|    Dec 11 Tue, 2018 3:46 am
FLASH NEWS
Home   >  News now   >  

ഗൗരി ലങ്കേഷ് വധം: ഹിന്ദു ജനജാഗ്രതി സമിതിക്കും പങ്കെന്ന് പ്രധാന പ്രതിയുടെ വെളിപ്പെടുത്തല്‍

Published : 11th June 2018 | Posted By: Jasmi JMI

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ സനാഥന്‍ സന്‍സ്തയ്ക്ക് മാത്രമല്ല മറ്റൊരു തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിക്കും പങ്കുണ്ടെന്ന് മുഖ്യപ്രതി നവീന്‍ കുമാറിന്റെ വെളിപ്പെടുത്തിയതായി അന്വേഷണ സംഘം. സംഘടനയുടെ പ്രമുഖ നേതാവ് ഗൗരിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കും. കൂടുതല്‍ അറസ്റ്റുകള്‍ കേസില്‍ ഉണ്ടാവാനും സാധ്യതയുണ്ട്. ഗൗരിയുടെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അവകാശപ്പെട്ടിരുന്ന ഹിന്ദു ജനജാഗ്രതി സമിതി ഇതോടെ പ്രതികൂട്ടിലായി.
ഗൗരിയുടെ ഹിന്ദുത്വ വിരുദ്ധ നിലപാടുകളാണ് വധത്തിലേക്ക് നയിച്ചതെന്ന് നേരത്തേ അന്വേഷണ സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി ഗൗരി ലങ്കേഷിന്റെ വധത്തില്‍ തുടക്കത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു. ഹിന്ദു ജനജാഗ്രതി സമിതിയും സനാഥന്‍ സന്‍സ്തയും യോജിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കുറേക്കൂടി തീവ്രചിന്താഗതിയുള്ളവരുടെ മറ്റൊരു യൂനിറ്റും ഹിന്ദു ജനജാഗ്രതി സമിതിക്കുണ്ട്.സംഘടനയുടെ ബെംഗളൂരുവിലെ കോഓര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡയാണ് ഗൗരിയെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന. നവീന്‍ കുമാറുമായി മോഹന്‍ ഗൗഡയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ഗൂഢാലോചനയുടെ പ്രാഥമിക ഘട്ടത്തില്‍ പങ്കാളിയായിരുന്ന മോഹന്‍ സുജീത്ത് കുമാര്‍ എന്ന പ്രവീണിനെ നവീന്‍ കുമാറിന് പരിചയപ്പെടുത്തി നല്‍കി. പ്രവീണും നവീനും ഇപ്പോള്‍ കസ്റ്റഡിയിലാണ്. ഗോവയിലെ പോണ്ടയില്‍ നടന്ന സനാഥന്‍ സന്‍സ്തയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ മോഹന്‍ ഗൗഡയുടെ നിര്‍ദേശപ്രകാരം താന്‍ പങ്കെടുത്തതായി നവീന്‍ വെളിപ്പെടുത്തിയിട്ടുണ്ട്്. ഇത് ഇരുവരും തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നതാണ്.
ഈ കണ്‍വെന്‍ഷനില്‍ സംഘടിപ്പിച്ച ഹിന്ദു ധര്‍മത്തെ കുറിച്ചുള്ള സെഷനില്‍ ഹിന്ദു ധര്‍മ സംരക്ഷണത്തിന് ആയുധങ്ങളും തോക്കുകളും അത്യാവശ്യമാണെന്ന് നവീന്‍ കുമാര്‍ പറഞ്ഞിരുന്നു. മോഹന്‍ ഗൗഡ ഈ പ്രസംഗത്തെ അഭിനന്ദിച്ചിരുന്നു.  അടുത്ത ദിവസങ്ങളിലായി നിങ്ങളുടെ അതേ ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ നിങ്ങളെ ബന്ധപ്പെടുമെന്ന് മോഹന്‍ ഗൗഡ നവീന്‍ കുമാറിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് പ്രവീണ്‍ എന്നയാള്‍ നവീനുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഗൗരി ലങ്കേഷിനെ കൊല്ലേണ്ടതുണ്ടെന്ന് ഇയാള്‍ നവീനിനെ അറിയിക്കുകയായിരുന്നു. മോഹന്‍ ഗൗഡയാണ് നവീന്‍ കുമാറിന്റെ ഫോണ്‍ നമ്പര്‍ പ്രവീണിന് നല്‍കിയത്. മോഹന്‍ ഗൗഡ പ്രവീണ്‍ പറയുന്നത് പോലെ ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, പോലീസ് കുറച്ചു കാലമായി തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അതിന് സാധിക്കാത്തതിനാല്‍ കള്ളക്കേസ് ഉണ്ടാക്കിയിരിക്കുകയാണെന്നും മോഹന്‍ ഗൗഡ അവകാശപ്പെട്ടു. ഇതു സംബന്ധിച്ച് ഉടന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും മോഹന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss