുടെയും യാത്രകളും ജോലിയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും ഫോണ്‍വഴിയോ ഇ-മെയില്‍ വഴിയോ ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ സുഹൃത്തായ യുവരാജിന്റെ മരണം വീണ്ടും ഗൗരിയെ കണ്ടുമുട്ടുന്നതിനു നിമിത്തമായി. ദുഃഖകരമെന്നു പറയട്ടെ അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ഒടുവിലെ കൂടിക്കാഴ്ച.രണ്ടുമാസം മുമ്പ് ഗൗരിയെ കാണണമെന്ന് ഞാന്‍ കരുതിയിരുന്നു. ഡോ. ജി എന്‍ സായിബാബയെക്കുറിച്ച് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഡോക്യുമെന്ററിക്കു വേണ്ടി ചില സഹായങ്ങള്‍ ചെയ്യാമെന്ന് അവര്‍ പറഞ്ഞിരുന്നു. ലങ്കേഷ് പത്രികെയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തന്നെ പ്രയാസപ്പെടുന്നുണ്ടെങ്കിലും എന്നെ നിശ്ചയമായും സഹായിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അവര്‍ ഏറ്റിരുന്നു. ബംഗളൂരുവില്‍ ഫിലിമിന്റെ പ്രദര്‍ശനം സംഘടിപ്പിക്കാമെന്നുപോലും അവര്‍ പറഞ്ഞു. പക്ഷേ, ആ കൂടിക്കാഴ്ച നടന്നില്ല. അടുത്ത തവണ ബംഗളൂരുവില്‍ വരുമ്പോള്‍ എന്തായാലും കണ്ടുമുട്ടാമെന്ന് ഞാനവര്‍ക്ക് വാക്കുകൊടുത്തു. ധീരയായ, ജനാഭിപ്രായമുള്ള ആക്റ്റിവിസ്റ്റും പത്രപ്രവര്‍ത്തകയുമായിരുന്നു ഗൗരി. സ്‌നേഹധനയായ ഒരു സുഹൃത്തിനെയും സഖാവിനെയുമാണ് ഫാഷിസ്റ്റുകളുടെ വെടിയുണ്ടകള്‍ നമ്മില്‍നിന്ന് തട്ടിയെടുത്തത്. ഗാന്ധിജി, ഷാഹിദ് ആസ്മി, ഡോ. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്… ഫാഷിസ്റ്റുകളുടെ ഹീനപദ്ധതികളെ ചെറുത്തുതോല്‍പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നമ്മുടെ രോഷത്തെ നമുക്കു തിരിച്ചുവിടാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss