|    Oct 18 Thu, 2018 1:05 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗൗരി ലങ്കേഷ് വധം: രാജ്യമെങ്ങും പ്രതിഷേധം

Published : 7th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി/ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ മര്‍ദിച്ചും കൊലപ്പെടുത്തിയും സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമാണ് രാജ്യത്തു നടക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചത്. തീവ്രവാദ സ്വഭാവമുള്ള ശക്തികള്‍ക്കെതിരേ നിരന്തരം എഴുതിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും വിദഗ്ധനായ ഹിന്ദുത്വ രാഷ്ട്രീയക്കാരന്‍ ആയതിനാലാണ് മോദി വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്ത് അസഹിഷ്ണുതയുടെ ഭാഗമായി കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യം എങ്ങോട്ടാണ് പോവുന്നത് എന്നത് ആശങ്കയുളവാക്കുന്നു. ഗൗരിക്ക് നേരത്തേ തന്നെ ഭീഷണി ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. കൊലപാതകത്തിലെ ഗൂഢാലോചന തുറന്നുകാണിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു.ആംനസ്റ്റി ഇന്ത്യ, ഓള്‍ ഇന്ത്യാ വുമണ്‍സ് പ്രസ് കോര്‍പ്‌സ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളും കൊലപാതകത്തെ അപലപിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സിദ്ധരാമയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നിര്‍ദേശം നല്‍കി. കൊലപാതകം പ്രത്യേക സംഘത്തെ വച്ച് അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചു. ന്യൂഡല്‍ഹി, ബംഗളൂരു, മംഗലാപുരം, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ജയ്പൂര്‍, ചണ്ഡീഗഡ്, ഗോരക്പൂര്‍, ലഖ്‌നോ, ചെന്നൈ എന്നിവിടങ്ങളിലാണ് പ്രതിഷേധ സംഗമങ്ങള്‍ നടന്നത്. കൊലപാതകത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) ആശങ്കയറിയിച്ചു. ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ വിവിധ കൂട്ടായ്മകളും പരിപാടി നടത്തി. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ബംഗളൂരുവിലെ വസതിയില്‍ 55കാരിയായ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയത്.  കാറില്‍ വീട്ടിലെത്തിയ ഗൗരി ഗേറ്റ് തുറക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. നെറ്റിയിലും നെഞ്ചത്തുമാണ് വെടിയേറ്റത്. നെറ്റിയില്‍ ഒന്നും നെഞ്ചത്ത് രണ്ടും വെടിയുണ്ടകള്‍ ഏറ്റതായി പോലിസ് അറിയിച്ചു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ചിന്തകര്‍ക്കും ഇടതു രാഷ്ട്രീയത്തെ അനുകൂലിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും സുരക്ഷ ശക്തമാക്കാന്‍ പോലിസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചിന്തകനും സാമൂഹികപ്രവര്‍ത്തകനുമായ എം എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിന്റെ രണ്ടാം വാര്‍ഷികത്തോടടുത്താണ് ഗൗരി ലങ്കേഷിന്റെ വധം. രണ്ടു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇത് ആസൂത്രിത കുറ്റകൃത്യമാണെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കൊലപാതകസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അക്രമികളില്‍ ഒരാളുടെ മുഖം തിരിച്ചറിയാന്‍ സാധിച്ചതായും ദ്ദേഹം അറിയിച്ചു. കല്‍ബുര്‍ഗി വധത്തിനു പുറമെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലിസില്‍ നിന്ന് സംസ്ഥാന പോലിസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ചിക്മഗളൂരില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം സംബന്ധിച്ച സാമൂഹിക മാധ്യമങ്ങളിലെ കമന്റുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലിസ് അറിയിച്ചു. ഗൗരി ലങ്കേഷിന്റെ മൃതദേഹം സര്‍ക്കാര്‍ ബഹുമതികളോടെ സംസ്‌കരിച്ചു. ടി ആര്‍ മില്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss