|    Dec 11 Tue, 2018 12:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷ് വധം: സനാതന്‍ സന്‍സ്ഥയെ പ്രതിചേര്‍ത്ത് അധിക കുറ്റപത്രം

Published : 25th November 2018 | Posted By: kasim kzm

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ തീവ്ര ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്ഥയെ പ്രതിചേര്‍ത്തുകൊണ്ട് പ്രത്യേക അന്വേഷണസംഘത്തിന്റെ അധിക കുറ്റപത്രം. വെള്ളിയാഴ്ച ബംഗളൂരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ശിവശങ്കര്‍ ബി അമരന്നവര്‍ മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അഞ്ചു വര്‍ഷത്തെ കൂടിയാലോചനയ്ക്കു ശേഷമാണ് ഗൗരിയെ വധിച്ചതെന്നു വെളിപ്പെടുത്തിയിട്ടുണ്ട്.
സംഘടനയിലെ ഒരുകൂട്ടം ആളുകള്‍ ഗൗരിയെ കൊലപാതകത്തിനു മുമ്പ് ഏറെ നാള്‍ പിന്തുടര്‍ന്നുവെന്നും 9235 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ കൊലപാതകം നടത്താന്‍ വിവിധ സ്ഥലങ്ങളില്‍ മീറ്റിങുകള്‍ സംഘടിപ്പിക്കുകയും വധം നടപ്പാക്കാന്‍ വിവിധ സ്ഥലങ്ങള്‍ തീരുമാനിക്കുകയും ചെയ്‌തെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസില്‍ തുടരന്വേഷണത്തിനുള്ള അനുവാദവും എസ്‌ഐടി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മെയിലാണ് കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍, ജേണലിസ്റ്റ് അന്തരദേവ് സെന്‍, ചമന്‍ ലാല്‍, ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല) ഹിന്ദി വിവര്‍ത്തന വിഭാഗത്തിലെ പ്രഫസര്‍, പഞ്ചാബി നാടകകൃത്ത് ആത്മജിത് സിങ്, കര്‍ണാടകത്തിലെ എട്ടുപേരെ കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 26 പേരെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായി കുറ്റപത്രത്തില്‍ പറയുന്നു.
2017 സപ്തംബര്‍ 5നാണ് മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വീടിനു മുമ്പില്‍ വെടിയേറ്റു മരിച്ചത്. ഇതുവരെ കേസില്‍ 18 പേരെയാണ് എസ്‌ഐടി പ്രതിചേര്‍ത്തിരിക്കുന്നത്. സനാതന്‍ സന്‍സ്ഥ, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവസേന സംഘടനകളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss